പ്രവാ­സി­കൾ­ക്കി­ടയിൽ സ്വയം ചി­കി­ത്സ വർ­ദ്ധി­ക്കു­ന്നു­


മനാമ : ഹ്‌റിനിലെ ഗവൺമെന്റ് ആശുപത്രികളിലും, ഹെൽത്ത് കെയർ സെന്ററുകളിലും പ്രവാസികൾക്കുള്ള മെഡിക്കൽ ഫീസ് വർദ്ധിപ്പിച്ചതിനെ തുടർന്ന് രോഗങ്ങൾക്ക് സ്വയം ചികിത്സിക്കുന്ന പ്രവണത പ്രവാസികൾക്കിടയിൽ വർദ്ധിച്ചു വരുന്നതായി സാമൂഹ്യപ്രവർത്തകർ പറയുന്നു. അടുത്തിടെയാണ് പ്രവാസികൾക്കുള്ള അടിസ്ഥാന ഫീസ് 3 ദിനാറിൽ നിന്ന് 7 ദിനറായി ഉയർത്തിയത്. ചിലരുടെയെങ്കിലും വാർഷിക ഫീസ് തൊഴിലുടമകൾ നേരത്തെ അടച്ചിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ തൊഴിലുടമകൾ ഫീസ് അടച്ചിട്ടില്ലാത്തവർക്ക് ഫീസ് വർദ്ധന വൻ ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. കൂടാതെ മരുന്നുകൾ സ്വകാര്യ ഫാർമസികളിൽ നിന്ന് വാങ്ങണമെന്നതും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നു.

ചികിത്സയ്ക്കായി നൽകേണ്ടി വരുന്ന ഈ ഉയർന്ന ഫീസ് താഴെ തട്ടിലുള്ള തൊഴിലാളികളായ പ്രവാസികൾക്ക് ഭാരമാകുകയാണ്. തന്റെ ജീവിത ചിലവുകൾക്കൊപ്പം ഈ ഫീസ് താങ്ങാനാകാത്തതിനാൽ സ്വയം മരുന്നുകൾ പരീക്ഷിച്ച് സ്വന്തം ജീവൻ തന്നെ അപകടത്തിലാക്കുകയാണ് ഇത്തരക്കാർ ചെയ്യുന്നത്. മാത്രമല്ല ഫാർമസിസ്റ്റുകളിൽ പലരും മരുന്ന് നൽകുന്നതിന് പുറമെ വിദഗ്ദോപദേശവും നൽകുന്നുണ്ട്. ഇത് കാരണം ചിലവ് ചുരുക്കാനായി പലരും ആശുപത്രിയിലെ ഡോക്ടർമാരെ സമീപിക്കാതെയിരിക്കുകയാണ്.

എൻ.എച്ച്.ആർ.എയുടെ ഏറ്റവും പുതിയ സർക്കുലർ അനുസരിച്ച് ഡോക്ടർമാരുടെ കുറിപ്പുണ്ടെങ്കിൽ മാത്രമേ ഫാർമസികൾ മരുന്നുകൾ നല്കാൻ പാടുള്ളു. പ്രത്യേകിച്ചും ആൽക്കഹോൾ അംശം അടങ്ങിയിട്ടുള്ള മരുന്നുകൾ. കൂടാതെ ഡോക്ടറുടെ കുറിപ്പുകളുടെ ഒരു പകർപ്പ് ഫാർമസിയിൽ സൂക്ഷിക്കുവാനും, എൻ.എച്ച്.ആർ.എ അധികൃതർ പരിശോധനയ്‌ക്കെത്തുന്പോൾ അത് ഹാജരാക്കാനും ഫാർമസികൾക്ക് ബാധ്യതയുണ്ട്. ഇതിന് വിപരീതമായി പ്രവർത്തിക്കുന്നവർക്കെതിരെ എൻ.എച്ച്.ആർ.എയ്ക്ക് നടപടിയെടുക്കുകയും ചെയ്യാമെന്ന് എൻ.എച്ച്.ആർ.എ, സി.ഇ.ഒ ഡോ. മറിയം അൽ ജലഹ്‌മ പറഞ്ഞു.

രാജ്യത്തെ നിരവധി ഫാർമസികൾ രോഗിയെ പരിശോധിച്ച് മരുന്ന് നൽകി വരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പലപ്പോഴും പനിയും മറ്റുമായി വരുന്നവർക്ക് നൽകുന്നത് വേദനസംഹാരികളും, ആന്റിബയോട്ടിക്കുകളുമാണ്. യാതൊരു വിദഗ്ധ നിർദ്ദേശവുമില്ലാതെയാണ് ഇത്തരം പ്രവർത്തനങ്ങൾ. 

പല ആന്റിബയോട്ടിക്കുകളും കഴിക്കുന്നതിന് ചില നിഷ്ഠകളുണ്ട്. ഒരു ദിവസം മാത്രം കഴിക്കേണ്ടവയും, മൂന്ന് ദിവസം കഴിക്കേണ്ടവയുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെയാണ് പലപ്പോഴും ഫാർമസികൾ മരുന്നുകൾ നൽകുന്നത്. ഇവർക്ക് ഇതിന്റെ അപകടത്തെ കുറിച്ച് വേണ്ടത്ര അവബോധമില്ലെന്ന് ഇന്റർകോൾ ഗ്രൂപ്പ് ജനറൽ മെഡിസിൻസ് ഫാർമ മാനേജർ സയ്ദ് മെഹർ അഭിപ്രായപ്പെട്ടു. 

കഠിനമായ തലവേദനയും മറ്റു വേദനയുമായി നിരവധി രോഗികൾ ഫാർമസികൾ സമീപിക്കുകയും സിപ്രോഫ്ലോക്സേഷൻ, ഡെക്സ്ട്രോമെത്തോർഫൺ, വേദനസംഹാരികൾ, കഫ്‌സിറപ്പുകൾ തുടങ്ങിയവ ആവശ്യപ്പെടുകയും ചെയ്യും. ഇവരുമായി നിലനിൽക്കുന്ന ബന്ധം കണക്കിലെടുത്ത് പലപ്പോഴും ഫാർമസിസ്റ്റുകൾക്ക് മരുന്നുകൾ നൽകേണ്ടതായി വരികയാണ്. എന്നാൽ കൃത്യമായ രീതിയിലല്ല മരുന്ന് കഴിക്കുന്നതെങ്കിൽ അത് ശരീരത്തിന് ദോഷമേ ഉണ്ടാകുകയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

കണക്കുകൾ പ്രകാരം 2015 മുതൽ കഴിഞ്ഞ ഡിസംബർ വരെ 130 പരാതികളാണ് എൻ. എച്ച്.ആർ.എയ്ക്ക് ലഭിച്ചിട്ടുള്ളത്. സ്വകാര്യ ക്ലിനിക്കുകളിലും, മെഡിക്കൽ സെന്ററുകളിലും, ആശുപത്രികളിലും, ലാബുകളിലുമായി 265ഓളം പരിശോധനകളും എൻ.എച്ച്.ആർ.എ ഈ കാലയളവിൽ നടത്തിയിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed