ബാലറ്റ് ഡാൻസിന്റെ ചടുലതകൾ പകർത്തി റഷ യൂസഫ്

മനാമ: ബാലറ്റ് ഡാൻസിന്റെ ചടുലതകൾ പകർത്തിയ ചിത്രങ്ങളുടെ പ്രദർശനം വേർഡ്‌സ് ബുക്ക് സ്റ്റോർ കഫെയിൽ തുടങ്ങി. റഷ യൂസഫ് എന്ന അനുഗ്രഹീത ബഹ്‌റൈനി ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
'ബാലറ്റ് ജിസൽ' നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് നാഷണൽ തീയറ്ററിൽ കഴിഞ്ഞ മാസം നടന്ന പരിശീലനക്കളരിയിൽ വച്ചാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ദിവസേന രാവിലെ എട്ട് മുതൽ വൈകിട്ട് 8 വരെ നടക്കുന്ന പ്രദർശനം വെള്ളിയാഴ്ചരാവിലെ 10 മുതൽ വൈകിട്ട് 6 വരെയായിരിക്കും.
പതിനഞ്ചാം നൂറ്റാണ്ടിൽ ഇറ്റാലിയൻ നവോത്ഥാനകാലത്ത് രൂപം കൊണ്ട നൃത്ത രൂപമാണ് ബാലറ്റ്. ഇത് പിന്നീട് ക്ലാസിക് നൃത്തമേളയായി ഫ്രാൻസിലും റഷ്യയിലും പ്രചാരം നേടുകയായിരുന്നു. നൃത്തത്തിലെ വൈവിധ്യമാർന്ന നിമിഷങ്ങൾ ഒപ്പിയെടുത്ത ചിത്രങ്ങൾ ഏറെ പേരുടെ ശ്രദ്ധയാകർഷിക്കുന്നുണ്ട്.
പ്രദർശനം ഈ മാസം 20 വരെ തുടരും.