ഓർഡർ...ഓർഡർ...


വി.ആർ. സത്യദേവ്

ഒരേ കാര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത് സത്യത്തിൽ മനം മടുപ്പുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ ഒരു വ്യക്തിയേയോ സമൂഹത്തെയോ സംബന്ധിച്ച് പ്രാധാന്യമുള്ള വിഷയം പല തവണ ആവർത്തിച്ചു എന്ന കാരണത്താൽ മാത്രം ഇനിയൊരിക്കലും പരാമർശിക്കാതെ അവഗണിക്കുന്നത് ശരിയല്ല. അങ്ങനെയുള്ള അവഗണന യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാകുന്നു. ഏതൊരു പ്രശ്നത്തിൽ ന്യായവും നീതിയും നടപ്പാക്കപ്പെടുന്നില്ലയോ, ആ പ്രശ്നം പൊതു സമൂഹത്തിന്റെ പ്രധാന ആകുലതകളിൽ ഒന്നായി തുടരുക തന്നെ ചെയ്യും.

കാലം എല്ലാ മുറിവുകളും ഉണക്കും. എല്ലാ വേദനകളും കാലത്തിന്റെ കുത്തൊഴുക്കിൽ നമ്മൾ മറക്കും. മറവി ഒരു അനുഗ്രഹമാണ്. നമ്മുടെ രാഷ്ട്രീയക്കാർക്കാവട്ടെ മറവിയെന്ന ഈ ഗുണം സ്വന്തം അഴിമതികളിൽ നിന്നും കരകയറാനുള്ള ഒരു ഉപാധിയാണ്. അഴിമതി ആരോപണങ്ങൾ എത്ര ഗുരുതരമാണെങ്കിലും, അവ മാധ്യമങ്ങളും പൊതു സമൂഹവും എത്ര ആഘോഷിച്ചാലും രാഷ്ട്രീയക്കാർക്ക് ഒരൽപ്പകാലം പിടിച്ചു നിൽക്കാനായാൽ ജനം അവയൊക്കെ മറന്നു കൊള്ളും. ഈ വാസ്തവം ഏറ്റവും നന്നായി തിരിച്ചറിഞ്ഞ ഒരു മുഖ്യമന്ത്രിയാണ് ഭൂമി മലയാളത്തിന്റെ ഭരണ നായക സ്ഥാനത്ത് ഇന്നുള്ളത്.

ഒന്നിനു പിന്നാലെ ഒന്നായി ഈ സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളുടെ എണ്ണമെടുത്താൽ ആരും അത്ഭുതപ്പെട്ടു പോകും. ഇതിൽ പാറ്റൂർ ഭൂമിയിടപാട് കേസിലും സോളാർ കേസിലുമൊക്കെ നായക പ്രാധാന്യമുള്ള റോളിൽ നന്നായി തിളങ്ങിയതും നമ്മുടെ ബഹുമാന്യ മുഖ്യമന്ത്രി തന്നെ. 

കാലത്തിന്റെ ചാരം കൊണ്ട് അഴിമതിയാരോപണങ്ങളുടെ കനൽക്കട്ടകൾ മൂടുന്പോൾ, അടുത്ത വിവാദങ്ങൾ തലപൊക്കുന്പോൾ അതിനു തൊട്ടു മുന്പുള്ള അഴിമതിയാരോപണം ‘എങ്ങുമെത്താതെ പോയി’ എന്നു വീന്പു പറയുന്ന പതിവും നമ്മുടെ ഭരണ നായകന്മാർ പതിവാക്കിയിരിക്കുന്നു. പാറ്റൂർ, സോളാർ കേസുകളിലെ ഉന്നതരുടെ വഴിവിട്ട നിലപാടുകളും ഇടപെടലുകളും വാർത്താ മാധ്യമങ്ങൾ വഴി നാട്ടിൽ പാട്ടായിട്ടും ഉയർന്ന ആരോപണങ്ങൾക്കൊന്നും ആധാരമില്ലെന്ന നിലപാടാണ് തുടക്കം മുതൽ സർക്കാർ കൈക്കൊള്ളുന്നത്. നിർണ്ണായക തെളിവുകൾ പതിയേണ്ട നേരത്ത് മുഖ്യമന്ത്രിയുടെ അതീവ സുതാര്യമായ ഓഫീസടക്കമുള്ള സ്ഥലങ്ങളിലെ ക്ലോസ്ഡ് സർക്യൂട്ട് ക്യാമറ സംവിധാനങ്ങൾ പ്രവർത്തന രഹിതമാകുന്ന മാജിക്കും നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്.

അന്വേഷണങ്ങളെയെല്ലാം ഭരണപരമായ സ്വാധീനമുപയോഗിച്ച് നിയന്ത്രിച്ചും ഉപയോഗിച്ചുമാണ് ആരോപണങ്ങളുടെ കനൽക്കട്ടകൾക്ക് മേലെ ചാരം മൂടുന്നതെന്ന ധാരണ പൊതു സമൂഹത്തിൽ ശക്തമാണ്. മുഖ്യമന്ത്രിയുടെ മുഖമുദ്രയായിരുന്ന അതിവേഗം ബഹുദൂരം പോലും അഴിമതിയാരോപണങ്ങളുടെ കുത്തൊഴുക്കിൽ കേൾക്കാനില്ലാതെയായി. എമേർജിംഗ് കേരളയെന്ന മഹത്തായ വികസന സ്വപ്നം നമ്മുടെയൊക്കെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമായിരുന്നു എന്ന് തോന്നിപ്പോകുന്ന അവസ്ഥയിലെത്തി നിൽക്കുന്നു കാര്യങ്ങൾ. പഞ്ചവടിപ്പാലം ഉൾപ്പെടെയുള്ള ചലച്ചിത്രങ്ങളെ നാണിപ്പിക്കുന്ന തരത്തിലേക്ക് നമ്മുടെ നിയമ നിർമ്മാണ സഭയുടെ അകത്തളം അധ:പതിച്ചരിക്കുന്നു.

രണ്ടാം നിരയിലെ കസേരക്ക് മുകളിൽ കയറി നിന്ന് ഗോഗ്വാ വിളികളുടെ അകന്പടിയോടെ നടത്തുന്ന പ്രഹസനത്തെ ബജറ്റ് അവതരണമെന്നു തന്നെ വിളിക്കാമെന്ന് ഒരു ഗവർണർ നമ്മെമനസ്സിലാക്കി തന്നിരിക്കുന്നു. സഭാനായകന്റെ വേർപാടിൽ ദുഃഖാചരണം നടത്തുന്ന കാലയളവിൽ അത്യാഹ്ലാദ കോലാഹലങ്ങളോടെ സഭയിൽ മധുര വിതരണം നടത്തി പുതിയ കീഴ്്വഴക്കങ്ങളുണ്ടാക്കിയിരിക്കുന്നു പരിചയ സന്പന്നരായ നമ്മുടെ ജനനായകന്മാർ.

നേരത്തെ നിർമ്മിച്ചു പുറത്തിറക്കിയതാണെങ്കിലും പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ ഇവിടെ വീണ്ടും പ്രസക്തമാകുന്നു. ഒരു കലാശാലാ ക്ലാസിൽ മോഡൽ ജനപ്രതിനിധി സഭ അവതരിപ്പിക്കാനുള്ള അദ്ധ്യാപകന്റെ നിർദ്ദേശം വിദ്യാർത്ഥികൾ സാക്ഷാത്കരിക്കുന്നതാണ് വീഡിയോയുടെ ഇതിവൃത്തം. ഒരു പക്ഷത്തു നിന്നും ഒരു വിദ്യാർത്ഥി വിഷയാവതരണത്തിനായി എഴുന്നേൽക്കുന്നതോടെ മറുപക്ഷത്ത് നിന്നും എതിർപ്പുയരുന്നു. വളരെ പെട്ടെന്ന് അത് രണ്ടു പക്ഷങ്ങളും തമ്മിലുള്ള, എല്ലാ അതിരുകളും ലംഘിച്ചുള്ള പോരാട്ടമായി മാറുന്നു. ക്ലാസെന്ന സഭാതളം യുദ്ധക്കളമാകുന്നു. “ഓർക്കുക നമ്മുടെ വളർന്നു വരുന്ന തലമുറ എല്ലാം കണ്ടു കൊണ്ടിരിക്കുകയാണ്. അവർ പ്രതികരണ ശേഷിയുള്ളവരുമാണ്” എന്ന ഓർമ്മപ്പെടുത്തലോടെയാണ് വീഡിയോ പൂർണ്ണമാകുന്നത്.

പരിചയ സന്പന്നന്മാരായ നമ്മുടെ രാഷ്ട്രീയക്കാർ ഓർമ്മിക്കേണ്ടതും മറക്കുന്നതും ഈ കാര്യം തന്നെയാണ്. അവർ ബോധപൂർവ്വം അത് മറക്കുന്ന കാലത്തോളം അതിനെക്കുറിച്ചൊക്കെ ആവർത്തിച്ചാവർത്തിച്ചു പറയാതിരിക്കാനും നമുക്കാവില്ല.

You might also like

  • Straight Forward

Most Viewed