ബുദയ്യ റോഡിലെ പരിശോധന : പോലീസുമായി സഹകരിച്ച് ജനങ്ങൾ


രാജീവ് വെള്ളിക്കോത്ത്
മനാമ : ബുദയ്യ റോഡിലെ പോലീസ് പരിശോധന മൂലം ഈ ഭാഗങ്ങളിലെ താമസക്കാർക്കും ബുദയ്യയിലേയ്ക്ക് പോകുന്നവർക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിലും ജനങ്ങൾ പോലീസുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. എന്നാൽ ഇത് തങ്ങളുടെ വിപണിയെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് ഇവിടെയുള്ള വ്യാപാരികൾ പറയുന്നത്.
ചെക്ക് പോസ്റ്റുകളിലെ കാലതാമസം മൂലം ആളുകൾ ഈ പ്രദേശങ്ങളിലേയ്ക്ക് വരാൻ മടിക്കുന്നതായും അതാണ് വിപണിയെ സാരമായി ബാധിക്കുന്നതെന്നും വ്യാപാരികൾ പറഞ്ഞു. ബുദയ്യയിലേയ്ക്കുള്ള ബസ്സുകളിലും പൊതുവെ ആളുകൾ കുറവാണ്. ഈ റോഡിൽ പോലീസ് പരിശോധന കഴിഞ്ഞാണ് വാഹനങ്ങളെ കടത്തി വിടുന്നത്. രണ്ടാഴ്ച മുൻപ് ജാവു ജയിലിൽ നിന്ന് തടവുകാർ ജയിൽ ചാടിയത് മുതൽ പോലീസ് പരിശോധന കർശ്ശനമാക്കിയിരിക്കുകയാണ്.
ഇതുവഴി കടന്നുപോകുന്നവരുടെ സി.പി.ആർ അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. അതുകൊണ്ട് സി.പി.ആർ ഇല്ലാത്ത തൊഴിലാളികളും ഫ്രീ വിസയിൽ ജോലി ചെയ്യുന്നവരും ഈ ഭാഗങ്ങളിലേയ്ക്ക് പോകുന്നതിന് ഭയക്കുന്നു. സാധാരണ തൊഴിലാളിഉപഭോക്താക്കൾ വരുന്ന ചെറുകിട ഭക്ഷണ ശാലകൾ, കോൾഡ് സ്റ്റോറുകൾ തുടങ്ങിയിടങ്ങളിലെ വ്യാപാരമാണ് അതോടെ മന്ദഗതിയിലായത്. ബഹ്റിന്റെ ഏത് ഭാഗത്ത് പ്രശ്നങ്ങൾ ഉണ്ടായാലും ആദ്യം ബാധിക്കുക തങ്ങളുടെ വിപണിയെയാണെന്ന് ബുദയ്യയിലെ ഒരു മലയാളി വ്യാപാരി പറഞ്ഞു. എങ്കിലും പോലീസ് കുറ്റവാളികളെ പിടിക്കാൻ നടത്തുന്ന പ്രവർത്തനങ്ങളെപ്പറ്റി ഇവിടത്തുകാർക്ക് നല്ല മതിപ്പാണുള്ളത്.
ഇവിടെ നിരവധി മലയാളി കുടുംബങ്ങൾ താമസിക്കുന്നുണ്ടെങ്കിലും ഏത് സമയത്തും ഗതാഗതക്കുരുക്ക് വന്നേയ്ക്കുമെന്നുള്ള തോന്നൽ കാരണം ആളുകൾ വാഹനവുമായി പുറത്തിറങ്ങാൻ മടി കാണിക്കുന്നതായി വ്യാപാരികൾ പറഞ്ഞു. ബഹ്റിനിലെ കെട്ടിട വാടക നിരക്ക് കുറഞ്ഞ പ്രദേശം എന്ന നിലയിൽ മലയാളികൾ അടക്കമുള്ളവർ കൂടുതലും ബുദയ്യ ഭാഗങ്ങളിലേയ്ക്ക് താമസം മാറാൻ തുടങ്ങിയ സമയത്തുണ്ടായ അനിഷ്ട സംഭവങ്ങൾ ബുദയ്യയിലെ വിപണിയെ മന്ദ ഗതിയിലാക്കിയിരിക്കുന്നതായും ഇവിടുത്തെ വ്യാപാരികൾ പറഞ്ഞു.
ദിറാസിലെയും വ്യാപാരമേഖല പ്രതിസന്ധിയിലാണ്. വിവിധ ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്ന കന്പനികളുടെ വാഹനങ്ങൾ പലതും ഇപ്പോൾ ഈ വഴി വരുന്നില്ലെന്നും അതുകൊണ്ട് ഉപഭോക്താക്കൾക്ക് പല സാധനങ്ങളും നൽകാൻ കഴിയുന്നില്ലെന്നും ഇവിടുത്തെ വ്യാപാരികൾ പറഞ്ഞു. കുടിവെള്ളവിതരണക്കന്പനിയുടെ വാഹനം ഈ ഭാഗത്തേയ്ക്ക് വരാത്തതാണ് വീട്ടമ്മമാരുടെ പ്രധാന പ്രശ്നം. ടാങ്കറിൽ കൊണ്ട് വന്ന് നിറയ്ക്കുന്ന സാധാരണക്കാരുടെ ആശ്രയമായ കുടിവെള്ളത്തിന് പകരം ബ്രാൻഡഡ് കുടിവെള്ളം വൻ വിലകൊടുത്ത് വാങ്ങേണ്ടിവരുന്നതായും ഒരു വീട്ടമ്മ ഫോർ പി.എം ന്യൂസിനോട് പറഞ്ഞു. സാധാരണക്കാർക്ക് ഇത് കുടുംബ ചിലവിനെ സാരമായി ബാധിക്കുന്നുണ്ട്. പാൽ ഉൽപ്പന്നങ്ങൾ, കാലാവധി അധികമില്ലാത്ത ബ്രഡ്, പഴ വർഗ്ഗങ്ങൾ പോലുള്ള സാധനങ്ങൾ പലതിലും ഫ്രഷ് ലഭിക്കാതായിട്ടുണ്ടെന്നും വീട്ടമ്മമാർ പറയുന്നു. ഈ ഭാഗങ്ങളിലേയ്ക്ക് സാധന വിതരണത്തിന് പോയാൽ തിരിച്ചെത്താൻ ഗതാഗത തടസ്സം കൊണ്ട് മണിക്കൂറുകൾ എടുക്കുന്നെന്നും അതുകൊണ്ട് തന്നെ വാൻ ഡെലിവറിക്ക് ഈ ഭാഗത്തേയ്ക്ക് പോകാൻ താല്പര്യമില്ലെന്നും പ്രശസ്ത കന്പനിയുടെ ഡെലിവറി ജോലി ചെയ്യുന്ന മലയാളി പറഞ്ഞു. ബുദയ്യ ഭാഗങ്ങളിൽ നിന്ന് മനാമയിലേയ്ക്കുള്ള ആളുകളുടെ വരവ് കുറഞ്ഞത് മനാമയിലെയും വിപണിയെ ബാധിക്കുന്നുണ്ട്.
Prev Post