‘കണ്ണേ മടങ്ങുക’− ലോകം സംവദിക്കുന്ന കാഴ്ച്ചകൾ


പലചരക്ക് കടയിൽ നിന്ന് സാധനങ്ങൾ പൊതിഞ്ഞു കിട്ടിയ പേപ്പറിൽ വന്ന ചിത്രം കണ്ടപ്പോഴാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയുടെ ദയനീയാവസ്ഥ മനസ്സിലാക്കാൻ കഴിഞ്ഞത്. അന്നത്തെ ആ ദൃശ്യ വാർത്ത കേരളക്കരയാകെ സംസാര വിഷയമായി. ഭരണസിരാ കേന്ദ്രത്തിന്റെ മൂക്കിൻതുന്പത്തായിട്ട് പോലും അധികാര മേലാളന്മാർ അറിഞ്ഞതേയില്ല, ഒരുപക്ഷേ അറിഞ്ഞിട്ടും അറിഞ്ഞ ഭാവം നടിച്ചില്ല. അപ്പോഴാണ് വാർത്താ മാധ്യമങ്ങൾ ചിത്രത്തിലൂടെ അവഗണനയുടെ പരാതിയും മനുഷ്യത്വ രഹിതമായ മനസാക്ഷികളുടെ പ്രവർത്തിയും ജനത്തെ അറിയിച്ചത്. അതുമൂലം ജനറൽ ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാൻ അധികാരികൾ തയ്യാറായി. പിന്നീട് ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾക്കെല്ലായിപ്പോഴും ആ ചിത്രം മുഖചിത്രമായി വരാറുണ്ടായിരുന്നു.

മുല്ലപ്പൂ വിപ്ലവം വിവിധ അറബ് രാജ്യങ്ങളിൽ ആശാവഹമായ മാറ്റങ്ങൾ സമ്മാനിച്ചു എന്ന് പറയുന്പോഴും സ്ഥിരതയിൽ നിന്ന് അസ്ഥിരതയിലേയ്ക്ക് ആ രാജ്യങ്ങൾ ചെന്ന് ചാടിയോ എന്ന ആശങ്കയും നിലനിൽക്കുന്നു. ഈജിപ്ത്, ലിബിയ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളുടെ വിപ്ലവത്തിന് ശേഷമുള്ള അവസ്ഥ നോക്കിയാൽ ഇത് വ്യക്തവുമാണ്. ഈ വിപ്ലവങ്ങളൊക്കെ രാഷ്ട്രീയ അധീശത്വം ഉറപ്പിക്കാൻ വേണ്ടി അമേരിക്കൻ-യൂറോപ്പ് അച്ചുതണ്ട് പ്രവർത്തിച്ചു എന്ന് വേണം പിന്നീടു നടന്ന സംഭവങ്ങൾ നൽകുന്ന ചിന്ത. ഒരുപക്ഷേ ഇറാഖിൽ നടന്നതുപോലെയുള്ള നേരിട്ടുള്ള ആക്രമണങ്ങൾ സ്വാഭാവികമായും ലോകമനസ്സിനെ സ്വവഴിയിലേയ്ക്ക് കൊണ്ടുവരാൻ കഴിയില്ല എന്ന തിരിച്ചറിവിൽ നിന്നുമായിരിക്കാം അതാതു രാജ്യങ്ങളിലെ റിബലുകൾക്ക് ആവശ്യം വേണ്ട പരിശീലനവും ആയുധവും നൽകി വളർത്തി രാജ്യ ഭരണത്തിനെതിരെ വിപ്ലവം നടത്താൻ പ്രചോദനം നൽകിയത്. ഭരണത്തിലും സാന്പത്തിക അച്ചടക്കത്തിലും ഏറെക്കുറെ ശക്തമായ സിറിയയെ വരുതിയിൽ നിർത്താൻ റഷ്യയുടെ ഇടപെടൽ മൂലം  നേരിട്ടുള്ള ആക്രമണം സാധ്യമാകാതെ വന്നപ്പോഴാണ്, ‘ലാദന്” ശേഷം “ഐഎസ്”, രംഗപ്രവേശം ചെയ്തത്. ഇപ്പോൾ സിറിയൻ മണ്ണ് ദിവസം കഴിയുന്തോറും ചോരക്കളമായി മാറികൊണ്ടിരിക്കുന്നു. 

