അശാന്തി ഒഴിഞ്ഞു പോകട്ടെ


വി. ആർ സത്യദേവ് 

യുദ്ധം, അതെന്തിന് വേണ്ടിയാണെങ്കിലും അപകടകരവും വേദനാജനകവുമാണ്. നിമിഷാർദ്ധങ്ങൾകൊണ്ട് നിരപരാധികളടക്കമുള്ളവരുടെ ആയുസ് നഷ്ടമാക്കുന്ന ആയുധക്കളി ഒരിക്കലും ആശാസ്യമല്ല. പക്ഷെ അതിക്രമങ്ങളുടെയും അധിനിവേശങ്ങളുടെയും സമാധാനത്തിന്റെയും ഒക്കെ പേരിൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ യുദ്ധം തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്നു. ആരൊക്കെ എന്തൊക്കെ നേട്ടങ്ങൾ ഉണ്ടാക്കിയാലും അതുണ്ടാക്കി വെയ്ക്കുന്ന കണ്ണീരിന്റെ കണക്കിന് സമാധാനം പറയാൻ നമുക്കാവില്ല. 

യുദ്ധവും ഒരു തുടർച്ചയാണ്. സഹസ്രാബ്ദങ്ങളായുള്ള മനുഷ്യന്റെ സ്വാർത്ഥതയുടെയും അത്യാഗ്രഹത്തിന്റെയും സ്വാഭാവികമായ പരിണാമം. എത്ര അത്യാധുനിക യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ചുള്ളതായാലും സാംസ്കാരികമായി ചിന്തിച്ചാൽ ഏറ്റവും അപരിഷ്കൃതമായ മനുഷ്യ സ്വഭാവമത്രേ യുദ്ധം. ആശയങ്ങൾ കൊണ്ടുള്ളതാവണം മനുഷ്യന്റെ പോരാട്ടങ്ങളെല്ലാം എന്നാണു പറയുന്നത്. അത് ആമാശയ പരമാകുന്പോൾ പോരാട്ടങ്ങളിൽ ആയുധങ്ങൾ കടന്നെത്തുകയും അതു ഏറെ വിനാശകരമാവുകയും ചെയ്യുന്നു. ഇങ്ങനെ ഏതു രീതിയിൽ ചിന്തിച്ചാലും യുദ്ധങ്ങൾ ദോഷകരമാണ്. അതുകൊണ്ട് തന്നെ ഇറാനും പാശ്ചാത്യ ശക്തികളുമായുള്ള ആണവ കരാർ ധാരണ ശുഭ പ്രതീക്ഷകളുയർത്തുന്നതാണ്. 

ഇറാന്റെ ആണവ പദ്ധതികളെ ചൊല്ലിയുള്ള തർക്കം  വർഷങ്ങളായി മേഖലയിൽ  ഉയർത്തുന്ന യുദ്ധഭീതി ചെറുതല്ല.  ഇറാന്റെ വികസനത്തിനും ആ രാജ്യത്തെ പൗരന്മാരുടെ സ്വൈര്യജീവിതത്തിനു പോലും ഈ തർക്കം വർഷങ്ങളായി ഭംഗം വരുത്തിക്കൊണ്ടിരിക്കുന്നു. തങ്ങൾക്കെതിരെയുള്ള പാശ്ചാത്യ ശക്തികളുടെയും ഇസ്രായേലിന്റെയും നീക്കങ്ങൾ ഇറാനെയും ഏറെ പ്രകോപിതമാക്കി എന്നതാണ് സത്യം. അറബ് മേഖലയിലെ ചിലയിടങ്ങളിൽ പ്രശ്നങ്ങൾ വഷളാകാൻ ഇറാന്റെ ഈ മാനസികാവസ്ഥ വഴിവെച്ചു എന്നതും നമുക്ക് കാണാതിരിക്കാനാവില്ല. ഒടുവിൽ ഇപ്പോൾ യെമനിൽ നടക്കുന്ന ആഭ്യന്തര പ്രശ്നത്തിൽ പോലുമുള്ള ഇറാന്റെ നിലപാടും ഇതിനോടൊക്കെ ചേർത്ത് വായിക്കാം.

എന്നാലീ സമാധാന നീക്കങ്ങൾക്കെതിരെ ഇസ്രായേൽ പ്രധാനമന്ത്രി എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. സാധാരണ ഗതിയിൽ മേഖലയുമായി  ബന്ധപ്പെട്ട് അമേരിക്കയെടുക്കുന്ന തീരുമാനങ്ങളെല്ലാം ഇസ്രയേലിന്റെ താൽപ്പര്യങ്ങൾക്ക് അനുസരിച്ചാകാറാണുള്ളത്. എന്നാൽ ഇത്തവണ ആ എതിർപ്പ് ഫലം കാണാൻ സാധ്യതയില്ല. ജൂൺ 30ന് കരാർ ഒപ്പു വെക്കപ്പെടുമെന്നുതന്നെ ലോകം പ്രതീക്ഷിക്കുന്നു. 

ഇറാനും അമേരിക്കയും തമ്മിലുള്ള ദശാബ്ദങ്ങൾ നീണ്ട ശത്രുതയ്ക്ക് അവസാനം കുറിക്കാൻ ഇപ്പോഴത്തെ തീരുമാനം വഴി വച്ചേക്കാം. മേഖലയിൽ സമാധാനത്തിന്റെയും സാന്പത്തിക ഭദ്രതയുടെയും പൊൻവെളിച്ചം വീശാൻ പുതിയ നടപടികൾ വഴി വെയ്ക്കട്ടെ എന്ന് നമുക്കും പ്രത്യാശിക്കാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed