അപകടം നടന്ന സ്ഥലങ്ങളിലെ ക്യാമറ ചിത്രീകരണം നിയമവിരുദ്ധമാക്കിയേക്കും

മനാമ: അപകടം നടന്ന ഇടങ്ങളിലെത്തി ചിത്രങ്ങൾ പകർത്തുന്നത് രാജ്യത്ത് നിയമവിരുദ്ധമാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഇത് കുറ്റമായി കരുതാനും, നിയമം ലംഘിക്കുന്നവർക്ക് പിഴ ഏർപ്പെടുത്താനുമുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ മുഹമ്മദ് അൽ മാരിഫി എം.പി., കൗൺസിലിന്റെ വിദേശകാര്യമന്ത്രാലയത്തിനും, ഡിഫൻസ് ആൻഡ് നാഷണൽ സെക്യൂരിറ്റി കമ്മിറ്റിക്കും നിർദ്ദേശം സമർപ്പിച്ചിരുന്നു.
‘അന്യരുടെ സ്വകാര്യത മാനിക്കാതെയും, സാമൂഹിക പരിഗണന നൽകാതെയും ഇത്തരത്തിൽ ചിത്രങ്ങളും മറ്റും പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് സ്വകാര്യതയിൽ കൈ കടത്തുക മാത്രമല്ല, അപകടം നടന്ന സ്ഥലങ്ങളിൽ ഗതാഗതക്കുരുക്കുണ്ടാക്കുന്നതിനും, അധികൃതർക്ക് വേണ്ട നടപടികളെടുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നുണ്ടെന്ന് അൽ മാറിഫി പറഞ്ഞു.
‘പ്രിയപ്പെട്ടവരുടെ അപകടവാർത്ത അറിയുന്നതിന് മുൻപ് തന്നെ അപകടത്തിൽപ്പെട്ട് ചിതറിയ അവരുടെ ശരീരം സാമൂഹ്യമാധ്യമങ്ങളിൽ കാണേണ്ടി വരുന്ന ദുഃഖകരമായ സ്ഥിതിയിലേക്കാണ് നാമെത്തിയിരിക്കുന്നത്. ഇതിന് അറുതി വരുത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പക്ഷെ അംഗീകൃത പത്രപ്രവർത്തകരെ ഇതിൽ നിന്ന് ഒഴിവാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
അൽ മാരിഫിയുടെ നിർദ്ദേശത്തെ നാഷണൽ ഇൻസ്റ്റിസ്റ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് (എൻ.ഐ.എച്.ആർ) പിന്തുണച്ചു. രാജ്യത്തെ നിലവിലുള്ള നിയമങ്ങൾ ഇത് തടയാനായി പ്രാപ്തമല്ലെന്ന് ഇവർ പറയുന്നു.
ഇത് വ്യക്തിപരമായി പരാതിയിന്മേൽ നടപടിയെടുക്കേണ്ടതാണെന്ന് സൂചിപ്പിച്ച ട്രാഫിക് ഡയറക്ടറേറ്റിന്റെ എതിർപ്പുണ്ടെങ്കിലും അത് മറികടന്ന് അപകടം നടന്ന സ്ഥലങ്ങളിലെ ചിത്രീകരണം നിയമം മൂലം തടയണമെന്നാണ് എൻ.ഐ.എച്ച്. ആറിന്റെ നിലപാട്. കമ്മറ്റി അംഗീകരിച്ച നിർദ്ദേശത്തിൽ വോട്ടെടുപ്പിനായി സമർപ്പിച്ചിരിക്കുകയാണ്.