തനി­ച്ച് യാ­ത്ര ചെ­യ്യു­ന്ന സ്ത്രീ­കളെ­ മാ­നസി­കമാ­യി­ പീ­ഡി­പ്പി­ക്കു­ന്നതായി പരാതി


രാജീവ് വെള്ളിക്കോത്ത് 

മനാമ : കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേയ്ക്ക് തനിയെ യാത്ര ചെയ്യുന്ന സ്ത്രീകളെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുന്നതായി പരാതി. യാത്രാ രേഖകൾ മുഴുവൻ കൈയ്യിലുണ്ടെങ്കിലും അനാവശ്യ കാരണങ്ങൾ പറഞ്ഞ് മാറ്റി നിർത്തുക, യാത്രയുടെ കാരണങ്ങൾ ചോദിച്ച് തടഞ്ഞുവെയ്ക്കുക തുടങ്ങിയ പീഡനങ്ങളാണ് ഇവർ നടത്തുന്നത്. 

ബിസിനസ് സംബന്ധിച്ച യാത്രയ്ക്കായി ഇന്ന് പുലർച്ചെ ബഹ്റിനിലേയ്ക്ക് പുറപ്പെട്ട യുവതിയെ കൊച്ചി വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥ പല കാരണങ്ങളും പറഞ്ഞ് വിരട്ടിയതായി യാത്രക്കാരി പരാതിപ്പെട്ടു. ബഹ്റിനിലെ തന്റെ പരിചയക്കാരനായ ഒരാളുടെ ബിസിനസ് വിസയിൽ ആണ് അവർ ഇവിടേയ്ക്ക് വരുന്നതിനായി കൊച്ചി വിമാനത്താവളത്തിൽ എത്തിയത്. ഗൾഫ് എയർ കൗണ്ടറിൽ എത്തിയ യുവതിയുടെ വിസ സന്ദേശം പരിശോധിച്ച് ഉറപ്പ് വരുത്തി ബോർഡിംഗ് പാസ് നൽകിയിരുന്നു. അതിന് ശേഷം എമിഗ്രേഷനിൽ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥയുടെ ചോദ്യം ചെയ്യൽ നടന്നത്. വിസ നൽകിയ കന്പനിയുടെ പേര് വിവരങ്ങളും യാത്രയുടെ കാരണവും പറഞ്ഞുവെങ്കിലും ഇങ്ങനെ ഒരു വിസ ഇല്ലെന്നും ബഹ്റിനിലെ വിസ ഇതല്ലെന്നുമുള്ള നിലപാടിലായിരുന്നു ഉദ്യോഗസ്ഥ. ഇതിന് മുൻപ് ഇതേ രീതിയിൽ ബിസിനസ് വിസയിൽ യാത്ര ചെയ്ത കാര്യം ഉദ്യോഗസ്ഥയോട് സൂചിപ്പിച്ചെങ്കിലും അവർ വഴങ്ങാൻ കൂട്ടാക്കിയില്ല. 

സമാനമായ രീതിയിൽ നിരവധി പേരെ ഇത്തരത്തിൽ അവിടെ ചോദ്യം ചെയ്യുകയുണ്ടായെന്ന് ഒരു യാത്രക്കാരനും ഫോർ പി.എം ന്യൂസിനോട് പറഞ്ഞു. പെൺകുട്ടിക്ക് വേണ്ടി പക്ഷം പിടിക്കാൻ ചെന്ന തന്നോടും ഉദ്യോഗസ്ഥർ ക്ഷോഭിച്ചതായി അദ്ദേഹം പറഞ്ഞു. സാധാരണ ഗതിയിൽ വിസ സന്ദേശം ഉണ്ടെങ്കിൽ വിമാനത്താവളത്തിൽ നിന്ന് കയറ്റി വിടുന്നതിന് യാതൊരുവിധ തടസ്സവും ഇല്ലെന്നാണ് ഇത് സംബന്ധിച്ച് അന്വേഷിച്ചപ്പോൾ ഒരു ഉദ്യോഗസ്ഥൻ ഫോർ പി.എം ന്യൂസിനോട് പറഞ്ഞത്. യാത്രക്കാരുടെ കൈയ്യിൽ ഉള്ളത് വിസയുടെ കോപ്പി ആണെങ്കിൽ പോലും ഇന്ത്യയിൽനിന്ന് വരുന്നതിന് നിയമ തടസ്സമില്ല. ഏത് രാജ്യത്തേക്കാണോ യാത്ര ചെയുന്നത്, അവിടെ ഒറിജിനൽ വിസ ഉണ്ടായിരിക്കണമെന്ന് മാത്രമാണ് നിയമം. 

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പല ഏജൻസികളും പ്രവർത്തിക്കുന്നത് കൊണ്ട് യാത്ര ചെയ്യുന്നവരുടെ രേഖകൾ കൃത്യമായി പരിശോധിക്കാനുള്ള നിർദ്ദേശത്തിന്റെ ബലത്തിലാണ് അവിടുത്തെ ഉദ്യോഗസ്ഥർ ഇത്തരം ചോദ്യം ചെയ്യൽ നടത്തുന്നത്. അതേസമയം, അനധികൃത മനുഷ്യക്കടത്തുകാർ ഇന്ത്യയിലെ പല വിമാനത്താവളങ്ങൾ വഴിയും അനധികൃത റിക്രൂട്ട്മെന്റ് നിർബാധം നടത്തുകയും ചെയ്യുന്നുമുണ്ട്. ടൈലറിംഗ്, ബ്യൂട്ടീഷ്യൻ വിസകൾ സ്ത്രീകൾക്ക് സംഘടിപ്പിച്ച് കൊടുത്താണ് വീട്ട് വേലയ്ക്ക് വേണ്ടി ഏജൻസികൾ സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നത്. ഇവരെ തടയുവാനോ അനധികൃത ഏജൻസികളെ പരിശോധിക്കുന്നതിനോ യാതൊരുവിധ നിയന്ത്രണവും ഇല്ലാത്ത ഘട്ടത്തിലാണ് എല്ലാവിധ യാത്രാരേഖയുമായി എത്തുന്ന യാത്രക്കാർക്കെതിരെയുള്ള ഈ ഉദ്യോഗസ്ഥരുടെ പീഡനം. 

കരിപ്പൂരിൽ‍ എത്തുന്ന യാത്രക്കാരോടുള്ള എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ ചൂഷണങ്ങളും തുടർ‍ക്കഥയാണ്. തനിച്ച്‌ വരുന്ന സ്ത്രീ യാത്രക്കാരെ തിരഞ്ഞുപിടിച്ചാണ് കൂടുതൽ ചൂഷണവും നടക്കുന്നത്. യാത്രികരുടെ സാധനങ്ങളും പണവും മറ്റും നഷ്ടപ്പെട്ട പരാതികൾ ഒട്ടനവധിയാണ്.

സമയക്കുറവ് നിമിത്തം പരാതി പറയാൻ‍ കൂട്ടാക്കാതെ ഭൂരിഭാഗം യാത്രക്കാരും പിൻ‍വാങ്ങുന്നതാണ് എയർ‍പോർട്ടിലെ ഇത്തരത്തിലുള്ള റാഗിങ്ങുകളും, ചൂഷണവും, മാനസിക പീഡനവും പിടിച്ചുപറിയും കൊള്ളയും വർ‍ദ്ധിക്കാനുള്ള കാരണമായി ഈ യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed