ബഹ്റൈനി ജംബോ ലോസ് ഫെസ്റ്റിവലുമായി ലൂലു ഹൈപ്പർമാർക്കറ്റും ദി അവന്യൂസും
പ്രദീപ് പുറവങ്കര
മനാമ: ദി അവന്യൂസ് - ബഹ്‌റൈനുമായി സഹകരിച്ച് ലൂലു ഹൈപ്പർമാർക്കറ്റ് 'ബഹ്‌റൈനി ജംബോ ലോസ് ഫെസ്റ്റിവലിന്' (Bahraini Jumbo Loz Festival) തുടക്കം കുറിച്ചു. ബഹ്‌റൈനിലെ വിളവെടുപ്പ് കാലം ആഘോഷമാക്കുന്ന ഈ മൂന്ന് ദിവസത്തെ മേള 2026 ഓഗസ്റ്റ് 13 മുതൽ 15 വരെയാണ് നടക്കുന്നത്.
ബഹ്‌റൈൻ മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി എച്ച്.ഇ. എൻജി. വാഇൽ ബിൻ നാസർ അൽ മുബാറക് മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഒരു കർഷകച്ചന്തയുടെ (Farmers' market) മാതൃകയിൽ ഒരുക്കിയിരിക്കുന്ന ഈ ഫെസ്റ്റിവൽ, ബഹ്‌റൈനിലെ കർഷകരെയും തദ്ദേശീയ ബ്രാൻഡുകളെയും ഒരു കുടക്കീഴിൽ അണിനിരത്തുന്നു. ദിവസവും രാവിലെ 9:00 മണി മുതൽ അർദ്ധരാത്രി വരെ പ്രവർത്തിക്കുന്ന മേളയിൽ, നാട്ടിൽ വിളവെടുത്ത ലോസ് (Loz), അത്തിപ്പഴം (Figs), ഈന്തപ്പഴം എന്നിവയ്ക്ക് പുറമേ തേൻ, കാപ്പി, അച്ചാറുകൾ തുടങ്ങിയ പരമ്പരാഗത ബഹ്‌റൈനി ഉൽപ്പന്നങ്ങളും ലഭ്യമാണ്.
വലിയ വലുപ്പത്തിനും പ്രത്യേക രുചിക്കും പേരു കേട്ട ബഹ്‌റൈന്റെ പ്രിയപ്പെട്ട 'ജംബോ ലോസ്' തന്നെയാണ് ഈ മേളയുടെ പ്രധാന ആകർഷണം. രാജ്യത്തിന്റെ കാർഷിക പാരമ്പര്യത്തിലും സാംസ്കാരിക തനിമയിലും പ്രധാന പങ്കുവഹിക്കുന്ന വിവിധ തരം അത്തിപ്പഴങ്ങളും ഈന്തപ്പഴങ്ങളും സന്ദർശകർക്ക് ഇവിടെ പരിചയപ്പെടാം. ഫ്രഷ് ആയി തയ്യാറാക്കിയ ലോസ് ഐസ്‌ക്രീം, ലോസ് സ്ലഷികൾ (Slushies) തുടങ്ങിയ വിഭവങ്ങൾ സന്ദർശകർക്ക് പുതിയൊരു അനുഭവമേകുന്നു.
ബഹ്‌റൈന്റെ കാർഷിക വിളവെടുപ്പ് ആഘോഷിക്കാനും പ്രാദേശിക കർഷകരെയും ബിസിനസുകളെയും പിന്തുണയ്ക്കാനുമായി, സ്വദേശികളെയും വിദേശികളെയുമെല്ലാം 'ദി അവന്യൂസ് - ബഹ്‌റൈനിലെ (ഗേറ്റ് 6)' മേളയിലേക്ക് ലൂലു ഹൈപ്പർമാർക്കറ്റും ദി അവന്യൂസും ക്ഷണിക്കുന്നു.
dfgfdg

