കുരുക്കാൻ‍ ഗൈത്തുമാർ‍


ഞായറാഴ്ച കാലത്ത് പതിവുപോലെ ലോകജാലകത്തിന്‍റെ പണിത്തിരക്കുകൾക്കിടെയായിരുന്നു ഹാൻ‍ഡ്സെറ്റിൽ ഫെയ്സ് ബുക്ക് നോട്ടിഫിക്കേഷൻ‍ ശബ്ദം ശ്രദ്ധയിൽ‍പ്പെട്ടത്. ഒരു ഫ്രണ്ട് റിക്വസ്റ്റാണ്. റിക്വസ്റ്റ് അയച്ചയാളുടെ പ്രൊഫൈൽ‍ നോക്കിയ ശേഷമേ ഇപ്പോൾ അക്സെപ്റ്റ് ചെയ്യാറുള്ളൂ. ആയതുകൊണ്ട് ആളുടെ പ്രൊഫൈലിൽ‍ ഒന്നു പാളി നോക്കി. അറിയാവുന്ന പല പ്രമുഖരും അയാളുടെ ചങ്ങാതിപ്പട്ടികയിലുമുണ്ട്. കൂടുതലൊന്നും നോക്കാതെ സംഗതി അക്സെപ്റ്റും ചെയ്തു. അൽപം കഴിഞ്ഞപ്പോഴുണ്ട് ആളുടെ ഒരു ചാറ്റ് മെസേജ്. ഹലോ ചങ്ങായീ, എന്തുണ്ട് വിശേഷം... എന്നതാണ് ആംഗലേയ സന്ദേശത്തിന്‍റെ വാച്യാർ‍ത്ഥം. നല്ലതു തന്നെയെന്നു മറുപടിയും കൊടുത്തു. 

ഇടവിട്ടുള്ള സംഭാഷണം പുരോഗമിക്കു
ന്പോൾ ഇപ്പോൾ ഇറാക്കിൽ‍ സേവനമനുഷ്ടിക്കുന്ന അമേരിക്കൻ‍ സൈനികനാണ് താനെന്ന് ഞാൻ‍ അങ്ങോട്ടൊന്നും ചോദിക്കാതെ തന്നെ ഗൈത്തെന്ന പേരുകാരനായ ആ പുതിയ ഫെയ്സ് ബുക്ക് സുഹൃത്ത് ചാറ്റിൽ‍ മൊഴിഞ്ഞു. പരിചയപ്പെട്ടതിൽ‍ ഇതിൽ‍പ്പരം സന്തോഷം വേറെയില്ലെന്നും നമുക്കൊരുമിച്ച് ഒരുപാടുകാര്യങ്ങൾ ചെയ്യാനുണ്ടെന്നുമൊക്കെ നിന്ന നിൽ‍പ്പിലെന്ന പോലെ ഗൈത്തണ്ണൻ‍ പറഞ്ഞു. ഇതോടെ സംഗതിയുടെ പോക്ക് എങ്ങോട്ടെന്നത് പകൽ‍ പോലെ വ്യക്തമായി. കോളം തീർ‍ക്കാനുണ്ടായിരുന്നതു കൊണ്ട് അതു തുടർ‍ന്നു ശ്രദ്ധിക്കാനും മനസ്സു വന്നില്ല.

ഇന്നലെ കാലത്ത് കൃത്യം 7.40 ന് ഗൈത്ത് വീണ്ടും സജീവമായി. 
“പ്രിയ തോഴാ താങ്കളൊന്നും മിണ്ടുന്നില്ല”... എന്ന പരിഭവത്തോടെയായിരുന്നു ഇന്നലത്തെ സംഭാഷണത്തിന്‍റെ തുടക്കം.  “പറയൂ” എന്ന എന്‍റെ മറുപടി ചെന്നതും “നമുക്കൊരുമിച്ച് ബിസിനസ് ചെയ്യാനുണ്ടെന്നും അതിന്‍റെ വിവരങ്ങൾ അയച്ചുതരാനായി എന്‍റെ ഈമെയിൽ‍ വിലാസം നൽ‍കണമെന്നുമായിരുന്നു ഗൈത്തിന്‍റെ ആവശ്യം. വിലാസം അയച്ചുകൊടുക്കാനുള്ള ഗൈത്തിന്‍റെ ഈമെയിൽ‍ വിലാസവും ഉടൻ‍ വന്നു. 

 അതൊക്കെ പിന്നീടാവാമെന്നുപറഞ്ഞ് ഞാൻ‍ ഉപായത്തിൽ‍ ആ സംഭാഷണത്തിൽ‍ നിന്നും ഒഴിഞ്ഞു. പക്ഷേ ഗൈത്തുണ്ടോ വിടുന്നു. കുറഞ്ഞ നാൾകൊണ്ട് എന്നെയും കോടീശ്വരനാക്കാൻ‍ പോന്ന ബിസിനസ് പ്ലാൻ ചാറ്റ്ബോക്സിൽ‍ വന്നുകൊണ്ടിരുന്നു. ഇറാഖിൽ‍ ഒരു സൈനിക നടപടിക്കിടെ താനുൾപ്പെടുന്ന അമേരിക്കൻ‍ സൈനിക സംഘം സദ്ദാം അനുകൂലികളായ തീവ്രവാദികളുടെ വൻ‍ ധനശേഖരം കണ്ടെത്തിയെന്നതാണ് ഈ കഥയുടെ തുടക്കം. നിലവിലുള്ള ഇറാഖി സർ‍ക്കാരിനെ അട്ടിമറിക്കാൻ‍ വിദേശത്തു നിന്നും ആയുധം വാങ്ങാൻ‍ ഉദ്ദേശിച്ചുള്ള ഈ പണം തിരച്ചിൽ‍ നടത്തിയ സൈനിക സംഘത്തിലെ മേധാവികൾ വീതിച്ചെടുക്കാൻ‍ തീരുമാനിക്കുന്നു. പത്തര മില്യൺ ഡോളറാണ് ഇതിൽ‍ ഗൈത്തിന്‍റെ വീതം. തുക ഇറാഖിൽ‍ നിന്നും ഒരു നയതന്ത്രജ്ഞന്‍റെ കൈവശം തായ്ലന്‍റിൽ‍ എത്തിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവർ‍ത്തനങ്ങൾക്കും ബിസിനസ് ആവശ്യങ്ങൾക്കുമായി തുക വിനിയോഗിക്കാനാണ് ഗൈത്ത് പദ്ധതിയിടുന്നത്.

ബാങ്കോക്കിൽ‍ പോയി നയതന്ത്രജ്ഞന്‍റെ പക്കൽ‍ നിന്നും തുക ഏറ്റുവാങ്ങുക എന്നതാണ് ഗൈത്ത് എന്നെ ഏൽ‍പ്പിക്കുന്ന ദൗത്യം. അതൊട്ടു ചുമ്മാതെയുമല്ല. 15 ശതമാനമാണ് ഇതിനുള്ള സർ‍വ്വീസ് ചാർ‍ജ്ജ്. നിരന്തരമായ പ്രാർ‍ത്ഥനയിലൂടെയാണ് ഈ ദൗത്യത്തിനുള്ള പങ്കാളിയായി എന്നെ തെരഞ്ഞെടുക്കാൻ‍ തോന്നിച്ചതെന്നും ഗൈത്ത് പറയുന്നു.

ഇന്‍റർ‍നെറ്റു വഴിയുള്ള ഒരുപാടു തട്ടിപ്പുകളിൽ‍ ഒന്നിനെക്കുറിച്ചുള്ള നേരനുഭവ സാക്ഷ്യത്തിന് ആവശ്യത്തിനുള്ള വിവരങ്ങളായതോടേ താങ്കളെ സഹായിക്കാനുള്ള ശേഷി എനിക്കില്ല. ദയവായി മറ്റാരെയെങ്കിലും നോക്കൂ... എന്നു പറഞ്ഞ് ഞാൻ‍ സംഭാഷണം അവിടെയവസാനിപ്പിച്ചു. കാര്യം പുടികിട്ടിയ ഗൈത്ത് ഓക്കേ എന്ന ഒറ്റവാക്കിൽ‍ മറുപടിയൊതുക്കി അടുത്ത ഇരയെ തിരഞ്ഞും പോയി. 

പണകൈമാറ്റത്തിനുള്ള കാര്യങ്ങൾ‍ക്കായി ഏതാനും ലക്ഷങ്ങൾ‍ തനിക്കു കൈവായ്പ നൽ‍കണമെന്ന ആവശ്യമാണ് ഇത്തരക്കാരിൽ‍ നിന്നും അടുത്ത പടിയായി ഉണ്ടാവുക. പലരും ഇതിൽ‍ വീണു പോകുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. നമ്മിൽ‍ പലർ‍ക്കും ഇത്തരം അനുഭവങ്ങൾ അനുദിനം ഉണ്ടാവാറുണ്ട്. എങ്കിലും ഈ ചതിവലകളിൽ‍ കുരുങ്ങി പണം നഷ്ടപ്പെടുത്തുന്നവർ‍ ഒരുപാടുപേരുണ്ട് നമുക്കു ചുറ്റും. സോഷ്യൽ‍ മീഡിയയിൽ‍ മാത്രം പരിചയമുള്ള ഏതോ ഒരാൾ അവരുമായി മറ്റു യാതൊരു ബന്ധവുമില്ലാത്ത നമുക്കായി കോടികൾ വെച്ചു നീട്ടുക എന്നത് അസംഭാവ്യമാണെന്ന കാര്യം പണത്തോടുള്ള മനുഷ്യന്‍റെ ഒടുങ്ങാത്ത അത്യാർ‍ത്തി മൂലം അൽപ നേരത്തേക്കെങ്കിലും മറക്കുന്നവരാണ് ഈ ചതിക്കുഴികളിൽ‍ പെട്ടു പോകുന്നത്. ഇതു മുതലെടുത്ത് നൈജീരിയയിലും മൊസാന്പിക്കിലുമൊക്കെയുള്ള തട്ടിപ്പുകാർ‍ നമ്മളെ കുടുക്കാൻ‍ അനസ്യൂതം ശ്രമം തുടരുകയാണ്.  എത്ര ആടു, തേക്കു, മാഞ്ചിയങ്ങൾ കണ്ടാലും മലയാളിയാവട്ടെ പാഠം പഠിക്കുകയുമില്ല.

You might also like

Most Viewed