വാവയുടെ രാജി
വി.ആർ സത്യദേവ്
വാവ സുരേഷിന് ഭൂമി മലയാളത്തിൽ മുഖവുരകൾ ആവശ്യമില്ല. എവിടെ പാന്പുണ്ടോ അവിടെ വാവയുമുണ്ട് എന്നതാണ് കുറെ കാലമായി നമ്മുടെ നാട്ടിലെ സ്ഥിതി. വെറും സാദാ നീർക്കോലിയും നിരുപദ്രവകാരിയായ ചേരയും തൊട്ട് അണലിയും മൂർഖനും രാജ വെന്പാലയും വരെയുള്ള പാന്പു ഫാമിലിയിലെ ആരെ കണ്ണിൽ പെട്ടാലും മലയാളി ഉടൻ തിരയുന്നത് വാവയുടെ ഫോൺ നന്പരാണ്. വിളി കിട്ടിയാൽ രാവെന്നോ പകലെന്നോ ഇല്ലാതെ വാവ സംഭവ സ്ഥലത്ത് പറന്നെത്തുകയും ചെയ്യും. കാടും അടിക്കാടും പാടവും പറന്പുമൊക്കെ ഇന്നും ധാരാളമുള്ള കേരളത്തിൽ പാന്പിനും പഞ്ഞം ഒട്ടുമില്ല, അതുകൊണ്ട് തന്നെ വാവയ്ക്ക് വിളികൾക്കും പഞ്ഞമില്ല.
തെരുവിൽ അലഞ്ഞു തിരിയുന്ന നായെ പിടിക്കാൻ പോലും നാട്ടിൽ കൃത്യമായ റെയ്റ്റുണ്ട്. പട്ടി പിടുത്തക്കാരൻ അവന്റെ സമയവും സൗകര്യവും നോക്കിയാണ് പട്ടി പിടുത്തത്തിന് ഇറങ്ങുന്നത്. എന്നാൽ അഭ്യസ്ഥവിദ്യർക്കു പഞ്ഞമില്ലാത്ത മലയാളക്കരയിൽ പട്ടി പിടുത്തത്തിന് ആവശ്യത്തിന് ആളെക്കിട്ടാനില്ല. അത് കൊണ്ടാണ് നമ്മുടെ സംസ്ഥാനത്ത് പലയിടങ്ങളിലും തെരുവ് നായ ശല്യം പൊതു ജീവിതത്തിനു ഭീഷണിയാവുന്നത്.
നായ കടിച്ചാൽ പരമാവധി വരാവുന്നത് പേ വിഷ ബാധയാണ്. അതിനാവട്ടെ ആന്റീ റാബ് മരുന്നുകളും വിപണിയിൽ ലഭ്യമാണ്. പാന്പുകളുടെ കാര്യം അങ്ങനെയല്ല. പാന്പുകളിൽ നീർക്കോലിയും ചേരയും പെരുന്പാന്പും പോലെയുള്ളവയെയും നമ്മിൽ പലർക്കും ഭയമാണ്. എന്നാലവ വിഷമുള്ളവയല്ല. അണലിയും മൂർഖനും രാജ വെന്പാലയുമടക്കമുള്ളവരുടെ കാര്യം അങ്ങനെയല്ല. അവരുമായി അനാവശ്യമായി ഇടപെട്ടാൽ കടി ഉറപ്പ്. കടിച്ചാൽ പര ലോക പ്രാപ്തിയും. ചുരുക്കത്തിൽ നമ്മുടെ സമൂഹത്തിന് വലിയ ഭീഷണിയാണ് പാന്പുകളിൽ നിന്നും ഉണ്ടാകുന്നത്.
പാന്പുകൾ ഉയർത്തുന്ന ഭീഷണിയിൽ നിന്നും വലിയൊരു വിഭാഗം ജനങ്ങളെ രക്ഷിക്കുക എന്ന അതി മഹനീയ മായ ദൗത്യം നമുക്കായി നിർവഹിച്ചു കൊണ്ടിരിക്കുന്ന വ്യക്തിത്വമാണ് വാവ സുരേഷ്. പട്ടി പിടുത്തക്കാർ പോലും കണക്കു പറഞ്ഞ് കാശുറപ്പിച്ചു പണിക്കിറങ്ങുന്ന നാട്ടിൽ സമൂഹത്തിനു ഭീഷണിയായ വിഷപ്പാന്പുകളെ പിടികൂടുകയെന്ന ദൗത്യം ലാഭേച്ചയില്ലാതെ സ്വന്തം ജീവിത വൃതമായി ഏറ്റെടുത്ത വ്യക്തിയാണ് അദ്ദേഹം. സഹജീവികളെ സർപ്പ ഭീതിയിൽ നിന്നും രക്ഷിക്കുന്നതിനോപ്പം വാസ്തവത്തിൽ ജനങ്ങൾക്ക് ഭീഷണി ഉയർത്തുന്ന പാന്പുകളുടെ ജീവൻ രക്ഷിക്കുക കൂടിയാണ് വാവ ചെയ്തു കൊണ്ടിരിക്കുന്നത്. അല്ലെങ്കിൽ ഓരോയിടത്തും ഭീഷണിയാകുന്ന വിഷപ്പാന്പുകളിൽ ഭൂരിപക്ഷത്തിനെയും ഭീരുക്കളും ധൈര്യവാന്മാരും ചേർന്ന് തല്ലിക്കൊല്ലുകയുമാണ് പതിവ്.
വാവയുടെ ഇടപെടലിലൂടെ ആ മിണ്ടാപ്രാണികളിൽ പലർക്കും സ്വന്തം ആയുസ്സും നീട്ടിക്കിട്ടുന്നു. സ്വന്തം ആയുസ്സിനെ കുറിച്ച് തെല്ലും ആശങ്കയില്ലാതെയാണ് വാവ സുരേഷ് ഈ സേവന പരിപാടി തുടരുന്നത്. ഇതുവരെ നൂറു കണക്കിന് തവണ സുരേഷിന് പാന്പുകടി ഏറ്റിട്ടുണ്ട്. ഇതിൽ നാലുതവണ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെട്ടു. പാന്പിൻ വിഷബാധയിൽ നിന്നും രക്ഷ നേടാനുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം കൈവിരൽ മുറിച്ചു മാറ്റപ്പെട്ടു. കൈയിൽ ഒരു തവണ തൊലിയും വച്ചു പിടിപ്പിക്കേണ്ടി വന്നു.
ഈ പ്രതിസന്ധികളിലൊന്നും തളരാതെ വാവയെന്ന അത്ഭുതം വെറും കൈകൊണ്ടു പിടികൂടിയ പാന്പുകളുടെ എണ്ണം മുപ്പത്തയ്യായിരം വരുമത്രേ! പാന്പുകളെ രക്ഷിക്കുന്നതിനോപ്പം അവയോടുള്ള പൊതു സമൂഹത്തിന്റെ ഭീതി മാറ്റാനുള്ള പ്രവൃത്തികളിലും സജീവമാണ് ഈ യുവാവ്. ഇതിനിടെയുണ്ടാവുന്ന വ്യക്തിപരമായ നഷ്ടങ്ങളൊന്നും വാവയുടെ മനസ്സിനെ വേദനിപ്പിക്കുന്നില്ല. അഥവാ വാവ അങ്ങനെ ഭാവിക്കുന്നില്ല.
ചെയ്യുന്ന കർമ്മത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് വാവയെ അതിനൊക്കെ പ്രാപ്തനാക്കുന്നത്. സ്വന്തം കർമ്മവുമായി അഗാധമായ ഇഷ്ടത്തിലാണ് ഈ മനുഷ്യൻ. അതുകൊണ്ടാണ് വാവയുടെ പാന്പു പിടുത്തത്തിനു പിന്നിൽ ഗൂഡ ലക്ഷ്യങ്ങളുണ്ടെന്ന സങ്കുചിത ബുദ്ധികളുടെ ആരോപണം അദ്ദേഹത്തിന്റെ മനസ്സിനെ വേദനിപ്പിച്ചത്. അതുകൊണ്ടാണ് താൻ പാന്പ് പിടുത്തം നിർത്തുകയാണെന്നു വാവ പ്രഖ്യാപിച്ചതും. പരിണിത ഫലങ്ങളേക്കുറിച്ചാലോചിക്കാതെ പലകാര്യത്തിലുമുള്ള നമ്മുടെ പ്രതികരണങ്ങൾ സമൂഹത്തിന് എത്ര ദോഷകമാവുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ സംഭവം.
സത്യത്തിൽ സാധാരണക്കാരനിൽ നിന്നും പിഴിഞ്ഞെടുക്കുന്ന നികുതിപ്പണം ധൂർത്തടിച്ച് ആളെക്കൊള്ളുന്ന വേഗത്തിൽ നാടൊട്ടുക്കു ചീറിപ്പായുന്ന വാഹനത്തിൽ വിലസുന്ന ചില മന്ത്രി പുംഗവന്മാർ രാജിവച്ചാൽ ഭൂമിമലയാളത്തിന് ഒരു ചുക്കും സംഭവിക്കില്ല. എന്നാൽ വാവയെന്ന മനുഷ്യൻ തന്റെ നിഷ്കാമ കർമ്മം അവസാനിപ്പിച്ചാൽ നമ്മുടെ നാടിനും ജനങ്ങൾക്കും നാഗങ്ങൾക്കും ഉണ്ടാകാവുന്ന നഷ്ടം അതിലും എത്രയോ വലുതായിരിക്കും. വിരമിക്കൽ തീരുമാനത്തിൽ നിന്നും വാവയെ പിന്തിരിപ്പിച്ച് ആവശ്യമുള്ളിടങ്ങളിൽ ഓടിയെത്താൻ ബീക്കൻ ലൈറ്റ് വെച്ച ഒരു സർക്കാർ വാഹനമടക്കമുള്ള സൗകര്യങ്ങൾ ആ നിസ്വാർത്ഥ സേവകന് ഒരുക്കിക്കൊടുക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.