ബഹ്റൈൻ ഭാരതി അസോസിയേഷന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു


പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ തമിഴ്നാട് സ്വദേശികളുടെ കൂട്ടായ്മയായ ഭാരതി അസോസിയേഷന്റെ പുതിയ ആസ്ഥാന മന്ദിരം ഉമ്മുൽ ഹസ്സമിൽ ഉദ്ഘാടനം ചെയ്തു.
ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. പ്രശസ്ത വ്യവസായിയും വി.ജി.പി ഗ്രൂപ്പ് ചെയർമാനും വേൾഡ് തമിഴ് സംഘം സ്ഥാപകനുമായ ഷെവലിയർ ഡോ. വി.ജി. സന്തോഷം ആയിരുന്നു വിശിഷ്ടാതിഥി. ഇരുവരും ചേർന്നാണ് പുതിയ മന്ദിരം അംഗങ്ങൾക്കായി തുറന്ന് നൽകിയത്.
അനീസ് ഫാത്തിമ ആലപിച്ച തമിഴ് പ്രാർത്ഥനാ ഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. ആർ.ജെ. രതിയായിരുന്നു ചടങ്ങുകളുടെ അവതാരകൻ. ഭാരതി അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുൾ ഖയ്യൂം സ്വാഗതം പറഞ്ഞ പരിപാടിയിൽ അസോസിയേഷൻ പ്രസിഡന്റ് വല്ലം ബഷീർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വി ജി സന്തോഷത്തിന് "കുറൽ നെറി സെൽവർ" പുരസ്കാരം സമ്മാനിച്ചു. ഡോ. സന്തോഷം തിരുവള്ളുവരുടെ ഒരു ചെറുപ്രതിമ ഇന്ത്യൻ എംബസിക്കും ഭാരതി അസോസിയേഷനും സമ്മാനിച്ചു. അസോസിയേഷൻ ലൈബ്രറിയിലേക്ക് ഒരു പുസ്തക ശേഖരവും അദ്ദേഹം സംഭാവന ചെയ്തു. ഇവന്റ് കോർഡിനേറ്റർ മുത്തുവിൽ മുരുകൻ ഇവ ഏറ്റുവാങ്ങി.
തമിഴ്‌നാടിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും വിളിച്ചോതുന്ന നൃത്ത പരിപാടികളും അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച ലഘു സംഗീത പരിപാടിയും ഇതോടൊപ്പം അരങ്ങേറി. അസോസിയേഷന്റെ സാഹിത്യ സെക്രട്ടറി ഇളയ രാജയും ട്രഷറർ ഷെയ്ഖ് മൻസൂറും ചേർന്ന് നന്ദി രേഖപ്പെടുത്തി.
്േിേ
Next Post