അരുതായ്മകൾക്കെതിരെ അക്ഷരങ്ങൾ കൊണ്ട് പ്രതിരോധം തീർക്കണം: ഐ.സി.എഫ് അക്ഷര സംഗമങ്ങൾ
പ്രദീപ് പുറവങ്കര
മനാമ: ലോകത്തെ മുഴുവൻ വിപ്ലവങ്ങളും സാധ്യമായത് തൂലികയിലൂടെയാണെന്നും വർത്തമാനകാലത്തെ അരുതായ്മകൾക്കെതിരെ അക്ഷരങ്ങൾ കൊണ്ട് പ്രതിരോധം തീർക്കണമെന്നും ഐ.സി.എഫ് അക്ഷര സംഗമങ്ങൾ അഭിപ്രായപ്പെട്ടു. 'പ്രവാസത്തിന്റെ മലയാള വായന' എന്ന ശീർഷകത്തിൽ നടന്നുവരുന്ന പ്രവാസി വായന പ്രചാരണ കാമ്പയിനിന്റെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്റൈനിലെ വിവിധ യൂണിറ്റുകളിലാണ് അക്ഷര സംഗമങ്ങൾ സംഘടിപ്പിച്ചത്.
പ്രവാസലോകത്ത് മലയാളികളുടെ വായനാശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി ടേബിൾ ടോക്ക്, സ്റ്റാറ്റസ് റിവ്യൂ, ജനസമ്പർക്കം എന്നിവയ്ക്ക് പുറമെ പാഠശാലകൾ കേന്ദ്രീകരിച്ച് സ്റ്റുഡന്റ്സ് കോർണറും, കുടുംബങ്ങളിൽ മികച്ച വായനാശീലം വളർത്തുന്നതിനായി കുടുംബ വായനയും സംഘടിപ്പിക്കും.
മുഹറഖ് യൂണിറ്റ് അക്ഷര സംഗമം ഐ.സി.എഫ് ഇന്റർനാഷണൽ ഡെപ്യൂട്ടി പ്രസിഡന്റ് കെ.സി. സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് കാക്കടവ്, മുഹമ്മദ് കോമത്ത് എന്നിവർ നേതൃത്വം നൽകി. മനാമയിൽ ഷംസു മാമ്പ, അബ്ദുറഹീം സഖാഫി അത്തിപ്പറ്റ എന്നിവരും, ഈസ്റ്റ് റിഫയിൽ റഫീക്ക് ലത്വീഫി വരവൂർ, ശംസുദ്ദീൻ സുഹ്രി എന്നിവരും സംഗമങ്ങൾക്ക് നേതൃത്വം നൽകി.
ഗഫൂൾ യൂണിറ്റ് അക്ഷര സംഗമം നാഷണൽ ജനറൽ സെക്രട്ടറി ശമീർ പന്നൂർ ഉദ്ഘാടനം ചെയ്തു. സിത്രയിൽ നടന്ന സംഗമത്തിന് നൗഫൽ മയ്യേരി, മൻസൂർ അഹ്സനി എന്നിവർ നേതൃത്വം നൽകി. സൽമാബാദ് യൂണിറ്റ് അക്ഷര സംഗമം ഹാഷിം മുസ്ലിയാരുടെ അധ്യക്ഷതയിൽ ഫൈസൽ ചെറുവണ്ണൂർ ഉദ്ഘാടനം ചെയ്തു. അബ്ദുറഹീം സഖാഫി വരവൂർ, വി.പി.കെ. മുഹമ്മദ്, അബ്ദുള്ള രണ്ടത്താണി എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഷൗക്കത്ത് സ്വാഗതവും അഷ്ഫാഖ് മണിയൂർ നന്ദിയും പറഞ്ഞു.
adsasads


