ഗജേന്ദ്ര മോക്ഷം
വി.ആർ സത്യദേവ്
ഭൂമിമലയാളത്തിൽ സിനിമാ താരങ്ങൾക്കൊപ്പം താരപ്പൊലിമയുള്ളവരാണ് ഗജകേസരികൾ. ലക്ഷണമൊത്ത കൊന്പന്മാർ ആന പ്രേമികൾക്കു മാത്രമല്ല സാധാരണക്കാർക്കു പോലും പരിചിതരാണ്. ഉയർന്ന മസ്തകവും നീണ്ടെടുത്ത കൊന്പുകളും നിലത്തിഴയുന്ന തുന്പിയും വലിയ ചെവികളും ഒക്കെയുള്ള പാന്പാടി രാജനും തിരുവന്പാടി ശിവസുന്ദറുമൊക്കെ നമ്മിൽ പലർക്കും മോഹൻലാലും മമ്മൂട്ടിയും തന്നെയാണ്. പാന്പാടി രാജനും പാന്പാടി സുന്ദരനും നാട്ടിലുള്ളപ്പോൾ രണ്ടാളുടെയും കുളി സീൻ വരെ കാണാൻ തോട്ടു വക്കിലെ മൈയിൽ കുറ്റിയിലും കലുങ്കിലുമൊക്കെ മണിക്കൂറുകളോളം കുത്തിയിരിക്കുന്നവർ ഈയുള്ളവനടക്കം നിരവധിയാണ്. അവരുടെ അഴകളവുകളെല്ലാം നമ്മിൽ പലർക്കും മനഃപാഠവുമാണ്. വാർദ്ധക്യമെത്തിയിട്ടും എഴുന്നള്ളത്തുകളിൽ സജീവ സാന്നിദ്ധ്യമായ ഗുരുവായൂർ പത്മനാഭൻ പഴയ ഗുരുവായൂർ കേശവനെന്ന താരത്തിന്റെ പുനരവതാരമാണെന്നു വിശ്വസിക്കുന്നവർ ഏറെ.
ആളെ ഏറെ കൊന്ന് ഒട്ടേറെ അതിക്രമങ്ങളും കാട്ടി ആവശ്യത്തിലേറെ പേരു ദോഷം സന്പാദിച്ചിട്ടും കേരളത്തിലെ ആനകളിലെ പൊക്കക്കാരൻ സാക്ഷാൽ ശ്രീമാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും ആരാധകരുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. രാമൻ ഓരോ തവണ ആളെ കൊല്ലുന്പോഴും അതിനൊക്കെ പാപ്പാന്മാരെയോ മറ്റാരെയെങ്കിലുമോ ഒക്കെ പഴിച്ചുകൊണ്ടുള്ള കഥകളും നമ്മൾ മെനഞ്ഞു പ്രചരിപ്പിച്ചും പോന്നു. ഈ ആരാധന കൊണ്ട് മാത്രമാണ് നമ്മളൊക്കെ ആന രാജാക്കന്മാർക്ക് പകരം അവനു ചുറ്റുമുള്ള ആളുകളെ പ്രതി സ്ഥാനത്ത് നിർത്തുന്നത്. എന്നാൽ യഥാർത്ഥ വസ്തുതകൾ പരിശോധിച്ചാൽ നമ്മുടെ ക്ഷേത്രാചാരങ്ങളും ഉത്സവങ്ങളുമായി ബന്ധപ്പെട്ട ആനയാക്രമണങ്ങളുടെയെല്ലാം പ്രതിസ്ഥാനത്ത് നമ്മൾ മനുഷ്യർ തന്നെയാണ് എന്ന് മനസിലാക്കാം.
ആന ഒരു വന്യ മൃഗമാണ്. അതിന്റെ സ്വാഭാവികമായ ആവാസ വ്യവസ്ഥ കാടാണ്. പശുവിനെയോ പട്ടിയെയൊ ആടിനെയോ കുതിരയേയോ പോലെ വീട്ടുമൃഗമായി മാത്രം വളർത്തി കൃത്രിമമായും അല്ലാതെയും പ്രജനനം നടത്തി പരിപാലിക്കുകയല്ല ആനയുടെ കാര്യത്തിൽ നമ്മൾ ചെയ്യുന്നത്. കാട്ടിൽ നിന്നും ചതിവിൽ പെടുത്തി പിടികൂടി തല്ലി മെരുക്കിയാണ് നമ്മൾ ഇന്ന് ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന ഗജ വീരന്മാരെല്ലാം പരിപാലിക്കപ്പെടുന്നത്. എത്ര ആഘോഷിക്കപ്പെടുന്പോഴും അടിസ്ഥാന പരമായി അവയൊക്കെ കനത്ത ചങ്ങലക്കെട്ടുകളുടെയും തോട്ടിയുടെയും കാരക്കോലിന്റെയും കുന്തത്തിന്റെയും തടവറകളിലുമാണ്.
പറിച്ചു നടപ്പെടുന്ന ഒരു ചെടി നന്നായി വളരണമെങ്കിൽ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ഉണ്ടായിരുന്നതിന് സമാനമായ സാഹചര്യങ്ങൾ പുതിയ സ്ഥലത്തും ഒരുക്കി കൊടുക്കണം. ആനകളുടെ കാര്യവും അതു പോലെ തന്നെയാണ്. എന്നാൽ കാടിന്റെ നൈസർഗ്ഗികതകളിൽ നിന്നും നാടിന്റെ കൃത്രിമത്വങ്ങളിലേക്ക് പറിച്ചു നടപ്പെടുന്ന ആനക്ക് ഈ അവകാശങ്ങളെല്ലാം നിഷേധിക്കപ്പെടുന്നു. മണ്ണിന്റെ കുളിർമയിൽ കാലുറപ്പിച്ചു നിന്നവൻ പലപ്പോഴും ചുട്ടു പൊള്ളുന്ന ടാർ റോഡിലും കോൺക്രീറ്റ് തറകളിലും മണിക്കൂറുകളോളം കാലനക്കാതെ നിൽക്കേണ്ടി വരുന്നു. ആനകളുടെ കാര്യത്തിൽ മദവും മദകാലവുമൊക്കെ വളരെ പ്രധാനമാണ്. എന്നാൽ ഇണയും ഇണചേരലുമൊക്കെ ഈ ജീവികൾക്ക് പൂർണ്ണമായും നിഷേധിക്കപ്പെടുന്നു. ചൂടു താങ്ങാനാവാത്ത ശരീര പ്രകൃതിയാണ് ആനകൾക്കുള്ളത്. ഉത്സവത്തിനാണെങ്കിലും ചന്തനക്കുടത്തിനോ പള്ളിപ്പെരുന്നാളിനോ ഒക്കെയാണെങ്കിലും ആനകളെ പൊരി വെയിലത്ത് കെട്ടിയെഴുന്നള്ളിച്ചു നിർത്തുന്നത് അവയോടു ചെയ്യുന്ന മഹാ പാതകം തന്നെയാണ്.
നട്ടുച്ചക്ക് നാടു റോഡിൽ നഗ്ന പാദരായി പത്തു മിനിറ്റ് തികച്ചു നിൽക്കാൻ നമുക്കൊന്നുമാവില്ല. അങ്ങനെ നിൽക്കേണ്ടി വരുന്ന ആനകളുടെ ഗതികേടിനെ കുറിച്ച് നമ്മളൊന്നും ആലോചിക്കാറുമില്ല. അത് കൊണ്ടൊക്കെയാണ് ആനകളെടുക്കുന്ന ഓരോ ജീവനും ഉത്തരവാദികൾ നമ്മൾ തന്നെയാണ് എന്ന് പറഞ്ഞത്. ക്ഷേത്രാചാരങ്ങളും ഉത്സവങ്ങളുമായി ബന്ധപ്പെട്ടാണ് ആനയിടയലും ജീവനെടുക്കലുകളും കൂടുതലായി ഉണ്ടാകുന്നത്. എന്നാൽ ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട തന്ത്രശാസ്ത്രത്തിൽ ഒരിടത്തും ഉത്സവങ്ങൾക്ക് ആന അവശ്യ ഘടകമാണെന്ന് പറയുന്നില്ല.
പകരം ഇഷ്ടമുള്ളവർക്ക് ഇഷ്ടം പോലെ ആനകളെ കാണാനും ഇടപഴകാനുമായി ശ്രീലങ്കയിലെയും മറ്റും പോലെ ആന ക്യാന്പുകളോ പുനരധിവാസ കേന്ദ്രങ്ങളോ സ്ഥാപിക്കുന്നതിനെക്കുറിച്ച് നമുക്ക് ആലോചിക്കുകയുമാവാം. പുരാണ പ്രസിദ്ധനായ ആനയാണ് ഗജേന്ദ്രൻ. അഗസ്ത്യ ശാപമേറ്റ പാണ്ധ്യ രാജാവായ ഇന്ദ്രദ്യുമ്നൻ ഗജേന്ദ്രനായി പുനർജ്ജനിച്ചു. ത്രികൂട പർവ്വതത്തിലെ സരസിൽ വെച്ച് കാലിൽ പിടികൂടിയ മുതലയെ കൊന്ന് വിഷ്ണു ഭഗവാൻ ഗജേന്ദ്രനു ശാപ മോക്ഷം കൊടുക്കുകയും ചെയ്തു എന്നാണ് കഥ. ആചാരങ്ങളുടെയും ആരാധനയുടെയും മുതലപ്പിടിയിൽ നിന്നും നമ്മുടെ നാട്ടിലെ ഗജേന്ദ്രന്മാരെ രക്ഷിക്കാൻ ഭഗവാൻ അവതരിക്കുന്നതും കാത്തിരിക്കാതെ നമ്മൾ മുന്നിട്ടിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.