ട്രെയിന്‍ യാത്രാനിരക്ക് വീണ്ടും വർധിപ്പിക്കുന്നു

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രാനിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ റെയില്‍വേമന്ത്രാലയം. മന്ത്രാലയത്തിനുള്ള ബജറ്റ് സഹായത്തില്‍ 12,000 കോടി രൂപ ധനകാര്യ വകുപ്പ് വെട്ടിച്ചുരുക്കിയിരുന്നു. ഇതാണ് യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമായത്. സ്വയം വരുമാനമാര്‍ഗം കണ്ടെത്താന്‍ ധനകാര്യ വകുപ്പ് പറഞ്ഞതോടെ ദുരിതം യാത്രക്കാരിലേക്കെത്തുകയാണ്. യാത്രക്കാരുടെ എണ്ണവും ചരക്കു കടത്തിന്റെ അളവും കൂടിയാല്‍ വരുമാനം കൂടിയേക്കും. എന്നാല്‍, കല്‍ക്കരി ഒഴികേയുള്ള ചരക്കു കടത്തല്‍ ദുര്‍ബലാവസ്ഥയിലാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസത്തിനുള്ളില്‍ യാത്രനിരക്ക് 14.2 ശതമാനവും ചരക്കുകൂലി 6.5 ശതമാനവും വര്‍ധിപ്പിച്ചിരുന്നു. അടുത്തിടെ സ്ളീപ്പര്‍, എസി ടു ടയര്‍, ത്രി ടയര്‍, തത്കാല്‍ നിരക്കുകളും വര്‍ധിപ്പിച്ചു. കഴിഞ്ഞ ജൂണില്‍ സേവന നികുതി നടപ്പാക്കിയപ്പോള്‍ എസി ഫസ്റ് ക്ളാസ് നിരക്കും ചരക്കു കൂലിയും കൂട്ടിയിരുന്നു.