ബോംബ് സ്ഫോടനം: 3 പ്രതികൾക്ക് ജീവപര്യന്തം

മനാമ: പോലീസുകാരെ വധിക്കാനായി ബോംബുകൾ സ്ഥാപിച്ച 3 പേർക്ക് ബഹ്‌റിൻ ഹൈക്രിമിനൽ കോർട്ട് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഇവരെ 25 വർഷം തടവിന് ശിക്ഷിച്ചു കൊണ്ട് ഇന്നലെയാണ് കോടതി വിധി പുറപ്പെടുവിച്ചത്. സ്ഫോടനം നടത്തുക, സ്ഫോടക വസ്തുക്കൾ കൈവശം െവയ്ക്കുക എന്നീ കുറ്റങ്ങളിലാണ് ശിക്ഷ.
2014 ഡിസംബർ 29 നായിരുന്നു കേസിനാസ്പദമായ സംഭവം. പോലീസുകാരെ ലക്ഷ്യം വെച്ച് ദായിറിലാണ് ഇവർ ബോംബ് സ്ഥാപിച്ചത്. ഇവ നിർവ്വീര്യമാക്കാനായി എക്സ്പ്ലോസീവ് ഓർഡനൻസ് ഡിസ്പോസൽ (ഇ.ഒ.ഡി) ടീമും, കെ9 യൂണിറ്റും എത്തിയെങ്കിലും പൊട്ടിത്തെറിക്കുകയായിരുന്നു. ഗാർബേജ് ബോക്സിൽ പ്രകാശം ശ്രദ്ധിച്ച ഒരു പോലീസുകാരന്റെ സമയോചിതമായ ഇടപെടൽമൂലം സ്ഫോടനത്തിൽ പരിക്കേൽക്കാതെ പോലീസുകാർ രക്ഷപ്പെട്ടു.സ്ഫോടനത്തിൽ പരിസരത്തുള്ള ഒരു കോൾഡ് സ്റ്റോറിന് കേടുപാടുകൾ പറ്റിയിരുന്നു. കേസിലെ രണ്ടു പേരെ മാത്രമേ ഇതുവരെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടുള്ളൂ. 18 വയസ്സുള്ള മൂന്നാം പ്രതിയെ പോലീസ്് തിരയുകയാണ്.