കുട്ടികളുടെ വാക്സിനേഷൻ വൈകിക്കരുത്; മുന്നറിയിപ്പുമായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം


പ്രദീപ് പുറവങ്കര

മനാമ: കുട്ടികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ കൃത്യസമയത്ത് വാക്സിനുകൾ നൽകണമെന്ന് രക്ഷിതാക്കളോട് ആഹ്വാനം ചെയ്ത് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം. വാക്സിനേഷൻ എടുക്കാൻ വൈകരുതെന്നും, വിട്ടുപോയിട്ടുള്ളവർ ഉടൻ തന്നെ അടുത്തുള്ള പ്രൈമറി ഹെൽത്ത് കെയർ സെന്ററുമായി (ആരോഗ്യ കേന്ദ്രങ്ങൾ) ബന്ധപ്പെടണമെന്നും മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് ഫിസിഷ്യൻ ഡോ. സഹ്ര അയ്യൂബ് അഭ്യർത്ഥിച്ചു.

വാക്സിനുകൾ വ്യക്തികൾക്ക് മാത്രമല്ല, രോഗപ്രതിരോധ ശേഷി കുറഞ്ഞ സമൂഹത്തിലെ മറ്റുള്ളവർക്കും സുരക്ഷയൊരുക്കുന്നുണ്ടെന്ന് അവർ വ്യക്തമാക്കി.

"വാക്സിനേഷൻ എടുക്കുന്നതിലൂടെ സമൂഹത്തിലെ പ്രതിരോധശേഷി വർദ്ധിക്കുകയും പകർച്ചവ്യാധികൾ പടരുന്നത് തടയാൻ സാധിക്കുകയും ചെയ്യും. വാക്സിൻ എടുക്കാൻ സാധിക്കാത്തവർക്ക് പോലും ഇത് പരോക്ഷമായി സംരക്ഷണം നൽകുന്നു. മുൻപ് നിയന്ത്രണവിധേയമാക്കിയതോ പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്തതോ ആയ രോഗങ്ങൾ തിരിച്ചുവരുന്നത് തടയാൻ ബഹ്‌റൈനിലെ ഉയർന്ന വാക്സിനേഷൻ നിരക്ക് നിലനിർത്തേണ്ടത് അത്യാവശ്യമാണ്," ഡോ. സഹ്ര പറഞ്ഞു.

ബഹ്‌റൈനിലെ പൊതു-സ്വകാര്യ സ്കൂളുകളിൽ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമുള്ള വാക്സിനേഷൻ കാർഡ് സമർപ്പിക്കുന്നത് നിർബന്ധമാണ്. നവജാതശിശുക്കൾ മുതൽ കുട്ടിക്കാലം വരെയുള്ള പ്രതിരോധ കുത്തിവെപ്പുകൾക്കായി രാജ്യത്ത് കൃത്യമായ ഒരു ദേശീയ വാക്സിനേഷൻ ഷെഡ്യൂൾ നിലവിലുണ്ട്. ക്ഷയം, ഹെപ്പറ്റൈറ്റിസ്, പോളിയോ, തട്ടമ്മ (മീസിൽസ്) തുടങ്ങിയ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന കുത്തിവെപ്പുകൾ ഇതിൽ ഉൾപ്പെടുന്നു.

കുട്ടികൾക്ക് കൃത്യസമയത്ത് വാക്സിൻ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ പ്രൈമറി ഹെൽത്ത് കെയർ സെന്ററുകൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. കുത്തിവെപ്പുകൾ വിട്ടുപോയവരെ ഇലക്ട്രോണിക് റെക്കോർഡുകൾ വഴി കണ്ടെത്തി പിന്തുടരുന്നതിനും, വാക്സിന്റെ പ്രാധാന്യത്തെക്കുറിച്ചും സാധ്യമായ ലളിതമായ പാർശ്വഫലങ്ങളെക്കുറിച്ചും രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനും ഹെൽത്ത് സെന്ററുകൾ മുന്നിലുണ്ട്.

വാക്സിനുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ സോഷ്യൽ മീഡിയ വഴി വരുന്ന വ്യാജ സന്ദേശങ്ങളിൽ നിന്ന് ശേഖരിക്കരുതെന്നും, ആരോഗ്യ മന്ത്രാലയം അല്ലെങ്കിൽ അംഗീകൃത ആരോഗ്യ പ്രവർത്തകർ നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും ഡോ. സഹ്ര അയ്യൂബ് ഓർമ്മിപ്പിച്ചു.

വർഷങ്ങളോളം നീളുന്ന പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ശേഷമാണ് വാക്സിനുകൾക്ക് അംഗീകാരം നൽകുന്നത്. നേരിയ പനിയും കുത്തിവെപ്പെടുത്ത ഭാഗത്തെ വേദനയും പോലെ വളരെ താത്കാലികമായ പാർശ്വഫലങ്ങൾ മാത്രമാണ് ഇതിനുണ്ടാകാറുള്ളത്. കുട്ടികൾക്ക് കൃത്യമായി വാക്സിൻ നൽകുക എന്നത് അവരുടെ അവകാശവും അവരുടെ ഭാവിയിലേക്കുള്ള മികച്ച നിക്ഷേപവുമാണെന്നും അവർ കൂട്ടിച്ചേർത്തു.

article-image

sddfgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed