ഊർജ്ജ പ്രതിസന്ധി: ഝാർഖണ്ഡ് സർക്കാരിനെതിരെ ധോണിയുടെ ഭാര്യ


ഝാർഖണ്ഡിലെ വൈദ്യുതി പ്രതിസന്ധി ചോദ്യം ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം എസ് ധോണിയുടെ ഭാര്യ സാക്ഷി സിംഗ്. ഝാർഖണ്ഡിൽ എന്തുകൊണ്ടാണ് വർഷങ്ങളായി ഊർജ്ജ പ്രതിസന്ധിയെന്ന് നികുതി ദാതാവ് എന്ന നിലയിൽ അറിയണമെന്നുണ്ടെന്ന് സാക്ഷി പറഞ്ഞു. ട്വിറ്ററിലൂടെയാണ് സാക്ഷിയുടെ പ്രതികരണം.

‘ഊർജ്ജം സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കി ഞങ്ങളുടെ പങ്ക് നിർവ്വഹിക്കുന്നുണ്ട്. എന്നിട്ടും വർഷങ്ങളായി ഝാർഖണ്ഡിൽ എന്തുകൊണ്ടാണ് ഊർജ്ജ പ്രതിസന്ധിയെന്ന് നികുതി ദാതാവ് എന്ന നിലിയിൽ അറിയണമെന്നുണ്ട്’ സാക്ഷി കുറിച്ചു. സംസ്ഥാനത്തിന്റെ ചിലഭാഗങ്ങളിൽ ഒരു ദിവസത്തിൽ 12 മുതൽ 16 മണിക്കൂർ നീണ്ടു നിൽക്കുന്ന പവർകട്ടാണ് ഏർപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി സാക്ഷി എത്തിയത്.

വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് ഝാർഖണ്ഡ് സർക്കാരിനെതിരെ വലിയ രീതിയിലെ വിമർശനം ഉയരുകയാണ്. സാക്ഷിയുടെ ട്വീറ്റിൽ കമന്റ് ചെയ്ത് പലരും സർക്കാരിനെതിരായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പവർപ്ലാന്റുകളിലെ കൽക്കരി പ്രതിസന്ധി മൂലമാണ് പവർകട്ട് ഏർപ്പെടുത്തുന്നതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. സംസ്ഥാനത്തിന്റെ പല പ്രദേശത്തും ലോഡ്‌ഷെഡിംഗ് ഏർപ്പെടുത്തുന്നുണ്ട്.

റാഞ്ചി, ബൊകാരോ, കിഴക്കൻ സിംഘ്ഭൂം, പലമു, ചത്ര എന്നിവിടങ്ങളിലും ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തുന്നുണ്ട്. സംഭവത്തിൽ വിമർശനം ശക്തമായതോടെ സർക്കാർ പ്രതികരിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിനായി വൈദ്യുതി മന്ത്രി ആർകെ സിംഗ്, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് സർക്കാർ അറിയിച്ചത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed