നാണക്കേടിന്റെ നടുത്തളം


വി. ആർ സത്യ ദേവ്

ഒരു കണക്കിന് ഇന്നൊരു ഹർത്താൽ നല്ലതാണ്. നമുക്കെല്ലാവർക്കും വീടിനു വെളിയിലിറങ്ങാതെ സമാധാനപരമായി ഒന്നാലോചിക്കാം. എന്താണ് രാഷ്ട്രീയ കേരളത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന്. അതിനെക്കുറിച്ച് നമ്മൾ ആലോചിച്ചേ മതിയാവൂ. കാരണം നാണമില്ലായ്മയുടേയും മാനമിമില്ലായ്മയുടേയും പരകോടിയിലാണ് ഭൂമിമലയാളം. അതിന്റെ പ്രത്യക്ഷോദാഹരണം മാത്രമാണ് ഇന്നലെ നമ്മുടെ നിയമസഭാ മന്ദിരത്തിൽ നമ്മൾ കണ്ടത്.

വ്യവസ്ഥിതി ഏതായാലും അതിലൊക്കെ അടിസ്ഥാനപരമായി പുലർത്തപ്പെടുന്ന ചില മൂല്യങ്ങളുണ്ട്. സംസ്കാരം, മാന്യത, സത്യസന്ധത എന്നിവയൊക്കെ ആ മൂല്യങ്ങളിൽ ഒഴിവാക്കാനാകാത്തവയാണ്. ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ  ഗുണങ്ങൾക്ക് പ്രാധാന്യം ഏറെയാണ്‌. പ്രത്യേകിച്ച് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ കാര്യമാവുന്പോൾ ഈ പ്രാധാന്യം പിന്നെയും അധികരിക്കുന്നു. ജനാധിപത്യ രാഷ്ട്രങ്ങളായിത്തന്നെ പിറന്ന നമ്മുടെ സഹോദര രാഷ്ട്രങ്ങൾ രണ്ടും ജനാധിപത്യവഴിയിൽ നിന്നും പാളം തെറ്റാൻ കാരണങ്ങളിൽ പ്രധാനം ഈ രാജ്യങ്ങളിലെയൊക്കെ രാഷ്ട്രീയ നേതൃത്വങ്ങളിൽ ബഹുഭൂരിപക്ഷത്തിനും ഈ മൂല്യങ്ങൾ നഷ്ടമായതായിരുന്നു. 

പൊതു സമൂഹത്തിനു മാതൃക ആകുന്നവരായതുകൊണ്ടാണ് നമ്മൾ രാഷ്ട്രീയ നേതാക്കളെ കുറ്റം പറയുന്നത്. അവർ നായകന്മാരാണ്. നായകന്മാർക്ക് പിഴച്ചാൽ നാടിനു ദിശാബോധം നഷ്ടമാകും. ഓരോ സംഘത്തിനും ഒരോ നാടിനും അതിന് അർഹതപ്പെട്ട നായകന്മാരെയാണ് ലഭിക്കുക എന്നൊരു ചൊല്ലുണ്ട്. അങ്ങനെ വരുന്പോൾ നമ്മുടെ പൊതു സമൂഹത്തിന് തികച്ചും അർഹതപ്പെട്ട നേതാക്കന്മാരെ തന്നെയാണ് നമുക്കും ലഭിച്ചിരിക്കുന്നത്. നമ്മുടെ പൊതു സമൂഹത്തിന്റെ പ്രതിഫലനം തന്നെയാണ് ഇന്നലെ സഭയിലും ഉണ്ടായത്. നമ്മുടെ നേതാക്കളെ നന്നായറിഞ്ഞ് നമ്മുടെ പ്രതിനിധികളായി തിരഞ്ഞെടുത്തത് നമ്മൾ തന്നെയാണ്. ഇപ്പോൾ അവരെ മാത്രം കുറ്റം പറഞ്ഞ് നമുക്ക് മാന്യന്മാർ എന്ന് ചമയാനാവില്ല. അപ്പോൾ അടിസ്ഥാനപരമായി തിരുത്തപ്പെടേണ്ടത് നമ്മൾ ഓരോരുത്തരുമാണ്. ആ തിരുത്തൽ നമ്മൾ ഓരോരുത്തരും തുടങ്ങുകയും അത് ഫലം കണ്ടു തുടങ്ങുകയും ചെയ്യാതെ നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ ഭാഗത്ത് നിന്നും ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല.

ഭൂമിമലയാളത്തിൽ ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നമ്മുടെ നിയമസഭാ മന്ദിരം. പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും സഭാ നേതാവും ഉപനേതാവും ഒക്കെയുണ്ടെങ്കിലും സഭയുടെ നാഥൻ  സ്പീക്കറാണ്. സഭാനേതാക്കന്മാരുടേയും മന്ത്രിമാരുടേയും ഒക്കെ ഇരിപ്പിടങ്ങൾ ചിലപ്പോഴെങ്കിലും അങ്ങോട്ടുമിങ്ങോട്ടും മാറിയേക്കാം. എന്നാൽ മാറ്റമില്ലാത്തതും സഭയിൽ ഏറ്റവും ആദരിക്കപ്പെടുന്നതുമാണ് സ്പീക്കറുടെ ഇരിപ്പിടം. ഇന്നലെ നടന്ന അനിഷ്ട സംഭവങ്ങൾക്കിടെ സ്പീക്കറുടെ ചെയർ എം.എൽ.എമാരിലെ തെമ്മാടികൾ വലിച്ചെറിഞ്ഞത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഇവർ ജനാധിപത്യത്തിന്റെ അന്തസത്ത അറിയാത്തവരാണ് എന്ന് മാത്രം പറഞ്ഞ് ഈ സംഭവങ്ങളെ തള്ളിക്കളയാനാവില്ല. ഭാരതത്തിന്റെ ജനാധിപത്യ സംവിധാനത്തിലെ നിർണ്ണായക സ്ഥാനങ്ങളിൽ ഒന്നായ സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞവർ നമ്മുടെ രാഷ്ട്ര സങ്കൽപ്പങ്ങളുടെ കടക്കൽ തന്നെയാണോ കോടാലി വെയ്ക്കുന്നത് എന്നാരെങ്കിലും സംശയിച്ചാൽ തെറ്റ് പറയാനാവില്ല. ബജറ്റ് പ്രശ്നം മാന്യമായി കൈകാര്യം ചെയ്യുന്നതിൽ ഇടതു പക്ഷം ഇത്തവണ അന്പേ പരാജയപ്പെട്ടിരിക്കുന്നു. നിയമ നിർമ്മാണം നടത്തേണ്ട സഭയിൽ തന്നെ നിയമലംഘനം നടത്തി നാടിനെ നാണം കെടുത്തുന്ന തരത്തിലായി തീർന്നു അവരുടെ പ്രതിരോധ തന്ത്രങ്ങൾ.

എന്നാൽ ഈ സംഭവത്തിന്റെ ഉത്തരവാദിത്തം അവർക്ക് മാത്രമാണ് എന്ന് വിലയിരുത്താനാവില്ല. സംസ്ഥാനത്ത് ഭരണം നടത്തുന്ന സർക്കാരിനും  മുന്നണിക്കും ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും തെല്ലും ഒഴിഞ്ഞു നിൽക്കാനാവില്ല. ഭരണ നിർവ്വഹണവും നിയമ നിർമ്മാണവുമൊക്കെയാണ് തങ്ങളുടെ പ്രധാന ചുമതലകൾ എന്ന യാഥാർത്ഥ്യം അവർ മറന്നു. സംസ്ഥാനത്തിന്റെ പുരോഗതിയേക്കാൾ ഏറെ തങ്ങളുടെ വാശികൾ നടപ്പാക്കുക എന്നത് മാത്രമായിരുന്നു ഉമ്മൻചാണ്ടിയുടെയും കൂട്ടരുടെയും ലക്ഷ്യം.

ആധുനിക കന്പ്യൂട്ടർ ഗെയിമുകൾ നമ്മുടെ കുഞ്ഞുങ്ങളെ ദോഷകരമായി ബാധിക്കുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. എന്നാൽ നമ്മുടെ രാഷ്ട്രീയക്കാരെയും ആ ഗെയിമുകളുടെ സ്വാധീനം അതിലും ദോഷകരമായി ബാധിച്ചിരിക്കുന്നു എന്നുറപ്പായി. മാണിയെ സഭയിലെത്തിക്കാൻ സർക്കാർ പക്ഷവും മാണിയെ എന്ത് വിലകൊടുത്തും തടയാൻ ഇടതന്മാരും ആവേശത്തോടെ കളിച്ച ഒരു കന്പ്യൂട്ടർ ഗെയിം മാത്രമായിരുന്നു ഇന്നലത്തെ കലാപ ബജറ്റ് പ്രഹസനം. മാണി ബജറ്റ് അവതരിപ്പിച്ചോ, ഗെയിമിൽ ജയിച്ചതാര്, കടിച്ചതാര്, കുടിച്ചതാര്, പിടിച്ചതാര് തുടങ്ങിയ ചോദ്യങ്ങളെക്കുറിച്ച് വരും ദിവസങ്ങളിലും തർക്കവും ചർച്ചയും ഒക്കെ തുടരും. പക്ഷെ പരാജയപ്പെട്ടത് ആരെന്ന കാര്യത്തിൽ രണ്ടഭിപ്രായമേയില്ല. ഈ ഗെയിമിൽ തോറ്റത്  നമ്മൾ പൊതുജനം തന്നെയാണ്. കാരണം നമ്മളെ നേരിട്ടു ബാധിക്കുന്ന ബജറ്റ് എന്താണ് എന്നൊന്ന് മനസ്സിലാക്കാൻ പോലും ആവാത്ത വിധത്തിൽ കുളം കലക്കിക്കളിക്കുകയാണല്ലോ നമ്മുടെ രാഷ്ട്രീയക്കാർ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed