ബഹറിനിൽ സോഷ്യൽ മീഡിയ വഴിയുള്ള മയക്കു മരുന്ന് കച്ചവടം: സംഘം പിടിയിൽ

മനാമ: സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചു മയക്കുമരുന്ന് കച്ചവടം നടത്തിയ നാലംഗ സംഘം പിടിയിലായി. പോലീസിന്റെ സ്റ്റിങ് ഓപ്പറേഷൻ വഴിയാണ് ഒരു ഏഷ്യൻ വംശജനും മൂന്നു സ്ത്രീകളും പിടിയിലായത്. ഇവർ ഇത്തരത്തിൽ കച്ചവടം പ്രോത്സാഹിപ്പിക്കുകയും മയക്കുമരുന്നിന് അടിമകളാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ ഇവർ കുറ്റം നിഷേധിച്ചിട്ടുണ്ട്. ഷബു എന്നറിയപ്പെടുന്ന ഒരുതരം ക്രിസ്റ്റൽ രൂപത്തിലുള്ള മയക്കുമരുന്ന് പ്രതികൾ ബഹ്‌റിനിൽ എത്തിക്കുകയും ആവശ്യാനുസരണം ഉപഭോക്താക്കൾക്ക് എത്തിച്ചുകൊടുക്കുകയുമാണ് ചെയ്തിരുന്നത്.
ബഹ്‌റിനിൽ സ്റ്റിങ് ഓപ്പറേഷന്റെ ഭാഗമായി മയക്കു മരുന്ന് വാങ്ങാനെന്ന വ്യാജേന പോലീസ് ഓഫീസർ തന്നെയാണ് ഇവരുടെ അടുത്തു എത്തിയത്. ബഹറിൻ ദിനാർ 500 നാണ് ഇവർ പോലീസിനു ഷബു നൽകിയത്. ഇയാളുടെ വീട്ടിൽ നടത്തിയ പോലീസ് റെയ്ഡിൽ ഷാബു നിറച്ച നിരവധി ബാഗുകളും കണ്ടെത്തിയിട്ടുണ്ട് . അതേസമയം അറസ്റ്റിലായ ഏഷ്യൻ വംശജന്റെ മൊഴി അനുസരിച്ച് ഒന്നാം പ്രതിയായ സ്ത്രീയുടെ പക്കൽ നിന്നാണ് ഇയാൾക്ക് മയക്കുമരുന്ന് ലഭിച്ചുകൊണ്ടിരുന്നത്. ഇവർ മയക്കു മരുന്ന് വിതരണം നടത്താനായി സ്ത്രീകളുടെ ഹാൻഡ് ബാഗാണ് ഉപയോഗിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു. അദ്‌ലിയ കേന്ദ്രീകരിച്ചാണ് പ്രധാനമായും മയക്കുമരുന്ന് കച്ചവടം ഇവർ നടത്തിയിരുന്നത്. ആവശ്യക്കാർ പണം അടയ്ക്കുന്നതനുസരിച്ചു മയക്കുമരുന്ന് നിറച്ച ബാഗുകൾ ഓരോ സ്ഥലങ്ങളിൽ ഇവർ നിക്ഷേപിക്കും പിന്നീട് സോഷ്യൽ മീഡിയ വഴിയുള്ള സന്ദേശങ്ങൾ വഴി ഉപഭോകതാക്കൾ സ്ഥലം മനസിലാക്കുകയും മയക്കുമരുന്ന് അവിടെ നിന്നും ശേഖരിക്കുകയുമായിരുന്നു രീതിഎന്നും പോലീസ് പറഞ്ഞു.