ഐലാൻ കുർദി − ഒരു സിറിയൻ ബാലൻ, തീരത്തടിഞ്ഞ കുഞ്ഞു രക്തസാക്ഷി. ഈ ചിത്രം ഏവരുടെയും ഹൃദയം തകർക്കുന്ന ഒരു കാഴ്ചയായിരുന്നു. ലോക മനസ്സാക്ഷിക്കു മൗനം വെടിയേണ്ടിവന്ന അനശ്വര ചിത്രം. പാശ്ചാത്യ പിന്തുണയോടെ ഐഎസ് എന്ന തീവ്രവാദ സംഘടന നടത്തുന്ന കൂട്ടക്കുരുതിമൂലം സിറിയയിൽ നിന്ന് പാലായനം ചെയ്യേണ്ടി വന്ന ആയിരക്കണക്കിന് ജനതയെ സ്വീകരിക്കാതെ മാറി നിന്ന യൂറോപ്പിന് മുന്നിലേയ്ക്കാണ് മണലിൽ പൂഴ്ത്തി വെച്ച മുഖവുമായി ഐലാൻ എന്ന മൂന്ന് വയസ്സുകാരന്റെ ചിത്രം തുറന്നത്. ഒടുവിൽ ജർമ്മനിയും ഫ്രാൻസും ഹങ്കറിയും ആസ്ട്രിയയുമൊക്കെ വാതിൽ തുറന്ന് അവരെ സ്വീകരിച്ചു തുടങ്ങി. ലോകത്തിന്റെ ഏത് ഭാഗത്തും മനുഷ്യനിർമ്മിതിയോ പ്രകൃതി നിർമ്മിതിയോ ആയ ദുരന്തങ്ങൾക്ക് എക്കാലത്തും ഇതുപോലെയുള്ള ദൃശ്യങ്ങൾ ഉണ്ടാവുകയും അത് ആ ദുരന്തങ്ങളുടെ വ്യാപ്തിയെകുറിച്ചുള്ള ചിന്തയിലേയ്ക്ക് നമ്മെ നയിക്കുകയും ചെയ്യും.

ഈ വർഷം തന്നെ നാം കേട്ടതാണ്, മതപരമായ വിവേചനം മൂലം സ്വന്തം രാജ്യത്ത് നി
ന്നും പാലായനം ചെയ്യേണ്ടി വന്ന റോഹ്യങ്കൻ അഭയാർത്ഥികളെക്കുറിച്ച്, സ്വന്തം തീരത്തേക്ക് അടുക്കാൻ അയൽ രാജ്യങ്ങൾ അനുമതി നിഷേധിച്ചതിനാൽ ദിവസങ്ങളോളം നടുക്കടലിൽ ഉപ്പ് വെള്ളം മാത്രം കുടിച്ചു, പിടഞ്ഞു വീണു മരിക്കുന്ന സ്വന്തം കുട്ടികളെ സമുദ്രഗർത്തത്തിലേക്ക് മത്സ്യങ്ങൾക്ക് ആഹാരത്തിനായി എറിഞ്ഞു കൊടുക്കേണ്ടിവന്ന ഹത ഭാഗ്യരുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളും ലോകം അറിയുന്നത് ഇതുപോലെ ഒരു ചിത്രത്തോട് കൂടിയായിരുന്നു. 

മേഴ്സി എന്ന വേൾഡ് ട്രേഡ് സെന്റർ ജീവനക്കാരിയായ യുവതിയുടെ ശരീരത്തിലാകമാനം പൊടിപിടിച്ച് ഒരു പ്രതിമകണക്കെ നിൽക്കുന്ന ചിത്രം സപ്തംബർ 11 ഭീകരാക്രമണത്തിന്റെ ദുരന്തത്തിന്റെ ആഴവും ഭീതിയും വ്യക്തമാക്കുന്നതായിരുന്നു. പിന്നീട് The Dust Lady, എന്ന പേരിൽ സപ്തംബർ 11 ഭീകരാക്രമണത്തിന്റെ ഐക്കണായി മാറിയ ഈ യുവതി, ഈ അടുത്തകാലത്ത് അർബുദ രോഗം പിടിപ്പെട്ടു മരണപ്പെട്ടു. അമേരിക്ക നടത്തിയ  വിയറ്റ്നാം യുദ്ധത്തിന്റെ തീക്ഷണത വിളിച്ചോതുന്നതായിരുന്നു ഫാൻകിം ഫുക് (Phan Thị Kim Phúc) എന്ന ഒന്പത് വയസ്സുകാരിയുടെ ജീവനും വാരിപ്പിടിച്ചുള്ള 
ഓട്ടത്തിന്റെ ചിത്രം. ഇടതടവില്ലാതെ അമേരിക്ക
ൻ വിമാനങ്ങൾ ചാറ്റൽ മഴ കണക്കെ നാംപാം ബോംബുകൾ വർഷിച്ചപ്പോൾ തീപിടിച്ച സ്വന്തം വസ്ത്രം ഉരിഞ്ഞു ശരീരമാസസകലം പൊള്ളലേറ്റ് നഗ്നയായി കരഞ്ഞുകൊണ്ട് ഓടിപ്പോകുന്നതായിരുന്നു ആ ചിത്രം. വിയറ്റ്നാം യുദ്ധത്തിന്റെ മുഖം ലോകത്തിന് മുന്പിൽ വരച്ചു കാണിക്കാൻ ഈ ചിത്രത്തിന് സാധ്യമായി. ആ ഫോട്ടോഗ്രാഫാറെത്തേടി നിരവധി ലോകോത്തര പുരസ്കാരങ്ങൾ വന്നെങ്കിലും, അതിലും വലിയ മനുഷത്വ മുഖം, ദേഹമാസകലം പൊള്ളലേറ്റ കിം ഫുക്കിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതായിരിക്കണം. 30 ശതമാനം പൊള്ളലേറ്റ അവളെ എടുത്തുകൊണ്ട് ഓടി മെഡിക്കൽ ക്യാന്പിലത്തെിച്ചതും ആ ഫോട്ടോഗ്രാഫറായിരുന്നു എന്നത് ഇന്നും പത്രപ്രവർത്തനത്തിന്റെ നൈതികതയെക്കുറിച്ചുള്ള ചർച്ചകളെ സജീവമാക്കുന്നു.  മാത്രവുമല്ല വർഷങ്ങൾക്കു ശേഷം അവരെത്തന്നെ തന്റെ ജീവിത സഖിയാക്കിയതും ആ ഫോട്ടോഗ്രാഫറുടെ മാനുഷിക മൂല്യത്തിന്റെ നിലക്കാത്ത പ്രവാഹമായി ലോകം കണ്ടു.  

