'പ്രവാസികളിൽ ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണ നിരക്ക് വർധിക്കാനുള്ള കാരണം'

മനാമ : ഹൃദയാഘാതം മൂലമുള്ള മരണം ഉറക്കക്കുറവ് കാരണമാകാമെന്ന് മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്ററിലെ ഡോക്ടർ സുജിത്ത് ലാൽ പറഞ്ഞു. പ്രവാസികളിൽ ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണ നിരക്ക് വർദ്ധിക്കുന്നതിനെപ്പറ്റി കഴിഞ്ഞ ദിവസം ഫോർ പി.എം ന്യൂസ് പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഊർജ്ജസ്വലരായവരും യാതൊരുവിധ ദുശീലങ്ങൾ ഇല്ലാത്തവരും പലപ്പോഴും മരിക്കുന്നത് ഉറക്കക്കുറവ് കാരണമാകാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ദിവസേന കുറഞ്ഞത് 6 മണിക്കൂർ നേരമെങ്കിലും കൃത്യമായ ഉറക്കം ലഭിക്കാത്തവരിൽ കൃത്യമായി ഉറങ്ങുന്നവരെക്കാളും ഹൃദയാഘാതം ഉണ്ടാകാനുള്ള രക്തസമ്മർദ്ദത്തിന്റെ സാധ്യത 350 ശതമാനം മുതൽ 500 ശതമാനം വരെയാകും. 25 വയസ്സ് മുതൽ 49 വയസ്സുവരെ പ്രായമുള്ളവരിൽ ഇത് വളരെ അധികമാണ്. സാധാരണ ഉറങ്ങുന്നവരേക്കാൾ ഉറക്കം ലഭിക്കാത്തവർക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത മൂന്ന് മടങ്ങ് അധികമാണ്. ഉറക്കം കൃത്യമായി ലഭിക്കാത്തവരിൽ ബ്ലഡ് കോൺസൻട്രേഷൻ സി റിയാക്ടീവ് പ്രോട്ടീൻ (hs-cRP) വർദ്ധിക്കുകയും അത് ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യും. ഒരു ദിവസത്തെ ഉറക്കം നഷ്ടപ്പെട്ടാൽ ടോക്സിക് പദാർത്ഥങ്ങളായ Tumour Necrosis Factor-Alpha (TNF-alpha) and C-reactive protein (cRP) എന്നിവ ഉൽപ്പാദിപ്പിക്കപ്പെടും. ഇത് ക്യാൻസർ, വാതം, ഹൃദയരോഗം തുടങ്ങിയവയ്ക്കും കാരണമാകുന്നു. അധികം അദ്ധ്വാനിക്കുന്നവർക്കും ഓട്ടം, മറ്റ് സ്പോർട്ട്സ് പോലുള്ള കായിക പരിപാടികളിൽ സംബന്ധിക്കുന്നവർക്കും സാധാരണക്കാരേക്കാൾ ഒരു മണിക്കൂർ ഉറക്കം അത്യാവശ്യമാണെന്നും ഡോക്ടർ പറഞ്ഞു. അത് കൊണ്ട് രാത്രിയിലെ ഉറക്കം നഷ്ടപ്പെടുത്താതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ഡോക്ടർ പറഞ്ഞു.