ആശ്വാസകരം, അഭിമാനകരം!
വി.ആർ സത്യദേവ്
എല്ലാ സ്വാതന്ത്ര്യങ്ങൾക്കും മേലെയാണ് സ്വതന്ത്രമായി ചിന്തിക്കാനും അഭിപ്രായങ്ങൾ വ്യക്തമാക്കാനുമുള്ള സ്വാതന്ത്ര്യം. ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ്. അഭിപ്രായ സ്വാതന്ത്ര്യം ഭാരതത്തിന്റെ ഭരണ ഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ പ്രധാനമാണ്. ഭാരതത്തിലെ പൗരന്മാർക്ക് തങ്ങളുടെ ഇച്ഛക്കൊത്ത് ചിന്തിക്കാനും ആ ആശയങ്ങൾ പരസ്യമായി പ്രകടിപ്പിക്കാനും അവകാശമുണ്ട്. ഇതാണ് ഏകാധിപത്യ, പാർട്ട്യാധിപത്യ രാഷ്ട്രങ്ങളിൽ നിന്നും ജനാധിപത്യ രാഷ്ട്രങ്ങൾക്കുള്ള പ്രധാന വ്യത്യാസം. രാജാവ് നഗ്നനാണെന്നു വിളിച്ചു പറഞ്ഞ കുട്ടിയുടെ കഥ പ്രസിദ്ധമാണ്. ഒരു ജനാധിപത്യ വ്യവസ്ഥിതിയുടെ നില നിൽപ്പിനും മുന്നോട്ടു പോക്കിനുമുള്ള ഊർജ്ജമാണ് സത്യം വിളിച്ചു പറഞ്ഞ ആ കുട്ടിയുടെ ശബ്ദം. നമ്മുടെ വ്യവസ്ഥിതിയിൽ പല കോണുകളിൽ നിന്നുമുയരുന്ന വിമർശനങ്ങളുടെ പ്രതീകമാണ് ആ കുട്ടിയുടെ ശബ്ദം.
നമ്മുടെ സാമൂഹ്യ വിമർശകരുടെ പ്രതിരൂപമാണ് മേൽപ്പറഞ്ഞ കഥയിലെ കുട്ടി. ഭരണ നേതൃത്വങ്ങളുടെ മാത്രം പ്രതിരൂപമല്ല ഈ കഥയിലെ നഗ്നനായ രാജാവ്. സാമൂഹ്യ വ്യവസ്ഥിതിയിലെ വിമർശിക്കപ്പെടേണ്ട എന്തിന്റെയും പ്രതിരൂപമാണ് ഈ കഥയിലെ രാജാവ്. സമൂഹത്തിലെ അസമത്വങ്ങളും അനീതികളും അതിക്രമങ്ങളും എല്ലാം ഇന്ത്യയിൽ ഇത്തരത്തിൽ വിമർശന വിധേയമാവുന്നു. പണ്ടൊക്കെ പ്രതിബദ്ധതയുള്ള രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകരും കൂലിയെഴുത്തുകാരല്ലാത്ത മാധ്യമ പ്രവർത്തകരുമായിരുന്നു ഈ കർത്തവ്യം നിർവ്വഹിച്ചുകൊണ്ടിരുന്നത്. എന്നാൽ നിശിത വിമർശകരായ പലർക്കും അവരുടെ വിമർശനങ്ങൾക്ക് വലിയ വില നൽകേണ്ടി വന്നു. ആധുനിക ഇലക്ട്രോണിക്, സോഷ്യൽ മാധ്യമങ്ങളുടെ വരവോടെ ഇത്തരം സാമൂഹ്യ വിമർശനം കുറേക്കൂടി എളുപ്പമായി.
മുഖം നോക്കാതെ വിമർശിക്കാം എന്നായതോടെ അതുവരെ മിണ്ടാപ്പൂച്ചകളായിരുന്ന പലരും സജീവ സാമൂഹ്യ നിരീക്ഷകരും വിമർശകരുമായി. അവരുടെ വിമർശനങ്ങളുടെ ചാട്ടുളികളേറ്റ് അഴിമതിക്കാരും അനീതി നടത്തുന്നവരും ചൂളിപ്പിടഞ്ഞു. പല കാര്യങ്ങളിലും പൊതു ജനാഭിപ്രായരൂപീകരണത്തിൽ നവ മാധ്യമങ്ങളുടെ പങ്ക് ചിലപ്പോഴെങ്കിലും അച്ചടി, ൃശ്യ മാധ്യമങ്ങളേയും അതിശയിപ്പിക്കുന്നതായി. എന്തിനേറെ അത് പലപ്പോഴും അധികാര പീഠങ്ങളെ പോലും ഉലച്ചു. ഈ സാഹചര്യത്തിലാണ് പ്രതിഷേധത്തിന്റെയും ബോധവൽക്കരണത്തിന്റെയും ഈ ശബ്ദങ്ങൾ ഇല്ലാതാക്കേണ്ടത് ഭരണ വർഗ്ഗത്തിന്റെ ആവശ്യം തന്നെയായത്. തങ്ങൾക്കു നേരെ ചൂണ്ടിയ വിരലുകൾ വെട്ടിയൊതുക്കാനുള്ള അധികാര വർഗ്ഗ തന്ത്രത്തിന്റെ ഫലമായിരുന്നു നമ്മുടെ രാജ്യത്തുണ്ടായ ചില നിയമ ഭേദഗതികൾ. ഐ.ടി നിയമത്തിലെ അറുപത്തിയാറാം വകുപ്പും കേരള പോലീസ് ആക്ടിലെ 118ാം വകുപ്പും ഇതിൽ ഉൾപ്പെടുന്നു.
സാമൂഹ്യ വിമർശകരുടെ നാവടപ്പിക്കുന്ന ഈ മാരണ നിയമങ്ങൾ ഇപ്പോൾ രാജ്യത്തെ പരമോന്നത കോടതി റദ്ദാക്കിയിരിക്കുന്നു. ഈ നടപടി നമ്മുടെ നിയമ വ്യവസ്ഥിതിയുടെ മഹത്വം ഉച്ചത്തിൽ പ്രഘോഷണം ചെയ്യുന്നതാണ്. ബാൽതാക്കറെ അന്തരിച്ചപ്പോൾ നടന്ന ഹർത്താലിനെ വിമർശിച്ച ഷഹീൻ ദാദയേയും അവളുടെ ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്ത റിനുവെന്ന മലയാളി പെൺകൊടിയേയും സ്വന്തം കാർട്ടൂണുകൾ കൊണ്ട് പ്രതിഷേധത്തിന്റെ പുത്തൻ പോർമുഖം തീർത്ത അസീം ത്രിവേദിയേയും മമ്താ ബാനർജിക്കെതിരെ കാരിക്കേച്ചർ കൊണ്ട് പ്രതിഷേധിച്ച അംബികേഷ് മഹപത്രയേയും ഒക്കെ അധികാരികൾ തടവറകൾക്കുള്ളിൽ അടച്ചത് ഈ നിയമങ്ങളുടെ പിൻബലത്തിലായിരുന്നു. ഈ കരി നിയമങ്ങൾ ഇല്ലാതാകുന്നത് സ്വാതന്ത്ര്യ പ്രേമികൾക്ക് ആഹ്ലാദവും ഊർജ്ജവും പകരുന്ന കാര്യമാണ്. നിയമം ദുരുപയോഗം ചെയ്യില്ലെന്ന സർക്കാരിന്റെ ഉറപ്പും അത് റദ്ദാക്കരുതെന്ന അഭ്യർത്ഥനയും തള്ളിക്കളഞ്ഞു കൊണ്ടായിരുന്നു കോടതിയുടെ നടപടി.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും നവമാധ്യമങ്ങളിലെ നിരവധി പ്രതികരണങ്ങൾ സഭ്യതയുടെയും മാന്യതയുടെയും എല്ലാ അതിർത്തികളും ലംഘിക്കുന്നവയാണെന്ന സത്യം നമുക്ക് കാണാതെയിരിക്കാനാവില്ല. എന്തും ചെയ്യാനുള്ള അവകാശമാണ് സ്വാതന്ത്ര്യം എന്നും അംഗീകരിക്കാനാവില്ല. അതുകൊണ്ട് തന്നെ ഇതിനായി രൂപീകരിച്ച നിയമങ്ങള റദ്ദുചെയ്ത കോടതി നടപടി എന്തും ചെയ്യാനുള്ള ലൈസൻസുമല്ല. ഏഴു പതിറ്റാണ്ട് മുന്പുണ്ടാക്കിയ നമ്മുടെ നിയമങ്ങൾക്ക് നവ മാധ്യമങ്ങളുടെ ദുരുപയോഗം പൂർണ്ണമായും തടയാൻ കഴിയുമെന്ന് വിശ്വസിക്കാനാവില്ല. ഈ സാഹചര്യ
ത്തിൽ എല്ലാ കോണുകളിലും നിന്നുള്ള മാന്യവും നീതി പൂർവ്വവും യുക്തിസഹവുമായ നടപടികളും ഇടപെടലുകളുമാണ് ഇനി ഉണ്ടാവേണ്ടത്. അതുണ്ടാവുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.