സ്മരണകളിൽ മലമുകളിലെ കുഞ്ഞബ്ദുള്ള


 


പുനത്തിൽ കുഞ്ഞബ്ദുള്ള ഓർമ്മയായിട്ട് ഇന്നേക്ക് മൂന്നു വർഷം. മലയാള സാഹിത്യത്തിൽ വൈക്കം മുഹമ്മദ് ബഷീറിന് ശേഷമുള്ള റിയലിസ്റ്റിക് എഴുത്തുകാരെനെന്നാണ് പുനത്തിൽ കുഞ്ഞബ്ദുള്ളയെ വിശേഷിപ്പിച്ചിരുന്നത്. ജീവിതമെന്നാൽ ജീവിക്കലാണെന്നും സാഹിത്യമെന്നാൽ പുതിയതിനെ സൃഷ്ടിക്കലാണെന്നും പുനത്തിലിന് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയായിരുന്നു അക്ഷരങ്ങളെ മൺചെരാതുക്കളാക്കി അദ്ദേഹം വായനക്കാരുടെ മനസ്സിൽ വെളിച്ചം പകർന്നത്.


മലയാളത്തില്‍ ആധുനികതയ്ക്ക് തുടക്കം കുറിച്ച എഴുത്തുകാരിൽ ഏറെ പ്രമുഖനായിരുന്ന ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള സത്യസന്ധവും മുഖം മൂടിയില്ലാത്തതുമായ എഴുത്തുകാരനായിരുന്നു. കേരള സാഹിത്യ നിർവാഹക സമിതി അംഗം, കേന്ദ്ര സാഹിത്യ സമിതി അംഗം, കോഴിക്കോട് സർവകലാശാല അക്കാദമിക് കൗൺസിൽ അംഗം, മൂന്നു തവണ സംസ്ഥാന ഫിലിം അവാര്‍ഡ് ജൂറി, നാഷണൽ ഫിലിം അവാർഡ് ജൂറി എന്നീ പദവികളിലും നിലകളിലുമെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച മടപ്പള്ളി സ്വദേശി പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന വേറിട്ട എഴുത്തുകാരന്‍ രാഷ്ട്രീയത്തിലും ഒരു കൈ നോക്കാൻ മടി കാണിച്ചില്ല. ബി.ജെ.പി സ്ഥാനാർത്ഥിയായി ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനും അദ്ദേഹം തയ്യാറായി.


എം.ടി. വാസുദേവൻ നായർ പത്രാധിപരായിരുന്നകാലത്ത് 'മാതൃഭൂമി' ആഴ്ചപ്പതിപ്പിലൂടെയാണ് പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന എഴുത്തുകാരൻ പിറക്കുന്നതും പിന്നീട് എഴുതിത്തെളിയുന്നതും. പതിമൂന്നാം വയസ്സിൽ മാതൃഭൂമി ബാലപംക്തിയിലൂടെയാണ് സാഹിത്യത്തിലേക്കുള്ള തന്റെ പ്രവേശനമെന്ന് അദ്ദേഹം എഴുതുകയും പറയുകയും ചെയ്തു. പുനത്തിൽ കുഞ്ഞബ്ദുള്ളയെന്ന കുഞ്ഞീക്കയെ പരിചയപ്പെടുന്നത് 1999 ലാണ് പ്രിയ സ്നേഹിതനും എഴുത്തുകാരനുമായ താഹ മാടയിലൂടെ. ഒരവധിക്കാലത്ത് കണ്ണൂരിൽ വെച്ച്. പിന്നീട് 2002 ൽ അദ്ദേഹം ബഹ്റൈൻ കേരളീയ സമാജത്തിൽ വന്നപ്പോൾ കൂടുതൽ അടുക്കുവാനും ഇടപഴകുവാനും കഴിഞ്ഞു. ആ സൗഹൃദം അദ്ദേഹത്തിന് ഓർമയുള്ള നാളുകൾ വരെ നിലനിന്നിരുന്നു.


