അവയവ മാറ്റച്ചിന്തകൾ


1. അന്പിളി ഫാത്തിമ

അന്പിളി ഫാത്തിമ ഓർമ്മ മാത്രമായിരിക്കുന്നു. ആയുസ്സിന്റെ പുസ്തകത്താളുകൾ അനന്തമല്ല. നമ്മളെല്ലാവരുടെയും ആയുസ്സ് എന്നെങ്കിലുമൊരുനാൾ അവസാനിക്കുക തന്നെ ചെയ്യും. അതൊരു തരം വേർപാടാണ്. ശരീരം കൊണ്ടങ്കിലുമുള്ളൊരു വേർപാട്. മനുഷ്യനു മനുഷ്യൻ കൽപ്പിച്ചിരിക്കുന്ന സാധാരണ ആയുസ്സിനടുത്തുള്ള മരണങ്ങളാകുന്പോൾ നമ്മളതിനെ സ്വാഭാവിക അന്ത്യമെന്നു വിശേഷിപ്പിക്കും. ആയുസ്സിന്റെ പുസ്തകത്തിൽ താളുകൾ കുറയുന്പോളും വിടപറയുന്ന വ്യക്തിത്വത്തിന്റെ ജനപ്രീതിയേറുന്പോഴും വേർപാടുകൾ വേദനാജനകമാകുന്നു. സ്വന്തം പ്രവൃത്തികളാണ് ഒരാളെ സമൂഹത്തിനു പ്രിയപ്പെട്ടവരാക്കുന്നത്. അന്പിളി ഫാത്തിമ ചെറുതിലേ രോഗഗ്രസ്തയായിരുന്നു. എന്നാൽ അതിജീവനത്തിനുള്ള അവളുടെ ഇച്ഛയും നിശ്ചയദാർഢ്യവും പൊതു സമൂഹത്തിന്റെ തന്നെ പ്രതീക്ഷകളെ
യും പ്രത്യാശകളെയും ഉത്തേജിപ്പിക്കുന്നതായിരുന്നു. അവൾ പതിയെ ഉയെർത്തെഴുന്നേൽപ്പിന്റെ പ്രതീകം തന്നെയാവുകയായിരുന്നു. 

അന്പിളി ഫാത്തിമയ്ക്കു വേണ്ടി പൊതു സമൂഹം ഒന്നായി പ്രാർത്ഥിക്കാനും കരുതൽ കാട്ടാനും ഒക്കെ കാരണം അതായിരുന്നു. തിളക്കമുള്ള കണ്ണുകളും മങ്ങാത്ത ചിരിയും പഠനമികവും പൊതുസമൂഹത്തിന്റെ ഇഷ്ടത്തെ പ്രോജ്ജ്വലിപ്പിച്ചു. പക്ഷേ അവളുടെ രോഗാവസ്ഥ കടുത്തതായിരുന്നു. വിജയിക്കുമെന്നുറപ്പില്ലാത്തപ്പോഴും ശ്രമിച്ചു നോക്കുക എന്നതായിരുന്നു അവളുടെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കുള്ള പിൻബലം. സുമനസ്സുകളുടെ കൈയയച്ച സഹായം കൊണ്ടുകൂടി നടന്ന ശസ്ത്രക്രിയകളെല്ലാം വിഫലമായി. അന്പിളി ഫാത്തിമയുടെ ആയുസ്സിന്റെ പുസ്തകത്തിലെ താളുകൾ അവസാനിച്ചിരുന്നു.

2. ചിക്കിഞ്ഞോ സ്കാർപ്പ (Chiquinho Scarpa)

ബ്രസീൽ പൗരനായ സന്പന്നനാണ് ചിക്കിഞ്ഞോ സ്കാർപ്പ. വിവാദങ്ങളുടെയും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിന്റെയും ഉറ്റ ചങ്ങായി. ഇറ്റാലിയൻ വംശജൻ. സ്കാർപ്പയെക്കുറിച്ചുള്ള പരാമർശം കഴിഞ്ഞ ദിവസം കണ്ടത് വാട്സാപ്പിലാണ്. സ്കാർപ്പ സ്വന്തം ആഡംബര കാർ കുഴിച്ചുമൂടാൻ തീരുമാനിച്ചതു സംബന്ധിച്ചുള്ളതായിരുന്നു കുറിപ്പ്. വാട്സാപ്പിൽ വരുന്നതെല്ലാം സത്യമാകണമെന്നില്ല. പക്ഷേ സ്കാർപ്പ വിശേഷം നടന്നതുതന്നെയായിരുന്നു. സംഭവം സത്യത്തിൽ നടന്നത് മൂന്നു വർഷം മുന്പായിരുന്നു എന്നുമാത്രം. ബെൻ്റ്ലി കോണ്ടിനെന്റൽ ഫ്ലൈയിംഗ് സ്പർ എന്ന കാർ കുഴിച്ചു മൂടുമെന്നായിരുന്നു സ്കാർപ്പയുടെ പ്രഖ്യാപനം. ഒന്നരക്കോടി രൂപ വിലവരുന്ന കാറാണ്  ബെൻ്റ്ലി കോണ്ടിനെൻ്റൽ ഫ്ലൈയിംഗ് സ്പർ. 2013 സെപ്തംബർ 20 ആയിരുന്നു കാറിന്റെ മറവു ചടങ്ങിനായി പ്രഖ്യാപിച്ചിരുന്നത്.

