ബഹ്‌റൈൻ: ആദ്യ സൗരോർജ നിലയത്തിന് ടെൻഡറായി; 150 മെഗാവാട്ട് ശേഷി

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈനിലെ ആദ്യത്തെ വലിയ സൗരോർജ നിലയം സ്ഥാപിക്കുന്നതിനുള്ള ടെൻഡർ വൈദ്യുതി, ജല അതോറിറ്റി (ഇവ) പുറത്തിറക്കി. സ്വകാര്യമേഖലയുടെ സഹകരണത്തോടെ ബിലാജ് അൽ ജാസയറിന് സമീപം സ്ഥാപിക്കുന്ന ഈ പ്ലാന്റിന് 150 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയുണ്ടാകും.
6,300 വീടുകൾക്ക് വൈദ്യുതി നൽകാനും പ്രതിവർഷം ഒരു ലക്ഷം ടണ്ണിലധികം കാർബൺ ബഹിർഗമനം കുറക്കാനും ഈ പ്ലാന്റിന് കഴിയുമെന്ന് ഇവ പ്രസിഡൻ്റ് കമാൽ അഹമ്മദ് അറിയിച്ചു. 1.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ കേന്ദ്രം നിർമ്മിക്കുന്നത്. 2027-ൻ്റെ മൂന്നാം പാദത്തിൽ വാണിജ്യപരമായ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2060-ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള രാജ്യത്തിന്റെ പ്രതിജ്ഞയുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് കമാൽ അഹമ്മദ് വ്യക്തമാക്കി. പുനരുപയോഗ ഊർജത്തിന്റെ ഉപയോഗം വിപുലീകരിക്കുന്നതിനും പാരിസ്ഥിതിക സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതി നിർണായകമാണ്. ദേശീയ ഊർജ മിശ്രിതത്തിൽ പുനരുപയോഗ ഊർജത്തിൻ്റെ പങ്ക് വർദ്ധിപ്പിക്കാൻ സ്വകാര്യമേഖലയുമായുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലെ പ്രധാന ചുവടുവെപ്പുകൂടിയാണിത്.
േ്ിേി