ചില സൂര്യാസ്തമന സൂചനകൾ
ഒന്നു രണ്ടു ദശാബ്ദങ്ങൾക്കിടെയുണ്ടായ ഏറ്റവും വലിയ പൊടിക്കാറ്റിൽ ഇന്നലെ ബഹ്റിൻ ശരിക്കും ശ്വാസം മുട്ടി. അപ്പാർട്ടുമെന്‍റുകളുടെ അകത്തളങ്ങളിൽ പോലും പൊടിക്കാറ്റും പൊടിയും കടന്നെത്തി. ഗുദൈബിയയിൽ നിന്നും സിഞ്ചിലെ ഫ്ളാറ്റിലേക്കുള്ള ഡ്രൈവ് ആയാസകരമായിരുന്നെങ്കിലും ആസ്വദിച്ചു. എങ്കിലും മനസിന്‍റെ ഉള്ളിലെ ശ്വാസം മുട്ടൽ മാറുന്നില്ല. അതിനു കാരണം പക്ഷെ വെളിയിലെ പൊടിക്കാറ്റായിരുന്നില്ല. കടലിനപ്പുറത്ത്, നാട്ടിലെ പഴയ സഹപ്രവർത്തകരുടെ ആശങ്കകളും പഴയ ലാവണം സംബന്ധിച്ച ശുഭകരമല്ലാത്ത വാർത്തകളുമായിരുന്നു അസ്വസ്ഥതയ്ക്കു കാരണം. വഴി പിരിഞ്ഞിട്ടും നന്നായി തന്നെ തുടർന്ന വ്യക്തിബന്ധങ്ങളും കോർപ്പറേറ്റ് ലോകത്തെ സൺ ടി.വി മാതൃകയെക്കുറിച്ച്, അതിന്‍റെ ഭാഗമായിരുന്നപ്പോൾ ആരംഭിച്ച നിരീക്ഷണം അഭംഗുരം തുടർന്നതും അതിനു കാരണമായി.
വളർച്ചയുടെ വലിയ മാതൃകയായിരുന്നു വളരെക്കാലം എനിക്കു സൺ ടി.വിയും സൂര്യയും ജെമിനിയുമൊക്കെ. അതിന്‍റെ, കലാനിധി മാരൻ എന്ന അമരക്കാരനാവട്ടെ, തീരുമാനമെടുക്കലിന്‍റെ കാര്യത്തിൽ അടുത്തുകണ്ട അവസാനവാക്കുമായിരുന്നു. അടുത്തറിഞ്ഞവർക്ക് അത്ഭുതവും. മാരൻ സഹോദരന്മാർ ഇന്ന് അഴിമതിയുടെയും അധികാര ദുർവിനിയോഗത്തിന്‍റെയും മകുടോദാഹരണങ്ങളാണ്. എന്നാൽ കരളുറപ്പിന്‍റെയും കഠിനാദ്ധ്വാനത്തിന്‍റെയും കൃത്യമായ തീരുമാനമെടുക്കലുകളുടേയും കഠിന പാതകളിലൂടെയാണ് മാരന്മാർ ഉയരങ്ങൾ താണ്ടിത്തുടങ്ങിയത് എന്നതാണ് വാസ്തവം. ആ വഴികളിൽ അച്ഛന്‍റെയും മുത്തശ്ശന്‍റെയുമൊക്കെ രാഷ്ട്രീയ പിൻബലം അവരെ ഒട്ടൊന്നുമല്ല സഹായിച്ചത്. ഇവിടെ ഒരു കാര്യം ശ്രദ്ധേയമാണ്. മാരന്മാരേപ്പോലെ തന്നെ രാഷ്ട്രീയ പിന്തുണയുണ്ടായിരുന്ന മക്കൾ വ്യവസായികളിൽ മറ്റാരും അവരോളം നേട്ടങ്ങളുണ്ടാക്കിയില്ല. അതുകൊണ്ടുതന്നെ അവരുടെ ശ്രമങ്ങൾക്കുള്ള പിന്തുണ മാത്രമായിരുന്നു പൂർവ്വപിതാക്കന്മാരുടെ രാഷ്ട്രീയ ശക്തി.
ഇന്ത്യൻ മാധ്യമ ലോകത്തിന്റെ മാറ്റം കണ്ടറിഞ്ഞ് മുന്പേ നടന്നവരാണ് മാരൻ സഹോദരന്മാരായ ദയാനിധി മാരനും കലാനിധി മാരനും. ചാനലുകളുടെ വരവിനും മുന്പേ വീഡിയോ മാഗസിനുകളുടെ ഒരു ഇടക്കാലമുണ്ടായിരുന്നു എന്നത് നമ്മിൽ പലരും വിസ്മരിച്ചു കഴിഞ്ഞ യാഥാർത്ഥ്യമാണ്. ചാനലുകളിലേക്ക് നയിച്ച ആദ്യ ചുവടു വെയ്ക്കാൻ ഇന്ത്യയിൽ ആദ്യമിറങ്ങിയവരിൽ മാരന്മാരും ഉണ്ടായിരുന്നു. പൂമാല കാസെറ്റ്സ് എന്ന ആ സംരംഭത്തിന്റെ ഉദ്ഘാടനം നടത്തിക്കൊടുത്തത് കലൈഞ്ജർ കരുണാനിധി. ഉദ്ഘാടനത്തിനായി വലിയൊരു പൂമാലയുമായി അണ്ണാ അറിവാലയമെന്ന ഡി.എം.കെ ആസ്ഥാനത്തേക്ക് സഹോദരന്മാരും സുഹൃത്തുക്കളും ചേർന്ന സംഘം പോകുന്പോൾ എതിരെയെത്തിയത് അണ്ണാ ഡി.എം.കെ ജാഥ. എതിരാളികളുടെ കയ്യേറ്റത്തിൽ സൈക്കിൾ തകർന്നു. പൂമാല തീമാലയായി.
പക്ഷെ മാരന്മാർ മുന്നോട്ടു വെച്ച കാല് പിന്നോട്ടെടുത്തില്ല. പൂമാല ഹിറ്റായി, ഒപ്പം ടെലിവിഷൻ പ്രോഗ്രാം പ്രൊഡക്ഷന്റെ ബാലപാഠങ്ങളും തന്ത്രങ്ങളും മാരന്മാർക്ക് വശവുമായി. സീ ടിവിയുടെ വിജയം കൂടി കണ്ടതോടെ പൊട്ടിമുളച്ച ചാനൽ താൽപ്പര്യം സൺ ടി.വി ജനനത്തിനു വഴി വെയ്ക്കുന്പോൾ ആ രംഗത്ത് തെക്കേ ഇന്ത്യയിൽ മുൻ മാതൃകകൾ വേറെയില്ല. ഇന്നത്തെപ്പോലെ പ്രൊഫഷനലുകളുടെ കുത്തൊഴുക്കില്ലാതിരുന്ന തുടക്ക കാലത്ത് ഓരോ പദവികളിലേക്കും യോജിച്ചവരെ കണ്ടെത്തുന്നതിലും അവരെയൊക്കെ ആ സ്ഥാനങ്ങൾക്ക് യോജിച്ചവരാക്കിത്തീർക്കുന്നതിലും അവർ കാട്ടിയ വൈഭവം തികച്ചും അത്ഭുതാവഹമായിരുന്നു. അക്കാലത്തൊക്കെ സ്ഥാപനത്തിലെ ജീവനക്കാരുമായി മികച്ച ബന്ധം പുലർത്തിയ സഹോദരന്മാർ ജീവനക്കാരെ കണ്ടത് കുടുംബാംഗങ്ങളെ പോലെതന്നെയായിരുന്നു. മികച്ച സംരംഭകനെന്ന നിലയിൽ ആദ്യമായി കിട്ടിയ 50 കിലോ സ്വർണ്ണസമ്മാനം ആ ജീവനക്കാർക്കായി വീതിച്ചു നൽകുകയായിരുന്നു അദ്ദേഹം.
പക്ഷെ ഏറെക്കാലം കഴിയും മുന്പ് സണ്ണിന്റെ ബാനറിൽ ചാനലുകൾ എണ്ണമില്ലാതാവുകയും വ്യവസായ സാമ്രാജ്യം വ്യോമപഥങ്ങൾ കീഴടക്കുകയും ചെയ്തതോടെ മാരന്മാരുടെ സമീപനങ്ങളിലും കാര്യമായ മാറ്റംവന്നു. തങ്ങളുടെ ആസ്തി വർദ്ധിപ്പിക്കാൻ മാത്രമുള്ള ഉപകരണങ്ങളായിത്തീർന്നു തൊഴിലാളികൾ. കഷ്ടപ്പാടുകളുടെ തുടക്കകാലത്ത് കൂടെനിന്നു നേട്ടമുണ്ടാക്കി നൽകിയവർ പലയിടത്തും തഴയപ്പെട്ടു. രാഷ്ട്രീയവും അധികാരസ്ഥാനങ്ങളും സാന്പത്തിക നേട്ടത്തിനുള്ള ഉപാധികൾ മാത്രമായി. കൂടുതൽ അധികാരം പോലെ കൂടുതൽ പണവും കൂടുതൽ ദുഷിപ്പിക്കുമെന്നു വ്യക്തമായി. ഒടുവിൽ ഇരുവരും വഴിവിട്ടുള്ള ഇടപാടുകളുടെയും ഇടപെടലുകളുടെയും വിലനൽകേണ്ട ഗതിയിലെത്തിനിൽക്കുന്നു. കാവ്യനീതി നടപ്പാക്കപ്പെടുന്നു.
പക്ഷെ ഈ തകർച്ചയിൽ നിരപരാധികളായ നിരവധി ജീവനക്കാരും കഷ്ടത്തിലാവുകയാണ്. ഒരു വ്യാഴ വട്ടക്കാലം എനിക്കും അന്നമൂട്ടിയ സൂര്യ വാർത്തകളും ഇല്ലാതാവുന്നതായാണ് സുഹൃത്തുക്കൾ നൽകുന്ന സൂചന.
അങ്ങനെ ഉണ്ടാകാതിരിക്കട്ടെ. പ്രവാസ ഭൂമിയില നമ്മളെ കുഴക്കിയ പൊടിക്കാറ്റ് ഒഴിവായതു പോലെ അവരുടെ ആശങ്കകളും ഇല്ലാതാവുമെന്ന് പ്രത്യാശിക്കാം.