അച്ഛൻ വിദേശി + അമ്മ ബഹറൈനി = കുട്ടി ?

മനാമ : ബഹ്റിൻ സ്ത്രീകൾക്ക് വിദേശിയായ ഒരാളിൽ ജനിയ്ക്കുന്ന കുട്ടിയ്ക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിർദ്ദേശം എം.പി. മൊഹമ്മദ് അൽ മാരിഫി മുന്നോട്ട് വച്ചു.
2009ലെ 35ാം നിയമം ഭേദഗതി ചെയ്ത് പ്രവാസിയായ ഒരാൾക്ക് ബഹ്റിൻ സ്ത്രീയിൽ ജനിയ്ക്കുന്ന കുഞ്ഞിന് ചില ഉപാധികളോടെ ബഹ്റിൻ പൌരത്വം നൽകണമെന്നാണ് എം.പി.നിർദ്ദേശിച്ചിരിക്കുന്നത്.
ഇത്തരത്തിൽ കുഞ്ഞിന് ബഹ്റിൻ പൌരത്വം ലഭിക്കണമെങ്കിൽ പിതാവ് ജീവനോടെ ഉണ്ടാവുകയും, പിതാവിന് പൌരത്വം ഇല്ലാതിരിക്കുകയും വേണം. മാത്രമല്ല പിതാവ് അമ്മയെ വിവാഹമോചനം ചെയ്തിട്ടുണ്ടാവുകയോ, അഞ്ച് വർഷമായി അമ്മയും കുഞ്ഞുമായി ബന്ധവുമില്ലാതെ താമസിക്കുകയോ ആയിരിക്കണം. ഇതെല്ലാം തെളിയിക്കുന്ന രേഖകളുടെ പിൻബലത്തോടെ മാത്രമേ കുട്ടിയ്ക്ക് ബഹ്റിൻ പൌരനാകാൻ സാധിയ്ക്കൂ.
കുട്ടി അമ്മയുടെ സംരക്ഷണത്തിൽ തന്നെയായിരിക്കണമെന്നതാണ് മറ്റൊരു നിബന്ധന. ഇതിനു പുറമേ കുട്ടി പത്ത് വര്ഷമായി ബഹ്റിനിൽ തന്നെ ആയിരിക്കണം. അല്ലെങ്കിൽ അഞ്ചു വർഷമായി ഗൾഫിൽ തന്നെ മറ്റെവിടെയെങ്കിലും ആയിരിക്കണം.
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ കാര്യത്തിൽ പിതാവിന്റെ സമ്മത പത്രവും ഇക്കാര്യത്തിൽ ആവശ്യമാണ്.