പുനത്തിലിനെ വായിക്കാൻ തുടങ്ങിയത് കന്യാവനങ്ങൾ എന്ന നോവലിലൂടെയായിരുന്നു. പേരിൽ അങ്ങിനെയാണെങ്കിലും ഈ നോവലിലിൽ പച്ചപ്പുകളോ നിഷ്ക്കളങ്കതയോ ഒരിടത്തുമില്ല. നഗരത്തിലായാലും, മരുഭൂമിയിലായാലും മനുഷ്യരെ കാത്തിരിക്കുന്നത് പരാജയങ്ങളാണെന്നും അതിലേക്കുള്ള യാത്രയാണ് ഓരോ ജീവിതമെന്നും, ഭൗതിക വിജയമായാലും പ്രണയ സാഫല്ല്യമായാലും അത് ദുർവിധിയുടെ ഇരിപ്പിടമാണെന്ന ദർശനമാണ് കന്യാവനത്തിലെ ഓരോ കഥാപാത്രവും ഓരോ കഥാപാത്രത്തിലൂടെയും നമ്മെ ഓർമപ്പെടുത്തുന്നത്. ഇന്നും കന്യാവങ്ങൾ ഓർക്കുന്പോൾ റസിയ എന്ന കഥാപാത്രം ഒരു നനുത്ത സ്പർശമായി മനസ്സിൽ ഇഴഞ്ഞിറങ്ങും. സ്ത്രീയുടെ കാമം ഒരു യക്ഷിക്കഥപോലെയാണ് പുനത്തിൽ എഴുതുക. അപ്പോൾ സ്ത്രീ കഥാപാത്രങ്ങൾ മാംസബദ്ധമാ , മദഗന്ധമുള്ള കാമരൂപികളായി മാറുന്നു.


പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകൾ ജീർണിച്ചതും പ്രാചീനമായതുമായ ഒരു പള്ളിയുടെയും അതിന് ചുറ്റുമുള്ള മനുഷ്യന്മാരുടെയും കഥയാണ്. കഥയിലെ എല്ലാ മനുഷ്യരുടെയും ആശ്രയമാണ് അറക്കൽ തറവാട്ടിലെ ഖാൻ ബഹദൂർ പൂക്കോയ തങ്ങൾ. ഒരു അനാഥബാലനെ കുഞ്ഞാലി എന്ന് പേരിട്ടു സ്വന്തം മകനെ പോലെ അദ്ദേഹം വളർത്തുന്നു. അതോടൊപ്പം സ്വന്തം മകളായ പൂക്കുഞ്ഞിബീ ജിന്നുകളുടെയും രാജകുമാരന്മാരുടെയും കഥകളിൽ മയങ്ങിയും വളർന്നു വരുന്നു. കഥയിൽ അനേകം കഥാപാത്രങ്ങളുടെ കൂട്ടത്തിൽ ദിവ്യന്മാർ ഉണ്ട് കുതിരക്കാരും കുതിരകളുമുണ്ട്. ഓരോ കഥാപാത്രത്തിനും സ്വന്തമായി ഒരു ലോകവും പറയാനൊരു കഥയുമുണ്ട്. എന്നാൽ കഥാഗതി മാറ്റുന്നത് ചില അവിഹിത ബന്ധങ്ങളാണ് അല്ലെങ്കിൽ അതിന്റെ പരിണിതഫലങ്ങളാണ്. അത് തങ്ങളുടെ മരണമായാലും പട്ടാളം ഇബ്രായിയുടെ ആധിപത്യം ആയാലും. പ്രതാപത്തിന്റെ ഫലമായി നിർബാധം തലമുറകളായി പുലർത്തി വന്ന ഇത്തരം ബന്ധങ്ങളുടെ ആകെ തുകയാണ് കഥയുടെ ഒടുക്കം. സ്നേഹവും വേദനയും വിപ്ലവവും വേർപാടും ആഗ്രഹങ്ങളും ദുരാഗ്രഹങ്ങളും അസൂയയും സത്യവും മിഥ്യയും മന്ത്രവും ജനനവും മരണവും മനുഷ്യനും ജിന്നും ആണ് സ്മാരകശിലകൾ. കഥയും ജീവതവുമെല്ലാം ഒരു പോലെ കെട്ടുപിണഞ്ഞു കിടക്കുന്ന, പകുതി വച്ചു നിർത്തി പോകുവാൻ അനുവദിക്കാത്ത ഒരു കൃതി. പൂക്കോയത്തങ്ങൾ എന്ന കേന്ദ്രകഥാപാത്രം മുതൽ അറയ്ക്കൽ തറവാട്ടിലെ അരുമപ്പെൺകുഞ്ഞ് പൂക്കിഞ്ഞിബീ അവളുടെ അമ്മ ആറ്റബീ, നീലി എന്ന കന്യക പെറ്റിട്ടിട്ടുപോയ തന്തയാരെന്നറിയാത്ത കുഞ്ഞാലി, മരണം ഒരു ലാഭമാണെന്ന തത്ത്വം ജീവിതത്തിന്റെ ഭാഗമാക്കിയ മുക്രി എറമുള്ളാൻ തുടങ്ങി... അറയ്ക്കൽതറവാട്ടിലെ അടുക്കളയിലും പരിസരങ്ങളിലുമായി അദ്ധ്വാനിക്കാൻ മാത്രം വിധിക്കപ്പെട്ട അശരണരായ സ്ത്രീപുരുഷന്മാർവരെയുള്ള ഒരു വലിയ സമൂഹം നോവലിലുണ്ട്. പൂക്കോയ തങ്ങൾക്കുചുറ്റും കറങ്ങുന്ന ഈ ജീവിതങ്ങളിലോരോന്നിനും അവരുടേതായ സ്വന്തം ലോകവും ചരിത്രവുമുണ്ട്. വടക്കൻ ഗ്രാമീണതയുടെ മുഴുവൻ സൗന്ദര്യവും ഭാവുകത്വവും സ്മാരക ശിലകളിലും, മലമുകളിലെ അബ്ദുള്ള തുടങ്ങി ഒട്ടു മിക്ക നോവലുകളിലും കഥകളിലും നമുക്ക് അനുഭവിച്ചറിയാൻ കഴിയും.


