നരേ­ന്ദ്ര പ്രസാദ് അനു­സ്മരണ നാ­ടക മത്സരത്തിന് നാളെ തി­രശീ­ല ഉയരും


മനാമ : ഹ്റിൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രൊഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരത്തിന് അണിയറയിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. മൂന്നാം തീയതിയായ നാളെ ആരംഭിക്കുന്ന നാടക മത്സരത്തിൽ ഇത്തവണ ആറ് നാടകങ്ങളാണ് അരങ്ങിലെത്തുന്നത്. നാളെ 8 മണിക്ക് ഉദ്ഘാടന സമ്മേളനവും, ശേഷം വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

ഡിസംബർ 4ന് (ഞായറാഴ്ച്ച) രാത്രി 8:10ന് സുനിൽ പയ്യന്നൂർ സംവിധാനം ചെയ്യുന്ന ‘എലികൾ’ എന്ന നാടകത്തോടെ നാടക മത്സരം ആരംഭിക്കും. ഈ നാടകത്തിന് ശേഷം 9:40ന് ബെൻസുഗുണൻ സംവിധാനം ചെയ്യുന്ന ‘കുരിശുകൾക്ക് നടുവിൽ ബിയാട്രീസ്’ എന്ന നാടകവും അവതരിപ്പിക്കും.

നാടക മത്സരത്തിന്റെ രണ്ടാം ദിനമായ ഡിസംബർ 6ന് രാത്രി 8:10ന് ബേബിക്കുട്ടൻ കൊയിലാണ്ടിയുടെ സംവിധാനത്തിൽ ‘രാവുണ്ണി’യും, 09:40ന് ദിനേശ് കുറ്റിയിലിന്റെ ‘സ്വപ്ന വേട്ട’ എന്ന നാടകവും അവതരിപ്പിക്കപ്പെടും.

അവസാന ദിവസമായ ഡിസംബർ 7ന് രാത്രി 8:10ന് അനിൽ സോപാനത്തിന്റെ ‘അവസാനത്തെ ബന്ധു’ എന്ന നാടകവും, 9:40ന് സുരേഷ് പെണ്ണുക്കരയുടെ ‘മാതംഗി’ എന്ന നാടകവും അരങ്ങിലെത്തും.

കഴിഞ്ഞ ഒരു മാസക്കാലവുമായി ബഹ്റിനിലെ നാടക പ്രവർത്തകരെല്ലാം വിവിധ നാടകങ്ങളുടെ പണിപ്പുരയിലായിരുന്നു. ബി.കെ.എസ് അംഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്താതെ ബഹ്റിനിലെ വിവിധ നാടക കലാകാരന്മാർക്ക് കൂടി അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നതിനാൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന നാടക പ്രവർത്തകർക്കും ഈ നാടകമത്സരത്തിൽ സംബന്ധിക്കാൻ അവസരം ലഭിക്കുന്നുവെന്നുള്ളത് വളരെ നല്ല കാര്യമായി എന്ന് നാടക പ്രവർത്തകർ പറയുന്നു. എന്നാൽ നാടക അവതരണം ചിലവേറിയതായതിനാലും സ്പോൺസർമാരെ ലഭിക്കാൻ പ്രയാസമായതിനാലും ഈ രംഗത്തെ പലരും നാടക മത്സരത്തിൽ നിന്നും വിട്ടു നിൽക്കുന്നുണ്ട്.

പരിശീലനത്തിനുള്ള അസൗകര്യമാണ് നാടക കലാകാരന്മാരെ ഇത്തരം മത്സരത്തിൽ നിന്നും പിന്തിരിപ്പിക്കുന്ന മറ്റൊരു ഘടകം. ബഹ്റിനിലെ ജോലി സമയം കഴിഞ്ഞ് വളരെ കുറഞ്ഞ സമയം മാത്രമാണ് കലാപ്രവർത്തനം നടത്തുന്നതിനായി ലഭിക്കുന്നത്. ബഹ്റിൻ കേരളീയ സമാജം പോലുള്ള സൗകര്യമുള്ള വേദികളിൽ നിരവധി തവണ പരിശീലനം നടത്തിയാൽ മാത്രമേ നാടകം ഉദ്ദേശിച്ച പോലെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിയൂ. എന്നാൽ രണ്ടോ മൂന്നോ അതിൽ കൂടുതലോ ഉള്ള നാടക സംഘങ്ങൾക്ക് സാങ്കേതിക സൗകര്യങ്ങൾ എല്ലാം ഒരുക്കിയുള്ള പരിശീലനത്തിന് സ്ഥലസൗകര്യം ഇല്ലതാനും, അവധി ദിവസങ്ങളിലും അതിന് തൊട്ടു തലേന്നും മറ്റ് കലാ പരിപാടികൾ കൂടി നടത്തേണ്ടതിനാൽ പലപ്പോഴും വേദികൾ പരിശീലനത്തിന് ലഭ്യമാകുന്നില്ല. എങ്കിലും മത്സരം നടക്കുന്ന കേരളീയ സമാജത്തിലെ പ്രധാന വേദിയിൽ കുറഞ്ഞത് ഒരു തവണയെങ്കിലും പരിശീലനം നേടുന്നതിന് സംഘാടകർ സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട്.

നാടകങ്ങളെല്ലാം തന്നെ കൃത്യമായ സമയക്രമം പാലിക്കുന്നതിനായി ബി.കെ.എസ് ഭരണ സമിതി പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. ഓരോ ദിവസവും രണ്ട് നാടകങ്ങളുടെയും ഇടവേളയിൽ കാണികൾക്കായി ചർച്ചകളും, നാടക സിനിമാ ഗാനങ്ങളും ഉൾപ്പെടുത്തി പ്രത്യേക പരിപാടികളും അവതരിപ്പിക്കപ്പെടുമെന്ന് സംഘാടകർ അറിയിച്ചു.

കേരളത്തിൽ നിന്നും സിനിമാ നാടകരംഗങ്ങളിലെ പ്രമുഖരായ വ്യക്തികളാണ് വിധി നിർണ്ണയത്തിനും നാടകങ്ങൾ അവലോകനം ചെയ്യുന്നതിനുമായി എത്തിച്ചേരുന്നത്. ഡിസംബർ എട്ടാം തീയതി നടക്കുന്ന സമാപന സമ്മേളനത്തിൽ ഫലപ്രഖ്യാപനവും പുരസ്കാര വിതരണവും അനുബന്ധ കലാപരിപാടികളും ഉണ്ടായിരിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed