ഡിസ്പോസിബിൾ ഉത്പന്നങ്ങൾക്ക് പ്രത്യേക ഷോറൂമുമായി ഹോട്ട് പാക്ക്

മനാമ: ഭക്ഷണ സാധനങ്ങൾ പാക്ക് ചെയ്യാനും വിളന്പാനുമുള്ള ഡിസ്പോസിബിൾ ഉത്പന്നങ്ങൾക്ക് മാത്രമായി ഒരു ഷോറൂം. ഈ രംഗത്തെ ലോക പ്രശസ്ത ബ്രാൻഡായ ഹോട്ട് പാക്ക് സിത്രയിൽ ആരംഭിച്ചു. വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കാനുള്ള ഡിസ്‌പോസിബിൾ പ്ലേറ്റുകൾ, ഗ്ലാസുകൾ മുതൽ കാറ്ററിംഗിനും പാർട്ടികൾക്കും ഉപയോഗിക്കാനുള്ള ഫുഡ് കണ്ടെയ്നറുകൾ, അലൂമിനിയം ഫോയിലുകൾ, സ്പൂൺ, ഗ്ലൗസുകൾ, ടേബിൾ മാറ്റുകൾ, കാരി ബാഗുകൾ, കാർട്ടണുകൾ, തുടങ്ങി ആയിരത്തിലേറെ ഉത്പന്നങ്ങൾ ഇവിടെ ലഭ്യമാണ്. സിത്ര ഇൻഡസ്ട്രിയൽ ഏരിയക്ക് സമീപം അൽ ബയാൻ ക്ലിനിക്കിന്റെ സമീപമാണ് പുതിയ ഷോറൂം ആരംഭിച്ചിരിക്കുന്നത്.
യുണൈറ്റഡ് എന്റർപ്രൈസസ് ചെയർമാൻ അബ്ദുൽ അലി അൽ ആലിയാണ് ഷോറൂമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഹോട്ട് പാക്ക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അബ്ദുൽ ജബ്ബാർ, ഗ്രൂപ്പ് ജനറൽ മാനേജർ പിബി സൈനുദ്ദീൻ, ഗ്രൂപ്പ് ടെക്നിക്കൽ ഡയറക്ടർ പിബി അൻവർ, ബ്രാഞ്ച് മാനേജർ വി.ബി ബഷീർ, സെയിൽസ് മാനേജർ രതീഷ് പിള്ള എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
20 വർഷങ്ങൾക്ക് മുന്പ് യു.എ.ഇയിൽ തുടക്കമിട്ട ഹോട്ട് പാക്ക് ഇന്ന് ഈ രംഗത്ത് ലോകത്തെ തന്നെ മുൻനിര ബ്രാൻഡുകളിലൊന്നാണ്. ദുബൈ ഇൻവെസ്റ്റ്‌മെന്റ് പാർക്കിലെ വിപുലമായ കേന്ദ്രീകൃത ഉൽപാദനവിതരണ സംവിധാനത്തിനു പുറമെ ഷാർജ, അബൂദാബി, റാസൽ ഖൈമ, ഉമ്മുൽ ഖുവൈൻ, ഫുജൈറ, അൽഐൻ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ എവിടങ്ങളിലും മറ്റ് ഗൾഫ്, ആഫ്രിക്കൻ, സി.ഐ.എസ് രാജ്യങ്ങളിലും വിതരണ സംവിധാനങ്ങളും നിരവധി ഫാക്ടറികളും ഹോട്ട്പാക്കിന് നിലവിലുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലും ഉത്പന്നങ്ങൾ ലഭ്യമാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ഹോട്ട്പാക്ക് അധികൃതർ അറിയിച്ചു.