തീവ്രവാദക്കേസിലെ പ്രതികളുടെ പൗരത്വം റദ്ദാക്കി


മനാമ : രാജ്യത്ത് തീവ്രവാദ സംഘം രൂപീകരിക്കുകയും, ഇറാന് വേണ്ടി ചാരപ്പണി നടത്തുകയും ചെയ്ത കേസിൽ പ്രതികളായ എട്ടുപേരുടെ ബഹ്‌റിൻ പൗരത്വം റദ്ദാക്കി. ഇവരിൽ ആറു പ്രതികൾക്ക് ജീവപര്യന്തവും, ഏഴാമത്തെയും എട്ടാമത്തെയും പ്രതികൾക്ക് 15 വർഷത്തെ ജയിൽവാസവുമാണ് ഹൈ ക്രിമിനൽ കോടതി വിധിച്ചിരുന്നത്. പിന്നീട് ആറാമത്തെ പ്രതിയുടെ ജീവപര്യന്തം 15 വർഷം തടവായി കുറച്ചുകൊണ്ട് സുപ്രീം അപ്പീൽസ് കോടതി ഉത്തരവിറക്കുകയായിരുന്നു. മറ്റുള്ള പ്രതികളുടെ ശിക്ഷ അപ്പീൽസ് കോടതി ശരിവെക്കുകയും ചെയ്തിരുന്നു.

രാജ്യത്ത് തീവ്രവാദ സംഘം രൂപീകരിക്കുകയും, ഇറാനിൽ നിന്നും ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ബഹ്‌റിനിലേക്ക് എത്തിക്കുകയും ചെയ്ത കേസിലാണ് ഇവരെ പിടികൂടിയത്. 2011ലെ ലഹളയ്ക്ക് ശേഷമാണ് ഇവർ രാജ്യത്തിനും ഭരണകൂടത്തിനും എതിരെ പ്രവർത്തിക്കാൻ തുടങ്ങിയത്.

പ്രതികളിൽ രണ്ടുപേർ ഇറാനിൽ അഭയാർഥികളായി പാർക്കുന്നവരാണ്. ഇവരാണ് ബഹ്‌റിനിലുള്ള യുവാക്കളെ ആയുധങ്ങൾ ഉപയോഗിക്കാൻ പരിശീലിക്കാനും, സ്ഫോടകവസ്തുക്കൾ കടൽ മാർഗം എത്തിക്കാനും പ്രോത്സാഹിപ്പിച്ചിരുന്നത്. ഇതേ തുടർന്നാണ് മറ്റുള്ള പ്രതികളിൽ ചിലർ ഇറാനിലേക്ക് യാത്ര ചെയ്യുകയും, ഇവിടെ ആയുധപരിശീലനം നേടുകയും ചെയ്തിരുന്നത്. ഇവർക്കുള്ള യാത്ര ചെലവും മറ്റും ഇറാനിലുള്ള പ്രതികളാണ് വഹിച്ചിരുന്നത്. ആയുധപരിശീലനത്തിന് പുറമെ നീന്തലും ഡൈവിംഗും ഇവരെ പരിശീലിപ്പിച്ചിരുന്നു.

ബോംബ് നിർമ്മാണവും സംഘം നടത്തിവന്നിരുന്നു. ഇറാനിലേക്ക് സ്ഫോടകവസ്തുക്കൾ കടത്തുന്നതിനിടെയാണ് സംഘത്തിലെ ചിലരെ പിടികൂടിയത്.

You might also like

Most Viewed