സ്ത്രീകൾ സുരക്ഷിതരല്ല : പ്രവാസി വനിതകൾ

ഇന്നലെ ലോകവനിതാദിനമായി ആചരിച്ചു. പ്രതികരിക്കാതെ എന്തും സഹിക്കുന്ന പ്രതീകങ്ങളായിരുന്ന സ്ത്രീ സമൂഹത്തിൽ നിന്നും മാറി അവകാശങ്ങൾക്കും അനീതിക്കുമെതിരെ ശബ്ദിക്കാൻ തുടങ്ങിയ ഒരു ജനസമൂഹമായി സ്ത്രീകളും മാറി തുടങ്ങി. ഉയിർത്തെഴുന്നേൽപ്പിന്റെ സ്ത്രീശബ്ദം ഉയരുന്നത് ശുഭപ്രതീക്ഷ തന്നെയാണ്. അത്തരം പ്രതീക്ഷകൾക്കൊപ്പം സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ ഉൾക്കൊള്ളാൻ പൊതുസമൂഹവും തയ്യാറാകേണ്ടിയിരിക്കുന്നു. പ്രവാസ ലോകത്തെ സ്ത്രീകൾ നാട്ടിലുള്ളവരിൽ നിന്നും വ്യത്യസ്തമായി പലതും പഠിക്കുന്നു. സ്ത്രീകൾ എന്നത് പുരുഷനോടൊപ്പം ദാന്പത്യ ബന്ധം നിലനിർത്തുകയും കുട്ടികളെ വളർത്തുകയും ചെയ്യുക എന്നതിലുപരി ഭാവി കാര്യങ്ങളിൽ, പ്രത്യേകിച്ച് സന്പാദ്യത്തിന്റെ കാര്യത്തിലായാലും കുട്ടികളുടെ ഭാവി കാര്യത്തിലായാലും കൃത്യമായ ഇടപെടൽ നടത്തുവാൻ അവരും പ്രാപ്തരാണ്. ഗൾഫിലെ ജീവിതരീതികളും സമൂഹത്തിൽ ഭയമില്ലാതെ നടക്കാനുള്ള സ്വാതന്ത്ര്യവും അവർക്കു പലതും ചെയ്യാനുള്ള സാഹചര്യവും ഉണ്ടാകുന്നു. തിരക്ക് പിടിച്ച പ്രവാസ ജീവിതത്തിൽ പ്രവാസ ലോകത്തെ വിവിധ മേഖലകളിൽ നിന്നുള്ള വനിതകൾ ഈ വനിതാ ദിനത്തെ എങ്ങിനെ കാണുന്നു എന്ന് അവരുടെ അഭിപ്രായങ്ങളിലൂടെ...
ശ്രീകലാ രാജശേഖരൻ പിള്ള
(പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് രാജശേഖരൻ പിള്ളയുടെ പത്നി)
സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്ന ഈ കാലഘട്ടത്തിൽ സ്ത്രീകളുടെ സുരക്ഷ സ്ത്രീകളുടെ കൈയ്യിൽ തന്നെ എന്ന കാര്യമാണ് ഈ വനിതാ ദിനത്തിൽ എനിക്ക് പറയാനുള്ളത്. ഒരു നല്ല സമൂഹത്തിന്റെ രൂപീകരണത്തിൽ പുരുഷന്മാരേക്കാൾ പങ്ക് സ്ത്രീകൾക്ക് തന്നെയാണ്. അമ്മമാർ മക്കളെ നന്മയുള്ളവരായി വളർത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അങ്ങനെ ചെയ്‌താൽ തന്നെ ഒരു സമൂഹം തനിയെ ഉണ്ടാകും. മകൾ, സഹോദരി, ഭാര്യ, അമ്മ, ഇവരെല്ലാം ഒരു സ്ത്രീയുടെ പല ഘട്ടങ്ങളാണ്. എല്ലാം ഭൂമിയിലെ സുന്ദരങ്ങളായ അനുഭവങ്ങളാണ്. ഒരു സ്ത്രീ ആയി ജനിച്ചതിൽ തീർച്ചയായും അഭിമാനിക്കുന്നതോടൊപ്പം തന്നെ അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ എല്ലാവർക്കും ആശംസകളും നേരുന്നു.
