നിരവധി മോഷണ കേസുകളിലെ പ്രതി മരിച്ചനിലയിൽ

തളിപ്പറന്പ്: നിരവധി മോഷണ കേസുകളിലെ പ്രതിയെ സർക്കാർ ഓഫീസിനു സമീപം മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശി ജോസഫ് (69) ആണ് തളിപ്പറന്പ് വില്ലേജ് ഓഫീസിനു സമീപത്തെ റെയിൽവേ റിസർവേഷൻ കൗണ്ടറിന്‍റെ പിന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടത്. നിരവധി മോഷണക്കേസുകളിലെ പ്രതിയായ ഇയാൾ മൂന്നുവർഷം മുന്പാണ് ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. തുടർന്ന് വില്ലേജ് ഓഫീസിന്‍റെ വരാന്തയിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. റെയിൽവേ റിസർവേഷൻ കൗണ്ടറിന്‍റെ പിന്നിൽ മാലിന്യങ്ങൾ കൂട്ടിയിട്ട സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു. തളിപ്പറന്പ് പോലീസ് സ്ഥലത്തെത്തി. ഭവനഭേദനമടക്കം നിരവധി കവർച്ചാകേസുകളിലെ പ്രതിയാണ് ഇയാൾ.