സങ്കീർണ്ണതകളുടെ അതിർവരന്പുകൾക്കിടയിലും വ്യത്യസ്തമായ ജീവിതത്തെ വരച്ചുകാട്ടുന്ന നോവലാണ് മരുന്ന്. മാറിക്കൊണ്ടിരിക്കുന്ന മുഖഭാവങ്ങളിലൂടെ ഓരോ കഥാപാത്രത്തിന്റെയും അകപ്പൊരുളിലൂടെ അദ്ദേഹം ഈ നോവലിൽ ജീവിതത്തിന്റെ ആകുലതകളും, ദുരന്തവും,നിർവേദാവസ്ഥയും വ്യക്തമാക്കുന്നു. മരുന്നിലെ ഓരോ കഥാപാത്രത്തിനും സ്വന്തമായി അസ്തിത്വമുണ്ടെന്നു പറയുന്നപോലെതന്നെ സത്യമാണ് നോവലിനെ ആദ്യന്ത്യം ചൂഴ്ന്നു നിൽക്കുന്ന ഒരു വിഷാദസമസ്യ ഈ കഥാപാത്രങ്ങളുടെ സാധ്യതകളെയും, പരിമിതികളെയും മറ്റൊരു വെളിച്ചത്തിൽ ഇവിടെ നോക്കിക്കാണുന്നുവെന്നുള്ളത്. മരുന്നും, മൃത്യുവും തമ്മിലുള്ള ബലാബലം ഈ നോവലിൽ ശെരിക്കും പരീക്ഷിക്കപ്പെടുന്നത് നിത്യരോഗിയായ കഥാപാത്രം ജോൺ ബൽദേവ് മിർസ യിലൂടെയാണ്. കൗതുകങ്ങൾക്കിടയിൽ നിശ്ചല വികരീതയായി സഞ്ചരിക്കുന്ന കുഞ്ഞമ്മ യെന്ന കഥാപാത്രവുംഇവിടെ വേറിട്ടു നിൽക്കുന്നു.
ഞരക്കങ്ങളുടെയും ദീനരോദനങ്ങളുടെയും അലകളുയരുന്ന ജീവിതത്തിന്റെ ഇരുണ്ട കോണുകളെ വലംവയ്ക്കുന്ന ഈ നോവൽ മരണത്തെ സൗന്ദര്യതലത്തിൽ ഉദാത്തീകരിക്കുന്നു. മൃത്യുവും മരുന്നും തമ്മിലുള്ള സന്ധിയില്ലാ സമരത്തിൽ നിന്ന് രൂപം കൊള്ളുന്ന ഈ കൃതിയിൽ സ്വന്തം പ്രവർത്തന മണ്ഡലത്തിൽ നിന്നും ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള ശ്രദ്ധാപൂർവം ഒപ്പിയെടുത്ത പുതിയ ജീവിതസ്പന്ദനങ്ങളാണുള്ളത്. ഭിഷഗ്വരവൃത്തിയുടെ കാണാപ്പുറങ്ങൾ അനാവരണം ചെയ്യുന്ന മരുന്ന് മലയാളനോവലുകളുടെ കൂട്ടത്തിൽ ഒറ്റപ്പെട്ട ഔന്നത്യമായി നിലകൊള്ളുന്നു.


'മലമുകളിലെ അബ്ദുള്ള ' എന്ന കഥ ഒരു വിധത്തിൽ പറഞ്ഞാൽ അശാന്തമായ രതിയുടെ കഥ ആണെങ്കിലും മാനസിക വ്യാപാരത്തിന്റെ പരമമായ ചില വസ്തുതകൾ ചൂണ്ടിക്കാണിക്കുന്ന ഒരു സാമൂഹിക പ്രതിബദ്ധത ഉള്ള എഴുത്ത് കൂടി ആണ്. മീൻകാരൻ മൊയ്തീൻറെ മകൾ ബീബിക്ക് ഭർത്താവായി കിട്ടുന്നത് യാതൊരു ലൈംഗീക ചോദനയുമില്ലാത്ത ഒരാളെയാണ്. ദുർബലനായ അയാളിൽ നിന്നും ആനന്ദം കണ്ടെത്താനാവാത്ത ബീബി കുട്ടിക്കാലത്ത് കശുമാവിൻ ചോട്ടിൽ വെച്ച് തന്നെ കീഴ്പ്പെടുത്തിയ അബ്ദുള്ളയെ തേടി മലമുകളിലേക്ക് പോകുന്നു.


മൗണ്ടൻ വെഡ്‌ഡിങ് പുനത്തിലിൻറെ രണ്ട് നോവലൈറ്റുകൾ ഉൾപ്പെടുന്ന സമാഹാരങ്ങളാണ്. വാഗ്ദാനങ്ങൾ നാമമാത്രമാണെന്നും ജീവൻറെ നിലനിൽപ്പ് ചീട്ട് കൊട്ടാരം പോലെ ദുർബലമാണെന്നും പറയാതെ പറയുന്ന കഥ. ഏഴു നോവലുകൾക്ക് പുറമെ 250 ഓളം കഥകളടങ്ങിയ 15 ചെറുകഥാ സമാഹാരങ്ങളും നിരവധി ലേഖന സമാഹാരങ്ങളും പുനത്തിലിന്റേതായുണ്ട്.


സൗഹൃദ സംഭാഷണത്തിൻറെ ശൈലിയിലുള്ള മുയലുകളുടെ നിലവിളി, ജീവിത യാഥാർഥ്യങ്ങൾ ആസ്പദമാക്കി ആശുപത്രിയുടെ കഥ പറയുന്ന 'അഗ്നിക്കിനാവുകൾ', സ്ത്രീകളുടെയും, പുരുഷൻമാരുടെയും കഥകളും കഥയില്ലായ്മയും തുറന്ന് കാട്ടിയ 'കുറെ സ്ത്രീകൾ ' 'പരലോകം' ജൂതന്മാരുടെ ശ്‌മശാനം ' എന്നിവയാണ് അവസാന കാലത്ത് പുനത്തിൽ സാഹിത്യ ലോകത്തിന് സമ്മാനിച്ച കൃതികൾ. എന്തെഴുതിയാലും വായനക്കാരനെകൊണ്ട് വായിപ്പിക്കുന്ന ഒരു മായാജാലം പുനത്തിലിൻറെ എഴുത്തിനുണ്ടായിരുന്നു. എന്ത് കഥയും വളരെ അനായാസമായി യാതൊരു ആലങ്കാരികതയും കൂടാതെ വായനക്കാരുടെ മനസ്സിലേക്ക് ചെന്ന് തറക്കുന്ന തരത്തിൽ എഴുതാനുള്ള പ്രതിഭ അദ്ദേഹത്തിന് സ്വന്തമായിരുന്നു .ആ വിഭവമാണ് പുനത്തിലിനെ മലയാള സാഹിത്യത്തിൽ നിലനിർത്തിയതും.


ക്ഷേത്രവിളക്കുകൾ, കത്തി, ഭ്രാന്തന്‍പൂക്കൾ, മലമുകളിലെ അബ്ദുള്ള, മൗലാനാ ഇനാം ഖുറൈഷി, ഒരു ഭ്രാന്തന്‍ ഡോക്ടറുടെ ആത്മകഥ തുടങ്ങിയ എണ്ണംപറഞ്ഞ കഥകൾ പുനത്തിലിന്റെ എഴുത്തിന്റെ രാജമുദ്രകളായി. പുനത്തിലിൻറെ സ്മരണകളിലൊരിടത്ത് അദ്ദേഹം ജീവിച്ച സ്ഥലങ്ങളെ പരാമർശിക്കുന്പോൾ ഇങ്ങനെ എഴുതി 'പാർക്കുന്ന ഇടമാണ് പാർപ്പിടം' എങ്കിൽ നമ്മുടെ ആദ്യത്തെ പാർപ്പിടം അമ്മയുടെ ഗർഭപാത്രമാണ്. മലയാളത്തിൽ പ്രാണൻ മിടിക്കുന്ന നമ്മുടെ ജീവിതത്തിൻറെ പൾസുള്ള എഴുത്തായിരുന്നു പുനത്തിലിന്റേത് .അത് മലയാളിയുടെ സാമൂഹിക വികാസത്തിൻറെയും , വൈകാരിക പ്രക്ഷുബ്ധതകളുടെയും പല കാലങ്ങളിലൂടെയും സഞ്ചരിച്ചു . എത്ര അകലത്തിലായാലും ഏത് കാലാവസ്ഥയിലായാലും അത് മിടിച്ച് കൊണ്ടേയിരുന്നു.


മൂന്നു വർഷമായിട്ടും പുനത്തിലിൻറെ ദീപ്ത സ്മരണയ്ക്കായി ജന്മ നാട്ടിൽ സ്മാരക ശില ഉയർന്നില്ല. പള്ളിക്കാട്ടിലെ കബർസ്ഥാനം പോലെ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഓർമ്മകൾ കാട്ടു ചെടികൾക്കിടയിൽ അനാഥ മാകാതിരിക്കട്ടെ. പുനത്തിലിൻറെ ജീവിത കഥ നഷ്ടപ്പെടുത്തിയ പ്രതിഭയുടെയും അവരങ്ങളുടെയും ദുരന്ത കഥയാണ്... മലയാള സാഹിത്യമെന്ന മഹാസാഗരത്തിലെ ഒരിക്കലും അടങ്ങാത്ത തിരമാലകളായി കുഞ്ഞീക്കയെന്ന പുനത്തിൽ കുഞ്ഞബ്ദുള്ളയും അദ്ദേഹത്തിൻറെ കൃതികളും.

രാധാകൃഷ്ണൻ തെരുവത്ത്.

You might also like

Most Viewed