ശ്രുതി പ്രേംകുമാർ
(വിദ്യാർഥിനി)
വനിതാ ദിനം കടന്നു വരുന്പോഴും വനിതകൾ എല്ലായിടത്തും സുരക്ഷിതരല്ല എന്ന് പറയാൻ കഴിയില്ല. പ്രത്യേകിച്ചു ഞാൻ പഠിച്ചു വളർന്ന ബഹ്റിനെപ്പോലുള്ള രാജ്യത്തു തീർച്ചയായും സ്ത്രീകൾ സുരക്ഷിതരാണ്. ഏതു പാതിരാത്രിയിലും ഒരു സ്ത്രീക്ക് സ്വന്തം വീട്ടിലേയ്ക്കു ധൈര്യപൂർവ്വം വാഹനമോടിച്ചോ അല്ലാതെയോ വരാം. തുറിച്ചു നോട്ടങ്ങളില്ല, കമന്റുകൾ ഇല്ല. എന്നാൽ ഞാൻ ജനിച്ച മണ്ണിൽ, എന്റെ ജന്മനാട്ടിൽ ഇപ്പോഴും കേൾക്കുന്നത് സ്ത്രീകൾക്കെതിരായ ആക്രമങ്ങളും ലൈംഗിക പീഡനക്കഥകളും. അത് എന്തുകൊണ്ടാണെന്ന് സാധാരണ ബോധമുള്ള ആർക്കും ചിന്തിച്ചാൽ കിട്ടുന്ന ഉത്തരം കർക്കശമായ നിയമങ്ങളുടെ അഭാവമെന്നതാണ്. പിന്നീട് സംസ്കാരം. അത് ഓരോരുത്തരിലും ജന്മനാ ഉണ്ടാകുന്നതാണ്.
വിഷ്ണുപ്രിയ
(ബഹ്റിനിൽ നിന്നുള്ള ചലച്ചിത്ര താരം)
എല്ലാവർക്കും വനിതാദിന ആശംസകൾ നേരുന്നു. വെറും ഒരു വാട്ട്സ്ആപ് സന്ദേശത്തിലോ ഫെയ്‌സ് ബുക്ക് ആശംസയിലോ ഒതുക്കി ഈ ദിനത്തെ മാറ്റരുത്. പുരുഷ മേധാവിത്വം ഇപ്പോഴും തുടരുന്ന സാഹചര്യമാണുള്ളത്. സ്ത്രീകൾക്ക് എല്ലാ സ്വാതന്ത്ര്യവും ഉണ്ടെന്നു പറയുന്പോഴും ലോകത്തെന്പാടും സ്ത്രീകൾ ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയും പീഡനത്തിന് ഇരയാവുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ സ്ത്രീകൾക്കെതിരായുള്ള ആക്രമങ്ങളിൽ ശിക്ഷ നടപ്പിലാക്കുന്നതിനുള്ള നിയമങ്ങൾ കുറച്ചു കൂടി കർക്കശമാക്കുകയും അതിനുവേണ്ടി നിയമ നിർമ്മാണം നടത്തുകയും വേണം.
