ബഹ്റൈൻ തൊഴിൽ വിപണിയിലെ ലംഘനങ്ങൾ തടയാൻ സംയുക്ത പരിശോധനകൾ ശക്തമാക്കും; പബ്ലിക് സെക്യൂരിറ്റി ചീഫും എൽ.എം.ആർ.എ സി.ഇ.ഒയും കൂടിക്കാഴ്ച നടത്തി


പ്രദീപ് പുറവങ്കര

മനാമ: തൊഴിൽ വിപണി കൂടുതൽ സുതാര്യമാക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായി ആഭ്യന്തര മന്ത്രാലയവും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും (LMRA) തമ്മിലുള്ള സഹകരണവും സംയുക്ത പരിശോധനകളും ശക്തമാക്കുന്നു. പബ്ലിക് സെക്യൂരിറ്റി ചീഫ് ലെഫ്റ്റനന്റ് ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസൻ, എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നിബ്രാസ് മുഹമ്മദ് താലിബുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

ആഭ്യന്തര മന്ത്രാലയത്തിലെയും എൽ.എം.ആർ.എയിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ, നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇരുസ്ഥാപനങ്ങളും നടത്തുന്ന സംയുക്ത നീക്കങ്ങളെ പബ്ലിക് സെക്യൂരിറ്റി ചീഫ് അഭിനന്ദിച്ചു.

ബഹ്‌റൈനിലെ തൊഴിൽ സാഹചര്യങ്ങൾ, നിലവിലെ കണക്കുകൾ, വിവരങ്ങൾ, നേരിടുന്ന പ്രധാന പ്രായോഗിക വെല്ലുവിളികൾ എന്നിവ യോഗം വിലയിരുത്തി. സംയുക്ത പരിശോധനകൾ ഊർജിതമാക്കാനും, വിവരങ്ങൾ വേഗത്തിൽ കൈമാറാനും, നിയമലംഘനങ്ങൾ കണ്ടെത്തി അടിയന്തര നിയമനടപടികൾ സ്വീകരിക്കാനും ധാരണയായി. ഒപ്പം, നിയമലംഘനം നടത്തുന്ന തൊഴിലാളികളുടെ പദവി നിശ്ചിത നിയമങ്ങൾക്കനുസൃതമായി ക്രമപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരാനും തീരുമാനിച്ചു.

തൊഴിൽ വിപണിയെ കൂടുതൽ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനും ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട അതോറിറ്റികൾ തമ്മിലുള്ള ഏകോപനവും സഹകരണവും തുടരേണ്ടതിന്റെ പ്രാധാന്യം യോഗത്തിന്റെ അവസാനത്തിൽ ഇരുവിഭാഗവും ഊന്നിപ്പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed