'ദൈവത്തിന്റെ സ്വന്തം നാട്' സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം കൈവരിച്ച ആദ്യ സംസ്ഥാനമായി

തിരുവനന്തപുരം: സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം കൈവരിച്ച ആദ്യ സംസ്ഥാനമെന്ന പദവി കേരളത്തിന്. നാളെ നടക്കുന്ന ചടങ്ങില്‍ ഉപരാഷട്രപതി ഹമീദ് അന്‍സാരി ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബാണ് ഇക്കാര്യം അറിയിച്ചത. സംസ്ഥാന സാക്ഷരത മിഷനായ അതുല്യം പദ്ധതിയിലൂടെയാണ്. കേരളത്തിന് ഈ നേട്ടം കൈവരിക്കാനായതെന്ന് വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് പറഞ്ഞു. പദ്ധതി വഴി 98 ശതമാനം പേര്‍ക്ക് സംസ്ഥാനത്ത് പ്രാഥമിക വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞു.
കേരള സര്‍വ്വകലാശാലയുടെ സെനറ്റ് ഹാളില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. സര്‍ക്കാരിന്റെ മിഷന്‍ 676 ല്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ പദ്ധതിയാണ് അതുല്യം പദ്ധതി. ഔപചാരിക വിദ്യാഭ്യാസം നേടാന്‍ കഴിയാത്തവര്‍ക്ക് പദ്ധതിയിലൂടെ നാലാം ക്ലാസിന് തതുല്യമായ സര്‍ട്ടിഫിക്കറ്റ് നേടാം. 15 നും 50 മധ്യേ പ്രായമുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. 2015 ജൂണില്‍ നടന്ന പൊതു പരീക്ഷയില്‍ 2,05,913 പേര്‍ പരീക്ഷയെഴുതി. പരീക്ഷയില്‍ 98.52 ശതമാനം പേര്‍ വിജയിച്ചു. ഒരു തദ്ദേശ സ്ഥാപനത്തില്‍ ആകെ ജനസംഖ്യയുടെ 90 ശതമാനം പേരും പ്രാഥമിക വിദ്യാഭ്യാസം നേടിയാല്‍ ആ തദ്ദേശ സ്ഥാപനത്തെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയതായി പ്രഖ്യാപിക്കും.