അഞ്ജു മിനേഷ്
(സൈക്കോളജിസ്റ്റ്)
സ്ത്രീകൾ മാത്രമല്ല പിഞ്ചു കുഞ്ഞുങ്ങൾ പോലും സുരക്ഷിതരല്ല എന്ന ഭയപ്പെടുത്തുന്ന അവസ്ഥയാണിപ്പോൾ. നിയമത്തിന്റെ കെട്ടുറപ്പില്ലായ്മയെ പറ്റിയൊക്കെ ചർച്ച ചെയ്യുന്പോൾ പോലും നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ പറ്റി നാം മറന്നു പോകുന്നു. ബോധവത്കരണം എന്ന ഒറ്റവാക്കിൽ ഒതുക്കി നിർത്തുന്നതിനപ്പുറം ചെയ്യാവുന്ന ഒത്തിരി കാര്യങ്ങൾ. ‘ഗുഡ് ടച്ച് ബാഡ് ടച്’ ‘പേഴ്സണൽ സ്പെയ്സ്’ ഒക്കെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്ന പാശ്ചാത്യരെ നാം കണ്ടു പഠിക്കേണ്ടതുണ്ട്. എന്ത് മോശം അനുഭവം ഉണ്ടായാലും അത് തങ്ങളെ അറിയിക്കാനുള്ള ധൈര്യം കുഞ്ഞുങ്ങൾക്ക് നൽകേണ്ടതിനെ പറ്റിയുള്ള കരുതൽ രക്ഷിതാക്കൾക്കും ഉണ്ടാകണം.
ആബിദ അബ്ദുള്ള
(എഴുത്തുകാരി, വീട്ടമ്മ)
പൊതു സമൂഹത്തിൽ മാത്രമല്ല വീടിന്റെ നാല് ചുവരുകൾക്കിടയിലും സ്ത്രീ ഭയന്ന് കഴിയേണ്ടി വരുന്ന ഈ സാഹചര്യത്തിൽ സ്ത്രീക്ക് സുരക്ഷ ഒരുക്കാൻ സമൂഹം തന്നെ മുന്നിട്ടിറങ്ങണം.
സുജ
(ഉദ്യോഗസ്ഥ)
സ്ത്രീ സുരക്ഷിതയല്ലെന്ന് ഒരു വനിതാ ദിനത്തിൽ മാത്രം കൊട്ടി ഘോഷിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. മാധ്യമങ്ങളും അങ്ങിനെ തന്നെ ചെയ്യുന്നു. എന്നാൽ സ്ത്രീകൾ ഇപ്പോൾ ഒരു നിമിഷം പോലും സുരക്ഷിതയല്ല.
ഷേർളി സോമൻ
(പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് സോമൻ ബേബിയുടെ പത്നി)
കുടുംബത്തിന്റെ വിളക്ക് സ്ത്രീ തന്നെയെന്ന കാര്യത്തിൽ സംശയമില്ല. ഇന്ദിരാഗാന്ധി, മാർഗനറ്റ് താച്ചർ തുടങ്ങിയവരുടെ കാലഘട്ടത്തിലൊക്കെ ജീവിച്ചിരുന്നതിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ സ്ത്രീകൾ ഭയത്തോടും ആക്രമ ഭീതിയോടെയും മാത്രം പുറത്തിറങ്ങേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ദൈവതുല്യരായി, എല്ലാവർക്കും വഴികാട്ടികളായി നടക്കേണ്ടുന്ന പുരോഹിതന്മാർ തന്നെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടത്തുന്ന പീഡന വാർത്തകൾ കേട്ട് തലകുനിക്കേണ്ടി വരുന്നു. സ്ത്രീകളുടെ കൂട്ടായ്മകൾ തന്നെ ഉണ്ടാക്കിയെടുക്കുകയും ഭരണതലത്തിൽ അടക്കം ശക്തമായ ഇടപെടലുകൾ നടത്തി കുടുംബത്തിന്റെ നട്ടെല്ലാകേണ്ടുന്ന സ്ത്രീകളെ വാർത്തെടുക്കാനുള്ള പരിരക്ഷയും പിന്തുണയും ഉറപ്പാക്കണം. കുടുംബനാഥന്റെ തിരക്ക് പിടിച്ച മേഖലയിൽ പിന്തുണ കൊടുത്ത് കൊണ്ട് എല്ലാറ്റിലും ഭാഗഭാക്കാവുക എന്നത് തന്നെയാണ് കുടുംബിനി എന്ന നിലയിൽ സ്ത്രീകൾ ചെയ്യേണ്ടത്.