ഒരു പക്ഷെ ലോകത്തെ ഏറ്റവും കൂടുതൽ മനുഷ്യ മനസ്സിനെ സ്വാധീനിച്ച ചിത്രം സുഡാനിലെ പട്ടിണിയെ വിഷയമാക്കി സൗത്ത് ആഫ്രിക്കൻ ജേർണലിസ്റ്റായ കെവിൻ കാർട്ടർ 1993ൽ എടുത്ത ചിത്രമാണ്. പട്ടിണിമൂലം മരിക്കാനിരിക്കുന്ന ഒരു കുഞ്ഞും പിറകിൽ തന്റെ ഇരയെയും കാത്തിരിക്കുന്ന ഒരു കഴുകനുമായിരുന്നു ചിത്രത്തിൽ. ഹൃദയമുള്ള ആരെയും വേദനിപ്പിക്കുന്ന ഒരു ദയനീയ ചിത്രം ആയിരുന്നു അത്. പിന്നീടുള്ള ആ കുട്ടിയുടെ അവസ്ഥയെകുറിച്ച് പത്രപ്രവർത്തകൻ പ്രതി പാതിച്ചില്ല എന്ന കാരണത്താൽ ജനങ്ങൾ കെവിന് നേരെ വിമർശനങ്ങളെയ്തു. പക്ഷെ എന്തിനും ഏതിനും വിവാദങ്ങൾ സൃഷ്ടിക്കുന്ന കപട ജനതയ്ക്ക് മുന്നിൽ മുട്ട് മടക്കി  കെവിൻ അവസാനം 1994 ജൂലൈ 27ന് ആത്മഹത്യ ചെയ്തു. ഇന്നും പട്ടിണി എന്ന് കേൾക്കുന്പോൾ സുഡാനും, ആ ചിത്രവും നമ്മുടെ മുന്നിൽ ഹൃദയവേദനയോടെ കടന്നു വരും. 

ഇതുപോലെയൊക്കെയാണ് അല്ല ഇതിലും ഭയാനകരമായിരുന്നു ഇന്ത്യയെ സന്പന്ധിച്ചിടത്തോളം ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും. സവർണ്ണ ഫാസിസ്റ്റ് ഭരണകുടവും അവർ നിയന്ത്രിച്ചിരുന്ന അല്ലങ്കിൽ അവരെ ഭയപ്പെട്ടിരുന്ന മീഡിയകളും പരമാവധി സത്യങ്ങൾ പുറം ലോകത്തെ അറിയിക്കുന്നതിൽ നിന്നും മാറി നിന്നിട്ടും തന്നെ വധിക്കാൻ വന്നവർക്ക് നേരെ കൈകൂപ്പി രക്ഷിക്കണേ എന്ന് നിലവിളിക്കുന്ന ഖുത്തുബുദ്ദീൻ അൻസാരിയുടെ ചിത്രം ഫോട്ടോഗ്രാഫറായ “ആർക്കോ ദത്ത” പകർത്തി പുറത്തു വിട്ടത് കലാപത്തിന്റെ രൂക്ഷത എത്രത്തോളം ഉണ്ട് എന്ന് മനസ്സാക്ഷി മരവിച്ചിട്ടാല്ലത്തവർക്ക് മുന്നിൽ വെളിവാക്കാൻ കഴിഞ്ഞു. ഒരു പക്ഷെ ആ ചിത്രത്തിന് കലാപം അറുതി വരുത്താൻ കഴിഞ്ഞുവെങ്കിലും 10 വർഷങ്ങൾക്ക് മുന്പ് നടന്ന ബാബറി ദ്വംസനത്തിന്റെ മാറി വന്ന കറുത്ത പാട് ലോകത്തിന് മുന്നിൽ ഇന്ത്യയുടെ മുഖം വീണ്ടും വികൃതമാക്കി.  അതായിരിക്കാം “സത്യത്തിന്റെ മുഖം വികൃതമാണ്” എന്ന വാക്യം പ്രസക്തമാകുന്നത്.

You might also like

Most Viewed