കസ്റ്റംസ് സ്‌ട്രാറ്റജി 2017−2020 ഉദ്‌ഘാടനം ചെയ്തു

മനാമ : കസ്റ്റംസ് സ്‌ട്രാറ്റജി 2017−2020 ഇന്റർനാഷണൽ കസ്റ്റംസ് ദിനമായ ഇന്നലെ ആഭ്യന്തര വകുപ്പ് മന്ത്രി ലഫ്‌റ്റനന്റ് ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ ഉദ്‌ഘാടനം ചെയ്തു. ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി, ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ഓഫ് നാഷണാലിറ്റി, പാസ്പോർട്ട് ആന്റ് റെസിഡൻസ് അഫയേഴ്‌സ്, ചീഫ് ഓഫ് പബ്ലിക് സെക്യൂരിറ്റി, ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
‘എക്കണോമിക് വിഷൻ ഓഫ് ബഹ്‌റിൻ, 2030’, ഗവൺമെന്റിന്റെ ആക്ഷൻ പ്ലാൻ, വേൾഡ് കസ്റ്റംസ് ഓർഗനൈസേഷന്റെ വരും വർഷണങ്ങളിലേയ്ക്കുള്ള പദ്ധതികൾ എന്നിവയുടെ ലക്ഷ്യങ്ങളിലേയ്ക്കുള്ള ചുവടു െവയ്പ്പ് കൂടിയാണ് പുതിയ പദ്ധതി.
ശാസ്ത്രീയവും, പ്രായോഗികവുമായ തലങ്ങൾ കണക്കിലെടുത്തുകൊണ്ടുള്ള നിരവധി പഠനങ്ങൾക്ക് ശേഷമാണ് ഇത്തരത്തിലൊരു പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. ഇതിനു വേണ്ടി പ്രയത്നിക്കുകയും, രാജ്യത്തിന്റെ സാന്പത്തിക വളർച്ചയിലും കച്ചവടം വർദ്ധിപ്പിക്കുന്നതിലും വലിയ പങ്ക് വഹിച്ച കസ്റ്റംസ് അഫയേഴ്‌സിന് ആഭ്യന്തരമന്ത്രാലയം നന്ദി അറിയിച്ചു.
കസ്റ്റംസ് പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാക്കാനായുള്ള പ്രവർത്തനങ്ങൾ കൊണ്ടുവരണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരോട് ആഭ്യന്തര മന്ത്രി നിർദ്ദേശിച്ചു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കസ്റ്റംസ് വികസനം നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ഈ മേഖലയിൽ വലിയൊരു അടിത്തറ പാകുന്ന ഈ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചവരോടുള്ള നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കഴിവും, സേവനങ്ങളുടെ ഗുണമേന്മയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്നിരിക്കുന്ന പദ്ധതിയ്ക്ക് മന്ത്രാലയം നൽകിയ പിന്തുണ എടുത്തു പറയേണ്ടതാണെന്ന് കസ്റ്റംസ് പ്രസിഡണ്ട് ഷെയ്ഖ് അഹ്‌മദ് ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. എല്ലാ കസ്റ്റംസ് ഡിപ്പാർട്മെന്റുകളും കൂടിചേർന്നാണ് ഇത്തരത്തിലൊരു പദ്ധതി രൂപകൽപന ചെയ്തത്. 2020ഓടെ കസ്റ്റംസ് അഫയേഴ്‌സ് തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കസ്റ്റംസ് അഫയേഴ്‌സിന്റെ ലക്ഷ്യങ്ങളും പദ്ധതികളും വെളിവാക്കുന്ന ഒരു ഡോക്യൂമെന്ററിയും ചടങ്ങിൽ പ്രദർശിപ്പിച്ചു.