ഭാരതീയ പരിസ്ഥിതി ദർശനങ്ങളുടെ സമകാലിക പ്രസക്തി


“മാതാ ഭൂമി പുത്രോ ഹം പൃഥിവാ”

പ്രകൃതിയു ഭൂമിയും മാതാവാണെന്നതാണ് ഭാരതീയ സംസ്കൃതിയുടെയും ദർശനങ്ങളിലെയും  ആദ്യ പാഠങ്ങളിലൊന്ന്. സംസ്കാരം രൂപപെടുന്നത് മണ്ണിൽ നിന്നാണ്, ഭൂമിയിൽ നിന്നാണ്.

ഈ ലോകവും ജീവജാലങ്ങളുമെല്ലാം ഉണ്ടായത് അടിസ്ഥാനപരമായി പഞ്ചഭൂതങ്ങളിലൂടെയാണ് ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ പഞ്ചഭൂതങ്ങളുടെ ചേർച്ചയിലാണ് ഈ കാണുന്ന പ്രപഞ്ചം ഉണ്ടായത്. പാശ്ചാത്യ ലോകം പരിസ്ഥിതി ശാസ്ത്രം രുപപ്പെടുത്തുന്നതിന് മുന്പെ ഭാരതീയ ഋഷീശ്വരൻമാർ പരിസ്ഥിയെ കുറിച്ച്  അവബോധം ഉള്ളവരായിരുന്നു എന്നതിന് ഉത്തമ ദൃഷ്ടാന്തമാണ് പഞ്ചഭൂത സങ്കൽപ്പം.

പഞ്ചഭൂതങ്ങൾ മലിനമായാലത് ജീവജാലങ്ങളെ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ബാധിക്കും. അത്  നാശത്തിന് വഴിയൊരുക്കുമെന്ന് ചിന്തിച്ചാലറിയാം. ലോകത്ത് ഇപ്പോൾ‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്.

മനുഷ്യനാണ് ഈ ഭൂമിയുടെ കേന്ദ്രമെന്നും സർവ്വ ചരാചരങ്ങളുടെയും അവകാശി താൻ മാത്രമാണെന്നും എല്ലാ ജീവജാലങ്ങളും പ്രകൃതി  വിഭവങ്ങളും തനിക്ക് മാത്രം ഉപയോഗിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നുമുള്ള പാശ്ചാത്യ മിഥ്യാധാരണയാണ് പരിസ്ഥിതി നശികരണത്തിന്റെ മുഖ്യ ഹേതു.  ഉയർന്ന തോതിലുള്ള വ്യവസായിക വൽക്കരവും, ഉപഭോഗ സംസ്കാരത്തിന്റെ നീരാളി പിടിത്തവും, മനുഷ്യന്റെ അതിര് കടന്ന സ്വർത്ഥതയും അഹങ്കാര ബോധവും പരിസ്ഥിതി നശീകരണത്തിന്റെ ദുരന്ത പർവ്വങ്ങളുടെ വ്യാപ്തി വർദ്ധിപ്പിച്ചിട്ടുണ്ട്. ഭൂമിയിലെ അസംസ്കൃത വസ്തുക്കളുടെ വിവേചനരഹിതമായ ഉപയോഗം പ്രകൃതി ചൂഷണത്തിന് വഴി തെളിയിച്ചു. ഈ പ്രവണത  ഇന്ന് വർദ്ധിച്ച് സർവ്വനാശത്തിന്റെ വക്കിലേക്ക് ലോകത്തെ കൊണ്ടെത്തിച്ചിരിക്കുകയാണ്.

പ്രകൃതിയെ ഒരിക്കലും നോവിക്കാതെ, ചൂഷണം എന്ന പടിഞ്ഞാറൻ സിദ്ധാന്തത്തിന് പകരം ദോഹനം (കറന്നെടുക്കുക) എന്ന കാഴ്ചപ്പാടിലൂടെ പ്രകൃതിയെ ഉപയുക്തമാക്കാനാണ് നമ്മെ പൂർവ്വികർ ഉദ്ബോധിപ്പിച്ചത്.

“ഈശാവാസ്യമിദം സർവ്വം യത്കിഞ്ച ജഗത്യാം ജഗത്

തേന ത്യക്തേന ഭുഞ്ജീഥാ മാ ഗൃധഃ കസ്യസ്വിദ്ധനം .”

ഈ പ്രപഞ്ചത്തിന്‍റെ ഓരോ അണുവിലും ഈശ്വരചൈതന്യം നിറഞ്ഞിരിക്കുന്നു. ഈശ്വരന്‍റേതല്ലാത്ത ഒന്നുംതന്നെ ഇവിടെ ഇല്ല. അത് ഈശ്വരന്‍റെ അംശം ആയ നമുക്ക് അനുഭവിക്കാം, ആസ്വദിക്കാം. അതാസ്വദിക്കുന്നതിൽ നിന്ന് ഈശ്വരന്‍റെ അംശം തന്നെയായ മറ്റേതൊരു ജീവിയേയും തടയാൻ നമുക്കധികാരമില്ല. ഒരു സ്വത്ത് സ്വന്തമാക്കി വയ്ക്കുന്പോൾ നമുക്കു മാത്രമായി മാറ്റുകയും മറ്റുള്ളവർ‍ക്ക് അത് നിഷേധിക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് സ്വന്തമെന്ന, സ്വന്തമാക്കണമെന്ന ചിന്ത വെടിഞ്ഞ് ത്യാഗഭാവത്തോടെ നമുക്ക് ഭൂമിയിലെ വിഭവങ്ങൾ ആസ്വദിക്കാം.

എല്ലാം ഉപേക്ഷിക്കണമെന്നല്ല ത്യാഗമെന്നതിനർ‍ത്ഥം . ഈശ്വരന്‍റെ അംശമായ നമുക്ക് ഈ ഭൂമിയിലെ വിഭവങ്ങൾ അനുഭവിച്ചാസ്വദിക്കാം. പക്ഷേ അതേ അധികാരം ഈശ്വരന്‍റെ അംശങ്ങളായ മറ്റെല്ലാ ജീവികൾക്കുമുണ്ട്. അത് മനസ്സിലാക്കി ഒന്നും സ്വന്തമാക്കാന്‍ ശ്രമിക്കാതെ, ഒന്നും നമുക്കുമാത്രമുള്ളതല്ല എന്ന ബോധത്തോടെ ആസ്വദിക്കുക. നമ്മളെപ്പോലെത്തന്നെ മറ്റുള്ളവർക്കും അനുഭവിക്കേണ്ടതുള്ളതുകൊണ്ട് ഒന്നും സ്വന്തമാക്കാൻ‍ ആഗ്രഹിക്കാതിരിക്കുക. 

ത്യജിച്ച് കൊണ്ട് വേണ്ടത് മാത്രം ഭുജിക്കുക എന്ന ഭാരതീയ ദർശനത്തിലധിഷ്ഠിതമായി പ്രകൃതിയെ കരുതലോടെ മാത്രം നമ്മുടെ ആവശ്യങ്ങൾക്കായി  ഉപയോഗിക്കണ്ടതായുണ്ട് 

“ദശകൂപ  സമോ വാപി.

ദശവാപി സമോ ഹൃദഃ

ദശഹൃദ  സമോ പുത്രഃ

ദശപുത്ര  സമോ ദ്രുമഃ “

പത്ത് കിണറുകൾക്ക്  തുല്യം ഒരു കുളം. പത്ത് കുളങ്ങൾക്ക് തുല്യം ഒരു ജലാശയം. പത്ത് ജലാശയങ്ങൾക്ക് തുല്യം ഒരു പുത്രൻ. പത്ത് ഉത്തമ പുത്രന്മാർക്ക് തുല്യം ഒരു മരം. ജലാശയങ്ങളും സസ്യലതാദികളും എത്രത്തോളം മഹത്തരമാണെന്നും അവയ്ക്ക് നമ്മുടെ ജീവിതത്തിൽ എത്രത്തോളം സ്ഥാനമുണ്ടെന്നു വ്യക്തമാക്കുന്നതാണ് ഇത്തരം സുഭാഷിതങ്ങൾ.  

സർവ്വേ ഭവന്തു സുഖിന: എന്ന ഋഷി വചനം സർവ്വ ജീവജാലങ്ങൾക്കും ജീവിക്കാൻ  അവകാശമുണ്ടെന്നും അതിന് അവസരം നൽകേണ്ടത് വിശേഷബുദ്ധിയുള്ള മനുഷ്യന്റെ കടമയാണെന്നു ഉദ്ബോധിപ്പിക്കുന്നു. ജൈവ വൈവിധ്യങ്ങളടെ ആരോഗ്യകരമായ നിലനിൽപ്പിനും, അവാസ വ്യവസ്ഥയയുടെ സന്തുലിതമായ അവസ്ഥയ്ക്കും അനുകല സാഹചര്യം സൃഷ്ടിക്കുന്ന പരിസ്ഥിതിയാണ്  നമ്മുക്ക് വേണ്ടത്.  

പ്രകൃതിയും ഞാനും രണ്ടല്ല എന്ന തിരിച്ചറിവോടെ  പാരസ്പര്യത്തിന്റെയും പങ്കാളിത്തത്തിന്റെയും പാതയിൽ സഹവർത്ത്വിതവും, സഹജഭാവനയും  കാത്ത് സൂക്ഷിക്കുന്ന  ജീവനമാണ് അതിജീവനത്തിന്റെ അടിത്തറ. അത് നമുക്ക് വേണ്ടി മാത്രമല്ല വരുന്ന തലമുറയ്ക്ക് വേണ്ടിയുള്ള  കരുതലും കൂടിയാണ്. 

