സൈൻബോർഡുകൾക്ക് ഏകീകൃത മാനദണ്ഡം: ദക്ഷിണ ബഹ്‌റൈനിൽ പുതിയ നിയന്ത്രണങ്ങൾ വരുന്നു


പ്രദീപ് പുറവങ്കര

മനാമ: ദക്ഷിണ ബഹ്‌റൈനിലെ വാണിജ്യ സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകൾക്കും സൈൻബോർഡുകൾക്കും ഏകീകൃത മാനദണ്ഡവും പുതിയ നിയന്ത്രണങ്ങളും ഏർപ്പെടുത്താനൊരുങ്ങുന്നു. തെരുവുകളിലെ കാഴ്ചാ തടസ്സങ്ങൾ ഒഴിവാക്കാനും വാണിജ്യ മേഖലകളുടെ സൗന്ദര്യം കൂട്ടാനും പൊതുസുരക്ഷ ഉറപ്പുവരുത്താനുമാണ് ഈ നീക്കം.

സൗത്ത് മുനിസിപ്പൽ കൗൺസിലിന്റെ സാങ്കേതിക സമിതിയും വാണിജ്യ വ്യവസായ മന്ത്രാലയ പ്രതിനിധികളും തമ്മിൽ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച ചർച്ചകൾ നടന്നത്. ടെക്നിക്കൽ കമ്മിറ്റി ചെയർമാനും എട്ടാം മണ്ഡലം പ്രതിനിധിയുമായ അലി അബ്ദുൽഹമീദ് അൽ ശൈഖിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. സ്ഥാപനങ്ങളുടെ സൈൻബോർഡുകളുടെ ഡിസൈൻ, സാങ്കേതിക സവിശേഷതകൾ, അതിൽ പ്രദർശിപ്പിക്കുന്ന വിവരങ്ങൾ എന്നിവയിൽ കൃത്യമായ മാനദണ്ഡങ്ങൾ കൊണ്ടുവരുന്നതിനാണ് മുൻഗണന നൽകുന്നത്.

അശാസ്ത്രീയമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ തെരുവുകളുടെ ഭംഗിയെ ബാധിക്കുന്നുണ്ടെന്നും, ഇവ പൂർണ്ണമായും ക്രമീകരിക്കണമെന്നും സമിതി അംഗങ്ങൾ അഭിപ്രായപ്പെട്ടു. സൈൻബോർഡുകൾക്ക് ഏകീകൃത രൂപം നൽകുന്നതോടൊപ്പം പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

ഇതുമായി ബന്ധപ്പെട്ട സമഗ്രമായ പഠന റിപ്പോർട്ട് ക്യാബിനറ്റിന്റെ മന്ത്രിതല സമിതിക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രാലയ പ്രതിനിധികൾ സ്ഥിരീകരിച്ചു. വ്യാപാരികൾ പാലിക്കേണ്ട സാങ്കേതിക നിർദ്ദേശങ്ങളും വരാനിരിക്കുന്ന നിബന്ധനകളും ഈ പഠനത്തിൽ ഉൾപ്പെടുന്നു.

അതേസമയം, ഹൗസിംഗ് ആൻഡ് അർബൻ പ്ലാനിംഗ് മന്ത്രാലയം കൗൺസിലിന്റെ പരിഗണനയ്ക്ക് അയച്ച ചില വസ്തുക്കളുടെ വർഗ്ഗീകരണത്തിൽ (Land Classification) മാറ്റം വരുത്തുന്ന നിർദ്ദേശങ്ങളും യോഗം വിലയിരുത്തി. ഇതിൽ മൂന്ന് വസ്തുക്കളുടെ ക്ലാസിഫിക്കേഷൻ മാറ്റത്തിന് കമ്മിറ്റി ശുപാർശ ചെയ്തപ്പോൾ, നാലാമത്തേതിൽ കൂടുതൽ പഠനങ്ങൾക്കും കൂടിയാലോചനകൾക്കുമായി തീരുമാനം മാറ്റിവെച്ചു.

#BahrainNews #SouthernMunicipality #BahrainBusiness #4PMNews

article-image

dsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed