തുടരണമോ? ശരിയാക്കണമോ? വഴികാട്ടണമോ?

തുടരണമോ? ശരിയാക്കണമോ? വഴികാട്ടണമോ?
ഒരു ന്യുജൻ സിനിമ കാണുന്നതുപോലെയാണ് ഇപ്രാവശ്യത്തെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം വീക്ഷിക്കുന്പോൾ തോന്നുന്നത്. യുവത്വത്തിന്റെ പ്രസരിപ്പോടെ പുതുപള്ളിയിൽ നിന്നും ജൈക്ക് സി തോമസും, തൊണ്ണൂറു പിന്നിട്ട വി.എസ് അച്ചുതാനന്ദനും ഒരു പോലെ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ അടിച്ചു വിടുകയാണ്. താത്വികമായ അവലോകനങ്ങളോ ശക്തമായ രാഷ്ട്രീയ വിശകലനങ്ങളോ എവിടെയും കേൾക്കാനില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു ദിവസങ്ങൾക്കു മുന്പ് തന്നെ പ്രധാന മൂന്നു മുന്നണികളും പ്രചരണ മുദ്രാവാക്യങ്ങൾ ജനത്തിന്റെ തൊള്ളയിലേക്ക് തിരുകിക്കയറ്റാൻ ശ്രമിച്ചു തുടങ്ങിയിരിക്കുന്നു.
വളരണം ഈ നാട് തുടരണം ഈ ഭരണം !
സമസ്ത മേഖലകളിലും ഇത്രമേൽ അഴിമതി നിറഞ്ഞ ഒരു ഭരണം കേരള ജനത ഇതുവരെ കണ്ടിട്ടുണ്ടാകില്ല. വലതുപക്ഷത്തെ സംബന്ധിച്ച് വികസനം എന്നതു കരാറുകൾ മാത്രമാണ്. റോഡുകളും പാലങ്ങളും തുറമുഖങ്ങളും നിർമ്മിക്കാൻ വൻകിട കന്പനികൾക്ക് കരാർ നൽകുക, അതുവഴി കിട്ടിയ അഞ്ചു വർഷക്കാലം പരമാവധി കമ്മീഷൻ പറ്റുക. വിദ്യാഭ്യാസ, −വ്യവസായ, ഗതാഗത, കാർഷിക, വൈദ്യുതി, സാന്പത്തിക, ആരോഗ്യ, തൊഴിൽ രംഗങ്ങളിലെല്ലാം
തന്നെ തികഞ്ഞ പരാജയം. ഈ മേഖലകളിൽ ഒന്നും തന്നെ പുതിയ ഒരു പദ്ധതികളും തുടങ്ങാൻ സാധിച്ചില്ല എന്ന് മാത്രമല്ല ഉള്ളത് തന്നെ നേരാം വണ്ണം നടത്തികൊണ്ട് പോകാൻ പോലും കഴിയാതെ വന്നു. വകുപ്പ് മന്ത്രിമാർ ഒന്നിന് പിറകെ ഒന്നായി കേസുകെട്ടുകളുടെ നടുവിൽ കോടതികൾതോറും കയറിയിറങ്ങി. അഴിമതിക്ക് കൂട പിടിക്കാത്ത ഉദ്യോഗസ്ഥർക്ക് സർക്കാർ ഒരു ഭീഷണിയായി. ഏറ്റെടുത്ത വകുപ്പിലെല്ലാം നടന്ന വൻ അഴിമതികൾ പുറത്തു കൊണ്ടുവന്ന ഋഷിരാജ്സിംഗ്, ജേക്കബ് തോമസ്, അനുപമ തുടങ്ങി കൊല്ലം ജില്ലാ കലക്ടർ ഷൈനമോൾ വരെ ഭരണപ്പാർട്ടിയുടെ ചൂടറിഞ്ഞു. ഒടുവിൽ എട്ടാം ക്ലാസ് ജയിക്കുന്ന പെൺകുട്ടികൾക്ക് സൈക്കിൾ എന്ന തലൈവി അമ്മയുടെ പത്തൊന്പതാം അടവുള്ള പ്രകടന പത്രികയുമായി ഇനിയും ഞങ്ങൾക്ക് വോട്ടു തരണമെന്ന് അപേക്ഷിക്കുന്നു, എന്തിനു “ഇമ്മാതിരി ഞങ്ങൾക്ക് വളരാൻ ഇതുപോലെ ഞങ്ങൾക്ക് തുടരാൻ.”...
എൽ.ഡി.എഫ് വരും എല്ലാം ശരിയാകും !!
ശരിയാക്കാൻ വളരെ മിടുക്കുള്ള കൂട്ടരാ, പേര് കണ്ടാൽ അറിയാം ഉണ്ണിയുടെ ഊര്. പ്രതിപക്ഷമാകുന്പോൾ പ്രതിരോധിക്കേണ്ട ആവശ്യം ഇല്ലാല്ലോ എന്നതാണ് ഇടതന്മാരുടെ ആശ്വാസം. ഇന്ത്യയിലെ ആദ്യത്തെ പ്രതിപക്ഷത്തിനു ഇത് അസ്ഥിത്വം നിലനിർത്താൻ വേണ്ടിയുള്ള പോരാട്ടമാണ്. വ്യക്തവും പുരോഗമനപരവുമായ ആശയ−സംവാദങ്ങളിലൂടെ കടന്നു വന്നവർക്ക് പുതിയ കാലഘട്ടത്തിന്റെ വേഗതക്കൊപ്പം സഞ്ചരിക്കാൻ അറിയില്ല എന്ന പരാതിയായിരുന്നു ഇതുവരെയുണ്ടായിരുന്നത്. എന്നാൽ ഇന്ന് ചിത്രം മാറി. നവ−സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ചുവപ്പൻ വിപ്ലവങ്ങൾ. വിദ്യാഭ്യാസപരമായി ഉന്നതിയിലുള്ള നേതാക്കൾ അണികളുടെയും രാജ്യത്തിന്റേയും പുരോഗമനക്കുതിപ്പിനെ വർഗ്ഗ സിദ്ധാന്തത്തിന്റെ പേരിൽ അംഗീകരിച്ചിരുന്നില്ല, അതിനാലവർ പിന്തിരിപ്പന്മാരായി. എന്നാൽ മാറിയ കാലത്തിന്റെ മാറ്റൊലിയായി കർഷകനും, “ടെക്കി”കളും തൊഴിലാളി വർഗ്ഗ കൊടിയുടെ കീഴിൽ വരുന്നവരായി. ഇല വീണാൽ വാർത്തയാക്കാൻ മാധ്യമങ്ങൾ ഉള്ള നമ്മുടെ രാജ്യത്ത് പത്ര സമ്മേളനങ്ങൾ വരെ ഒഴിവാക്കി മുന്നേറുന്ന “മുഖ്യ” നേതാക്കൾ വീണ്ടുമൊരു “ടി.പി”യും ഷുക്കൂറുമൊന്നും ആവർത്തിക്കില്ല എന്ന് ജനത്തിന് ഉറപ്പ് കൊടുക്കണം, എങ്കിൽ മാത്രമേ വർഗീയതക്കും അഴിമതിക്കും എതിരെയുമുള്ള പ്രതിരോധം കെട്ടിപ്പടുത്ത് ജനങ്ങളുടെ ജീവിത ശരിയാക്കാൻ ജനം കൂടെയുണ്ടാകു.
വഴിമുട്ടിയ കേരളം വഴികാട്ടാൻ ബി.ജെ.പി !!!
ഏതു തരം വഴിയാണ് അടഞ്ഞത് എന്നറിയില്ല, ഒരു പക്ഷെ നിയമസഭയിലേക്കുള്ള ബി.ജെ.പിയുടെ വഴിയായിരിക്കാം. “അച്ഛാ ദിൻ” വാഗ്ദാനം ഇപ്പോഴും കാതുകളിൽ അലയടിക്കാത്ത ഒരു ഇന്ത്യക്കാരൻ പോലുമുണ്ടാകില്ല. “ജുംലകൾ” മാത്രമായി അതിനെ കണ്ടാൽ മതിയെന്ന ദേശീയ നേതാവിന്റെ വാക്കുകൾ ഇവിടെ കടമെടുക്കാൻ ആഗ്രഹിക്കുന്നില്ല. ഭരണം നടത്തിയ ദേശങ്ങളിൽ കേരളത്തേക്കാൾ വലിയ മേന്മയൊന്നും അവകാശപ്പെടാൻ ഇല്ലാത്തതിനാൽ വർഗീയതയുടെ ഭരണി തുറക്കാൻ ശ്രമിക്കുന്നത് തന്നെയാണ് ഇക്കൂട്ടരെ വീണ്ടും പിന്നോട്ടടിക്കുന്നത്. ഇഷ്ടമില്ലാത്തവർ പോലും അടക്കിപിടിച്ച് പറയുന്നത് പോലെ കേരളത്തിൽ മാറി വരുന്ന മുന്നണികളുടെ ചവിട്ടേറ്റ് ചതഞ്ഞരയുന്ന ജനത്തി
ന്നു ഒരു മൂന്നാം പ്രതീക്ഷയാകാൻ ഇവർക്ക് കഴിയുമോ? അതിനു മാലോകർ ഇവർക്ക് നിയമസഭയിലേക്ക് ഒന്ന് വഴികാട്ടി കൊടുക്കുമോ എന്തോ ?