ജീവിത കാലത്ത് തങ്ങൾക്ക് വിലപ്പെട്ടതൊക്കെ മരിച്ചടക്കിന് ഒപ്പം കുഴിച്ചു മൂടുന്നതായിരുന്നു ഈജിപ്തിലെ ഫറോവമാരുടെ ശൈലി. അതുപോലെ തനിക്കു മരണാനന്തര ജീവിതത്തിൽ ഉപയോഗിക്കാനാണ് കാർ കുഴിച്ചു മൂടുന്നത് എന്നായിരുന്നു സ്കാർപ്പയുടെ പ്രഖ്യാപനം. പ്രതീക്ഷിച്ചതു പോലെ ആവശ്യത്തിലേറെ മാധ്യമ ശ്രദ്ധയും ജനശ്രദ്ധയും ഈ പ്രഖ്യാപനത്തിനു ലഭിച്ചു. വിലയേറിയ കാർ കുഴിച്ചുമൂടാനുള്ള ഭ്രാന്തൻ തീരുമാനത്തിനെതിരേ കടുത്ത വിമർശനങ്ങളുമുയർന്നു.  

ഒടുവിൽ സപ്തംബർ 20ന് തടിച്ചുകൂടിയ മാധ്യമങ്ങൾക്കു മുന്നിൽ സ്കാർപ്പ പ്രത്യക്ഷനായി. ലോഹവും പ്ലാസ്റ്റിക്കും ലെതറും ഒക്കെക്കൊണ്ടുണ്ടാക്കിയതാണ് ഒരോ കാ‌‌റും. അതു കുഴിച്ചു മൂടുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നവർ അതിലും വിലയേറിയ മനുഷ്യ ശരീരങ്ങൾ മരണശേഷം നശിപ്പിച്ചുകളയുന്നതിനെപ്പറ്റിയാണ് കൂടുതൽ ആശങ്കപ്പെടേണ്ടത് എന്ന് സ്കാർപ്പ അവരോടു പറഞ്ഞു. അവയവ ദാനത്തെപ്പറ്റി അവബോധമുണ്ടാക്കാൻ മാത്രമായിരുന്നു കാർ കുഴിച്ചുമൂടുമെന്ന സ്കാർപ്പയുടെ വ്യാജ പ്രഖ്യാപനം. അവയവദാന കാര്യത്തിൽ പൊതു സമൂഹത്തിന്റെ കണ്ണുകൾ കൂടുതൽ തുറക്കപ്പെടേണ്ടതുണ്ട്.

3. എസ്. ഹരികൃഷ്ണനെന്ന മാധ്യമ സുഹ‍ൃത്തിന്റെ മുഖപുസ്തക കുറിപ്പ്

“സാധ്യതകൾ ഇല്ലാത്തപ്പോൾ പോലും അവയവമാറ്റമെന്ന പ്രലോഭനം വെച്ചുനീട്ടുകയാണ് ആശുപത്രികൾ. കരൾ മാറ്റിവെച്ചവരിൽ അഞ്ചു വർഷം അതിജീവിക്കുന്നവർ 20 ശതമാനത്തിൽ താഴെ മാത്രം. ഹൃദയം, പാൻക്രിയാസ്, ശ്വാസകോശം എന്നിവ മാറ്റിവെയ്ക്കുന്നവരുടെ കണക്കുകൾ അജ്ഞാതം. സുമനസ്സുകൾ നൽകുന്ന സംഭാവനകൾ ആശുപത്രികളുടെ ആരും കാണാ ബാലൻസ് ഷീറ്റുകളിലേയ്ക്ക് കയറിപ്പോകുകയാണോ.?”

ഇവയെല്ലാം സത്യങ്ങൾ തന്നെയാണ്. ഈ സത്യങ്ങളെ യാഥാർത്ഥ്യ ബോധത്തിന്റെ വീക്ഷണകോണിലൂടെ നോക്കിക്കണ്ടാവണം അവയവമാറ്റ ചികിത്സകളിലെ നമ്മുടെ നയരൂപീകരണം. ആയുസ്സു വലുതാണ്. പക്ഷേ എന്തൊക്കെയായാലും അത് അവസാനിക്കാത്തതല്ല.

 

You might also like

Most Viewed