വയലുകൾ നികത്തിയാലും ,മണൽ വാരി പുഴ നശിച്ചാലും, വനം വെട്ടിയാലും, മാലിന്യ കുമ്പാരങ്ങൾ കൂടിയാലും, കുന്നിടിച്ചാലും ഞങ്ങൾക്ക് യാതൊരു പ്രശ്നവും ഇല്ല എന്ന് കരുതുന്നവരുടെ കാഴ്ചപ്പാടുകൾ മാറ്റപെടേണ്ടതാണ്.ഇത്തരം പ്രശ്നങ്ങൾ മാനവരാശിയുടെ പ്രശ്നമാണ് എന്ന് കരുതി ബോധപൂർവ്വമായി ഇടപെട്ട് ഭൂമിയമ്മയെ സംരക്ഷിക്കാൻ നാം തയ്യാ റായില്ലെങ്കിൽ വരൂ തലമുറ നേരിടുന്നത് വൻ ദുരന്തങ്ങളായിരിക്കും.

ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുകളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ .ലോകത്തിന്റെ എല്ലാ കോണിലും ഗൗരവപൂർണ്ണമായി പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിന്റെ വിപത്തുകൾ കുറക്കാനുള്ള വഴികൾ കണ്ടെത്താനും ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഈ സാമൂഹ്യ ദൗത്യത്തിൽ നമ്മുടെ പങ്ക് വളരെ വലുതാണ്

വനനശീകരണം ,ആഗോള താപനം, അമ്ല മഴ, കാലാവസ്ഥ വ്യതിയാനം കുടിവെള്ള ക്ഷാമം ,പ്രകൃതി ദുരന്തങ്ങൾ, മാലിന്യ പ്രശനങ്ങൾ ഇവയൊക്കെ പരസ്പര പൂരകങ്ങളാണ്. വികസനം എന്നത് ഓരോ വ്യക്തികളുടെയും, രാഷ്ട്രങ്ങളുടെയും സ്വപ്നമാണ്. വികസനത്തിനായ് ഭൂമിയുടെ മാറ് പിളർത്തി ചോരയൂറ്റി. കാമനകൾ പൂർത്തികരിക്കുന്ന രീതി പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ല.  പ്രകൃതിയെ നശിപ്പിച്ചുള്ള വികസനം കൊണ്ട് എന്താണ് നേടുന്നത് എന്ന തിരിച്ചറിവിലൂടെ പ്രകൃതിക്കിണങ്ങിയ പുത്തൻ വികസന മാതൃകകൾ കാലത്തിനൊപ്പം നാം രൂപപ്പെടുത്തിയെടുക്കണം നമ്മുടെ ആവാസ വ്യവസ്ഥയുടെ നിലനിൽപ്പിനായ്.

പച്ചപ്പുകൾ സംരക്ഷിച്ചും ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിച്ചും കീടനാശിനികളും ഉപയോഗം ഗണ്യമായി കുറച്ചും, ജൈവവളത്തിന്റെ ഉപയോഗം വർദ്ധിപ്പിച്ചും മഴവെള്ളം സംഭരിച്ചും കൃഷിയെ ജീവിത്തിന്റെ ഭാഗമാക്കിയും  അന്തരീക്ഷ മലിനീകരണം പരമാവധി നിയന്ത്രിച്ചും, പ്രകൃതിയെ സംരക്ഷണത്തിനായ് ബോധപൂർവ്വമായുള്ള പ്രവർത്തനമാണ് ഇന്ന് കാലം  നമ്മോട് ആവശ്യപ്പെടുന്നത്. നമ്മുടെ പൂർവ്‍വികർക്ക് പ്രകൃതി സംരക്ഷണമെന്നത്  അവരുടെ ജീവിതം തന്നെ ആയിരുന്നു അതു കൊണ്ട് തന്നെ ആരാധനകളിലും ആചാരങ്ങളിലും പ്രകൃതി സംരക്ഷണം നിറഞ്ഞ് നിന്നിരുന്നു. പ്രകൃതി സംരക്ഷണം എന്നാൽ വിശുദ്ധമായ ജീവിതരീതി  എന്നാണ്. ഭാരതത്തിന്റെ പരിസ്ഥിതി സൗഹൃദമായ വീക്ഷണത്തെ ലോകത്തിന് പകർന്ന് കൊടുക്കുവാൻ നമുക്കായാൽ പ്രപഞ്ചത്തിൽ ഭൂമി ആവാസ യോഗ്യമായ ഒരു ഗ്രഹമായി അവശേഷിക്കും.

നാൽപ്പത്തിയാറാമത് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്ന ഈ വേളയിൽ പാരിസ്ഥിതി വിവേകമുള്ള ,ധാർമ്മിക ബോധത്തിലധിഷ്ഠമായ ഒരു ജീവന പദ്ധതിയിലൂടെ നമുക്ക് ഭൂമിയമ്മയുടെ കണ്ണിരൊപ്പാം

 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed