ജാഗ്രത; കോവിഡിന് പുതിയ ഡെൽ‍റ്റ വകഭേദം


ന്യൂഡൽഹി: രാജ്യത്ത് ഡെൽറ്റ വൈറസിന്‍റെ പുതിയ വകഭേദമായ എ.വൈ 4.2 വ്യാപിക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആറു സംസ്ഥാനങ്ങളിലായി 17 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. വ്യാപന വേഗത 15 ശതമാനം കൂടുതലാണ് പുതിയ വകഭേദത്തിനെന്നാണ് കണ്ടെത്തൽ. കിഴക്കൻ യൂറോപ്പിലും ബ്രിട്ടനിലും റിപ്പോർ‍ട്ട് ചെയ്ത കോവിഡിന്‍റെ പുതിയ ഡെൽറ്റ വകഭേദം എ.വൈ 4.2 ഇന്ത്യയിൽ‍ സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസമാണ് റിപ്പോർ‍ട്ടുകൾ‍ വന്നത്. എന്നാൽ‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധർ‍ അറിയിച്ചു.

ജനിതക ശ്രേണീകരണ പരിശോധനയിൽ കേവലം 0.1 ശതമാനം സാന്പിളുകളിൽ മാത്രമേ പുതിയ ഡെൽറ്റാ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളൂ എന്നും വിദഗ്ധർ‍ വ്യക്തമാക്കുന്നു. 

കോവിഡ് വകഭേദങ്ങളുടെ പട്ടികയിലാണ് എ.വൈ 4.2നെ യു.കെ ഉൾ‍പ്പെടുത്തിയിരിക്കുന്നത്. ഡെൽറ്റ വകഭേദത്തേക്കാൾ പകർച്ചവ്യാപന ശേഷി എ.വൈ 4.2 വകഭേദത്തിന് കൂടുതലാണെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. അതേസമയം, ഡെൽറ്റ− ആൽഫ വകഭേദങ്ങളെപ്പോലെ വലിയ ഭീഷണി പുതിയ വൈറസ് ഉയർത്തില്ലെന്നും വിദഗ്ധർ‍ പറയുന്നു. യു.കെയിൽ‍ ശരാശരിയിൽ ഏകദേശം ആറുശതമാനം കേസുകളും ഈ പുതിയ വകഭേദത്താലാണെന്നാണ് റിപ്പോർ‍ട്ടുകൾ‍. അമേരിക്ക, ജർ‍മനി, ഡെന്‍മാർ‍ക്ക്, റഷ്യ, ഇസ്രയേൽ‍ എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിരുന്നു. അതേസമയം രാജ്യത്ത് കോവിഡ് പ്രതിദിന കണക്കിലും വർധനവ് രേഖപ്പെടുത്തി. 16,156 കേസുകളും 733 മരണവുമാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാൾ രോഗികളുടെ എണ്ണത്തിൽ 20 ശതമാനത്തിന്‍റെ വർധനവുണ്ടായി. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വൽസെ പാട്ടീലിനും കോവിഡ് സ്ഥിരീകരിച്ചു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed