ശിഹാബുദ്ദിൻ പൊയ്തും കടവ് എന്ന ഇമ്മിണി ബല്യ കഥാകാരൻ


ശിഹാബുദ്ദിൻ പൊയ്തും കടവുമായി നേരിട്ടുള്ള സൗഹൃദം തുടങ്ങിയിട്ട് ഏകദേശം ഇരുപത് വർഷം പിന്നിടുന്നു. അദ്ദേഹം അബുദാബിയിൽ ഗൾഫ് ലൈഫ് മാഗസിൻറെ എഡിറ്ററും ഞാൻ ആ മാസികയുടെ ബഹ്റൈൻ പ്രതിനിധിയുമായിരുന്നു.  കയ്‌പേറിയ ജീവിത സാഹചര്യങ്ങളാണ് ഒരാളെ എഴുത്തുകാരനാക്കുന്നതെങ്കിൽ അത് ചേർത്ത് വെക്കാവുന്ന എഴുത്തുകാരനാണ് എഴുത്തിൻറെ വഴിയിൽ നാല്പത് വർഷം പിന്നിടുന്ന ശിഹാബുദ്ദിൻ പൊയ്തും കടവ്  എന്ന ഇമ്മിണി ബല്യ കഥാകാരൻ.

ആധുനികോത്തര മലയാള ചെറുകഥാ ശാഖയിൽ സവിശേഷ സ്ഥാനമുള്ള ശിഹാബുദ്ദിന്റെ കഥകൾ വായിക്കുമ്പോൾ നാടിൻറെ പച്ചയായ സൗന്ദര്യം ആ  കഥകളിൽ നമുക്ക് കണാൻ കഴിയും.യാത്രയുടെയും, യാത്രാമൊഴികളുടെയും ചുറ്റും കാണുന്ന ജീവിത ചിത്രങ്ങളുടെയും രൂപക സമൃദ്ധിയാണ് ശിഹാബുദ്ദിൻ കഥകൾ. നിന്ദ്യവും ജുഗുപ്സാവഹകവുമായ ജീവിതം അത് ജീവിച്ച് തീർക്കുന്നവൻറെ മുമ്പിൽ എങ്ങിനെ പ്രത്യക്ഷപ്പെടും എന്ന് ശിഹാബുദ്ദിൻറെ ആദ്യകാല കഥകളിൽ ഒരു രൂപകമായി രേഖപ്പെടുത്തിയിട്ടുണ്ട് .

സ്വന്തം ജീവിതം അതിൻറെ പരിസരങ്ങൾ അവിടെ കാണുന്ന മനുഷ്യർ അവരുടെ സ്വഭാവങ്ങൾ ,പക്ഷി മൃഗാദികൾ , അവയുടെ ജീവിതചര്യകൾ അങ്ങിനെ അവിടെ കാണുന്നതും കേൾക്കുന്നതുമായ അനുഭവങ്ങളെ സർഗ്ഗപരമായ സംസ്കരണത്തിലൂടെ അതിൻറെ സത്തയിലൂടെയാണ് ശിഹാബുദ്ദിൻ പൊയ്തും കടവിൻറെകഥകൾ പിറവി കൊള്ളുന്നത്. നീണ്ട കാലത്തെ പ്രവാസ ജീവിതം ശിഹാബുദ്ദിൻറെ മിക്ക കഥകളെയും അതിലെ കഥാപാത്രങ്ങളെയും അവരുടെ ജീവിതങ്ങളെയും സ്വാധീനിച്ചതായി നമുക്ക് കാണാം . എന്നും അന്നം തേടി യാത്ര തുടരുന്ന പ്രവാസിയുടെ അനുഭവത്തിൻറെ എരിഞ്ഞു കത്തൽ മിക്ക കഥകളിലും വായനക്കാരനെ വേട്ടയാടുന്നു. 

ഈ നൊന്പരങ്ങളിൽ നിന്നും വേറിട്ട് നിന്നുകൊണ്ട് വായനക്കാരനെ നിശബ്ദമായ ചിരിയിലേക്ക് തള്ളി വിടുന്നതാണ് ഇയടുത്ത കാലത്തിറങ്ങിയ മിക്ക കഥകളും. പുതു കാല ജീവിതത്തിലെ സുഖ സാധ്യതകളും ബന്ധങ്ങളിലെ സ്നേഹരാഹിത്യവും , ഉരസലുകളും അതിൻറെയൊക്കെ ആത്യന്തിക ദുരന്തവും അസാമാന്യമായി അവതരിപ്പിച്ചിരിക്കയാണ്  ഒരു പാട്ടിൻറെ ദൂരം എന്ന കഥാസമാഹാരത്തിലെ നഗരത്തിലെ കുയിൽ കഥയിലൂടെ . കഥയിലെ ദുരന്തത്തിന് യഥാർത്ഥഹേതുവായിത്തീരുന്നത് അതിവേഗ ജീവിതം തീർത്തും അവഗണിക്കുന്ന പ്രകൃതിയുടെ പ്രതിനിധിയായ ഒരു കുയിൽ എന്നത് കഥാവസാനം നമ്മെ നിശബ്ദമായ ചിരിയിലെത്തിക്കുന്നു. 

നഗരത്തിലെ കുയിൽ എന്ന കഥയിൽ വായനക്കാരനെ നിശബ്ദമായി ചിരിപ്പിക്കുകയായിരുന്നെങ്കിൽ , ശിഹാബുദ്ദിൻ പൊയ്തും കടവ് എഴുത്തിന്റെ വഴിയിൽ നാൽപ്പത് വർഷം പിന്നിടുന്ന വേളയിൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ വന്ന കെ. പി .ഉമ്മർ എന്ന കഥ സരസമായ ആഖ്യാനത്തിലൂടെ നമ്മെ നിർത്താതെചിരിപ്പിക്കുന്നു. ശിഹാബുദ്ദിൻ പൊയ്തും  കടവ് സൂക്ഷ്മതയുള്ള ഒരു നിരീക്ഷകൻ കൂടിയാണ്. നാം അദ്ദേഹവുമായി ഇട പഴകുന്പോൾ  നമ്മുടെ ഓരോ വാക്കുകളും ചലനങ്ങളും വളരെ സൂക്ഷ്മതയോടെ അദ്ദേഹം ശ്രദ്ധിക്കും. ഇടപഴകുന്നവർ നൽകുന്ന സ്നേഹവും പരിചരണവും അവരിൽ ചിലർ ഏൽപ്പിക്കുന്ന മുറിവുകളും, പോറലുകളും അദ്ദേഹം മനസിന്റെ ചെപ്പിൽ സൂക്ഷിക്കും ഒരു പരിഭവവുമില്ലാതെ .

ശിഹാബുദ്ദിൻ പൊയ്തും കടവ് ആൾകൂട്ടത്തിൽ നിന്നും ആരവങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറി പലപ്പോഴും മൗനിയാകും . അത് എഴുത്തിന് മുന്പുള്ള മനനം എന്ന പ്രക്രിയയാണ് .അനുഭവത്തെ സൃഷ്ടിക്ക് വേണ്ടി സംസ്കരിച്ചെടുക്കാനുള്ള മൗനം. ഈ മനനത്തിലൂടെ ചുറ്റും കണ്ട ജീവിതങ്ങൾ കഥയിൽ ജ്വലിച്ച് നിൽക്കുന്നു. അതോടെ കഥ വായനക്കാരന്റേതാകുന്നു. ഒ.വി .വിജയൻന്റേതും, വൈക്കം മുഹമ്മദ് ബഷീറിന്റെയും കഥകളെപ്പോലെ.

തികച്ചും വ്യത്യസ്തമായ കഥാഖ്യാനത്തിലൂടെ സരസമായി വായനക്കാരനെ ചരിപ്പിച്ചും ചിന്തിപ്പിച്ചും കഥയുടെ രസച്ചരട് പൊട്ടാതെ ഫ്യൂഡൽ മാടന്പികൾക്കും സാമ്രാജ്യത്വ പിടിയാളുകൾക്കും അധികാര ചതുരംഗക്കളിയിലെ രാഷ്ട്രീയ ഭീമന്മാർക്കും നേരെ നട്ടെല്ലുയർത്തി തനിക്കു പറയാനുള്ളത് മൃഗങ്ങളിലൂടെയുംമനുഷ്യരിലിലൂടെയും ഉറക്കെ വിളിച്ചു പറഞ്ഞ ഓഗസ്റ് മുപ്പതിന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന റൂട്ട് മാപ്പ് എന്ന കഥ. ശിഹാബുദ്ദിൻറെ പല കഥകളെയും പോലെ ഈ കഥയിലും മൃഗങ്ങൾ കടന്ന് വരുന്നു . പിന്നീട് എലിയും, പന്പും, പൂച്ചയുമൊക്കെ  കഥാഗതിയിൽ മനുഷ്യരായി മാറുന്നത് കഥാഗതിയിൽ നമുക്ക് കാണാം. മുന്പേ പറഞ്ഞ ഷിഹാബുദ്ദിന്റെ പ്രവാസ ജീവിതത്തിൻറെ തിരുശേഷിപ്പുകളാണ് റൂട്ട് മാപ്പിലെ അമ്മദ്ക്കയും ,കുഞ്ഞാമിനാത്തയും . അമ്മദ്ക്കയുടെയും കുഞ്ഞാമിനാത്തയുടെയും ഗൾഫ് ജീവിതാവസാനം മക്കൾ കണ്ടെത്തിയ  ഓമനചേച്ചിയുടെ പരിചരണത്തിൽ അവർ നാട്ടിൽ വിശ്രമ ജീവിതം ആരംഭിക്കുന്നു. ഒപ്പംമകൾ വാങ്ങി കൊടുത്ത ചൈനീസ് ഫോണും അതിനുള്ളിലെ ആപ്പും. പെട്ടന്നാണ് ആ വീട്ടിലേക്ക് എവിടെ നിന്നോ ഒരു എലി അതിഥിയായെത്തുന്നത് .എലിയുടെ വീട്ടിനുള്ളിലെ പകൽ യാത്രകളും രാത്രികളിലെ ഗാനമേളകളും അമ്മദ്ക്കയുടെയും കുഞ്ഞാമിനാത്തയുടെയും സ്വര്യജീവിതത്തെ തകിടം മറിച്ചു . എലിയെഓടിക്കാൻ മകൾ ചൈനീസ് പൂച്ചയെ വാങ്ങി അത് വീട് മുഴുവൻതൂറി നാറ്റിച്ചു . ഗതിയില്ലാതായപ്പോൾ ഓമനേച്ചി ഇന്ത്യൻ എലിക്കെണി കൊണ്ട് വന്നു, മകൻ അമേരിക്കൻ ഉലക്ക വാങ്ങി. പിന്നീട് ആ വീട്ടിൽ നടക്കുന്ന സംഭവങ്ങൾ പഴയ ചവിട്ടു നാടകങ്ങളെ വെല്ലുന്നതായിരുന്നു .

അമ്മദ്ക്കയുടെയും കുഞ്ഞാമിനാത്തയുടെയും, ഓമനചേച്ചിയുടെയും, എലി, പൂച്ച, പാന്പ് എന്നിവരുടെ ആവർത്തനവും , രസകരമായ ജീവിതങ്ങൾ ആനുകാലിക പ്രശ്നങ്ങളുമായി രസവും ഹാസ്യവും ചേർത്ത് ചലിച്ചു ചേർത്ത കഥാഖ്യാനത്തിന്റെ വൈഭവം , കഥ പറയുന്പോൾ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ രസകാഴ്ച്ച കഥയിലുടനീളം നമുക്ക് കാണാൻ കഴിയും .

റൂട്ട് മാപ്പ് എന്ന കഥ കഥയും ജീവിതവും സന്ധിക്കുന്നിടത്ത് നിന്ന് തുടങ്ങുന്നു. കഥ തീരുമ്പോൾ ഒരിക്കലും അവസാനിക്കാത്ത മനുഷ്യ ജീവിതത്തിന്റെ പൊള്ളത്തരങ്ങളുടെ തനിയായവർത്തനമായി തുടരുന്നു.  

ശിഹാബുദ്ദിൻ പൊയ്തും കടവിന്റെ റൂട്ട് മാപ്പ് എന്ന കഥ വളരെ ലളിതമാണ് .ഒരു അന്പലപ്പുഴ പാൽപ്പായസം കുടിക്കുന്നത് പോലെ വായിച്ചാസ്വദിക്കാം .

രാധാകൃഷ്ണൻ തെരുവത്ത്

You might also like

Most Viewed