വി.എസ് എന്ന അത്ഭുത പ്രതിഭാസം


മണിലാൽ

 

ഭാരതീയ ചിന്താപദ്ധതികളനുസരിച്ച് ഓരോ മനുഷ്യജന്മത്തിനും ഓരോ ധർമ്മം നിർവ്വഹിക്കാനുണ്ട്. ഇയാൻ മക്‌ഡൊണാൾഡ്‌ എന്ന ബ്രിട്ടീഷുകാരൻ ചിന്തിച്ചത് വി.എസ് അച്യുതാനന്ദൻ എന്ന മനുഷ്യന്റെ ജന്മ ദൗത്യത്തെക്കുറിച്ചായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇയാൻ വി.എസിനെ നിഴലുപോലെ പിന്തുടരുകയാണ്. ഇനിയുമൊരു രണ്ടു വർഷക്കാലം കൂടി അത് തുടരേണ്ടി വരും എന്നാണയാൾ കരുതുന്നത്. വി.എസിനെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കണം എന്നയാൾ ആഗ്രഹിക്കുന്നു. അച്യുതാനന്ദൻ എന്ന മനുഷ്യന്റെ ദിവസം ആരംഭിക്കുന്ന നിമിഷം മുതൽ അദ്ദേഹം നിർവ്വഹിക്കുന്ന ഓരോ കൊച്ചു കാര്യങ്ങളും അയാൾ തന്റെ ക്യാമറയിൽ പകർത്തുന്നുണ്ട്. മണിക്കൂറുകളായി തന്നെ കാത്തിരിക്കുന്ന ജനങ്ങൾക്കിടയിലേക്ക് വി.എസ് എത്തുന്പോൾ അവരുടെ മുഖത്ത് മിന്നിമറിയുന്ന ആഹ്ലാദഭാവം, ആനന്ദം, ആദരവ്, ഒക്കെ ക്യാമറക്കണ്ണിലൂടെ പകർത്തുന്പോൾ അയാളും അത്ഭുതം കൂറുന്നു. ഇത്രയേറെ ആളുകളെ സ്വാധീനിക്കാൻ കഴിയുന്ന മനുഷ്യരെ താൻ കണ്ടിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു. തന്റെ നാട്ടിലൊക്കെ 60 വയസാകുന്പോഴേക്കും തന്നെ പൊതുപ്രവർത്തകരംഗത്തു നിന്ന് ആളുകൾ നിഷ്ക്രമിക്കും. പിന്നീടവരെക്കുറിച്ച് ആരും അന്വേഷിക്കാറു പോലുമില്ല. വിശ്രമജീവിതത്തിന്റെ ഇരുളിൽ വിലയം പ്രാപിച്ചിരിക്കും. ഇവിടെ 92ാമത്തെ വയസിലും ഒരാൾ കർമ്മനിരതനായിരിക്കുന്നു. ചിട്ടയായി വ്യായാമം ചെയ്യുന്നു. നിശ്ചയിച്ചുറച്ച ഭക്ഷണം മാത്രം കഴിക്കുന്നു. ദൈനംദിന പ്രശ്നങ്ങളോടൊക്കെ പ്രതികരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെ എല്ലാത്തിലും പ്രത്യക്ഷപ്പെട്ട് തനിക്ക് പറയാനുള്ളത് അളന്ന് തൂക്കി പറയുന്നു. ഒരുപക്ഷേ തനിക്കെതിരായി അകത്തും പുറത്തും നിന്നുണ്ടാവുന്ന എല്ലാ വെല്ലുവിളികളെയും അക്ഷോഭ്യനായി പ്രതിരോധിക്കുന്നു. നിരന്തരമായി പരാജയത്തിന്റെ കയ്പുനീര് കുടിക്കേണ്ടി വരുന്പോഴും ആ ശരീരവും മനസും വികാരവിക്ഷോഭങ്ങളിൽ വലിഞ്ഞു മുറുകുന്നില്ല. തന്റെ സാന്നിദ്ധ്യം അനിവാര്യമായി തീരുന്ന ഇടങ്ങളിലൊക്കെ, അത് ഭൂമിയിലെവിടെയായിരുന്നാലും സഞ്ചരിച്ചെത്തുന്നു. ആരെയൊക്കെയാണോ പ്രചോദിപ്പിച്ച് കർമ്മനിരതമാക്കേണ്ടത് അവരെയൊക്കെ മാസ്മരമായ ശക്തിവിശേഷത്തോടെ പ്രചോദിപ്പിക്കുന്നു. അനീതി നടമാടുന്നിടങ്ങളിലൊക്കെ അതിനെതിരായ പോരാട്ടത്തിന്റെ വെള്ളിടികൾ തീർക്കുന്നു. അകത്തും പുറത്തുമുള്ള തന്റെ ശത്രുക്കൾ ഇനിയൊരിക്കലും ഉയിർത്തെഴുന്നേൽക്കാനാവാത്ത വിധം ശത്രുസംഹാരം നടത്തി കുഴിച്ചു മൂടി എന്ന് ഉറപ്പിക്കുന്പോൾ; ഫിനിക്സ് പക്ഷി ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്നതു പോലെ പറന്നുയരുന്നു. ഇതൊക്കെ കൊണ്ടാണ് ഇയാൻ മക്‌ഡൊണാൾഡ്‌ ഇന്ത്യൻ രാഷ്ട്രീയത്തിലെ അത്ഭുത പ്രതിഭാസം എന്ന് വി.എസ് അച്യുതാനന്ദനെ വിശേഷിപ്പിച്ചത്.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി സി.പി.ഐ (എം) ലെ വിമത ശബ്ദത്തിന്റെ പ്രതിരൂപമായാണ് വി.എസ് അച്യുതാനന്ദനെ ഇന്ത്യൻ രാഷ്ട്രീയം വിലയിരുത്തിപ്പോന്നത്. നേരത്തെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ കർക്കശക്കാരനായ നേതാവ്, പൊതുസമൂഹവുമായി വലിയ ബന്ധങ്ങളൊന്നും നിലനിർത്താത്ത ഒരാളായാണ് വി.എസ് അറിയപ്പെട്ടിരുന്നത്. കർഷക തൊഴിലാളി സംഘടന രൂപം കൊണ്ടത് മുതൽ അതിന്റെ സ്ഥാപകനും സംഘാടകനുമൊക്കെയായിരുന്നു. അദ്ദേഹം നടത്തിയ പ്രക്ഷോഭങ്ങളും വലിയ തോതിൽ അപഹസിക്കപ്പെട്ടു. കുട്ടനാടൻ നെൽപ്പാടങ്ങൾ വ്യാപകമായി നികത്തിയെടുക്കുന്നതിനെതിരെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന സമരമാണ് ചരിത്രത്തിൽ ‘വെട്ടിനിരത്തൽ സമര’മായി അറിയപ്പെട്ടത്. നെൽപ്പാടങ്ങളിൽ മൺകൂനകളുണ്ടാക്കി തെങ്ങിൻ തൈകൾ നടുന്നത് കായികമായി തന്നെ പ്രതിരോധിക്കുകയായിരുന്നു സമരത്തിന്റെ രീതി. കമ്യൂണിസ്റ്റുകാരെ സാമൂഹ്യവിരുദ്ധരായി ചിത്രീകരിക്കാനും അക്രമസമരമായി വ്യാഖ്യാനിക്കാനുമാണ് ഇതിന് വെട്ടിനിരത്തൽ സമരം എന്ന പേര് ചില മാധ്യമങ്ങൾ ചാർത്തി നൽകിയത്. കോഴിക്കോട് ചേർന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ വെച്ച് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട ശേഷം വി.എസിനെ രാഷ്ട്രീയത്തിൽ നിന്ന് ഒറ്റപ്പെടുത്താനുള്ള നീക്കങ്ങൾ ശക്തിപ്പെട്ടു. മാരാരിക്കുളത്ത് മത്സരിച്ച വി.എസിനെ കാലുവാരി തോൽപ്പിച്ച ശേഷമാണ് നായനാർ കേരളത്തിന്റെ മുഖ്യമന്ത്രിയായത്. കൂടെ നിന്നവർ തന്നെ കാലുവാരി തോൽപ്പിച്ചതിന്റെ എല്ലാ വിവരങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞു നിന്നപ്പോഴും അക്ഷോഭ്യനായി പാർട്ടിയെ സംരക്ഷിച്ചുകൊണ്ട് വി.എസ് പത്രക്കാരോട് സംസാരിച്ചത് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. തുടർന്ന് പാലക്കാട്ട് വെച്ച് പാർട്ടിയിലെ തന്റെ എതിരാളികളായിരുന്ന സി.
ഐ.ടി.യു വിഭാഗത്തെ വെട്ടനിരത്തി ആധിപത്യം സ്ഥാപിക്കുന്ന വി.എസിനെയാണ് നാം കാണുന്നത്.  ഈ വിഭാഗത്തെ ഒതുക്കുന്നതിന് തന്റെ വലംകൈയായി കൂടെ നിന്ന പിണറായി വിജയൻ,  പാർട്ടിയിൽ തന്റെ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കങ്ങൾ ശക്തിപ്പെടുത്തുന്നതാണ് പിന്നീട് കണ്ടത്. അതിന് ആദ്യമേ തന്നെ വി.എസ് അച്യുതാനന്ദൻ എന്ന സ്വന്തം ഗുരുവിനെ നിഗ്രഹിക്കേണ്ടതുണ്ടായിരുന്നു. അന്നു മുതൽ തുടങ്ങി പാർട്ടിയിൽ വി.എസും പിണറായിയും തമ്മിലുള്ള പോരാട്ടം. കണ്ണൂ‍ർ സംസ്ഥാന സമ്മേളനം ആകുന്പോഴേയ്ക്ക് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള വിഭാഗം പാ‍‍ർട്ടിയെ ഏറെക്കുറെ കൈയടക്കി കഴിഞ്ഞിരുന്നു. അന്ന് പാ‍‍ർട്ടിയിലെ വലതുപക്ഷ പ്രവണതകൾക്കെതിരെ ശക്തമായ പടയോട്ടമാണ് വി.എസ് നടത്തിയത്. എം.എൻ വിജയന്റെ നേതൃത്വത്തിൽ നാലാം ലോകവാദത്തിനെതിരായി നടത്തിയ നീക്കങ്ങൾ, പാഠം മാസികയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒക്കെ അങ്ങിനെ ഉയർന്നുവന്നതാണ്. ഇതിനിടയിൽ പ്രതിപക്ഷ നേതാവായി ഉയർന്ന വി.എസ് ഇത്തരം  ഒരു നേതൃപദവിയുടെ സാധ്യതകൾ ജനങ്ങളുടെ മുന്പിൽ അവതരിപ്പിച്ചത് അത്ഭുതത്തോടെ കേരള ജനത കണ്ടുനിന്നിട്ടുണ്ട്. വി.എസ് പ്രതിപക്ഷ നേതാവായി നിയമസഭയിലെ മുൻനിര സീറ്റിലേയ്ക്ക് വന്നപ്പോൾ “മുന്പിലിരുന്നതു കൊണ്ടായില്ല; അതിനുള്ള ബുദ്ധിയുമുണ്ടാവണം” എന്ന നായനാരുടെ കമന്റ് വലിയ കോളിളക്കം സൃഷ്ടിച്ചതായിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പാരിസ്ഥിതിക പ്രശ്നങ്ങളുയർത്തിയും അഴിമതിക്കെതിരെ കൈക്കൊണ്ട ശക്തമായ നടപടികളും വി.എസിന് ജനമനസുകളിൽ അദ്വീതിയമായ ഒരു സ്ഥാനം ഉറപ്പാക്കിക്കഴിഞ്ഞിരുന്നു. മലപ്പുറം സമ്മേളനത്തോടെ പാർട്ടി പൂർണമായി കൈയിലൊതുക്കിയ പിണറായിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷം വി.എസിനേയും അദ്ദേഹത്തോടൊപ്പം നിൽക്കുന്നവരേയും അക്ഷരാർത്ഥത്തിൽ വെട്ടിനിരത്തുന്ന നടപടികളുമായാണ് പിന്നീട് മുന്പോട്ടുപോയത്. അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി പ്രകാശ് കാരാട്ട് തിരഞ്ഞെടുക്കപ്പെടുകയും കേരളത്തിന്റെ സംഘടനാ ചുമതലയിലേക്ക് എസ്. രാമചന്ദ്രൻ പിള്ളയെ പോലുള്ളവർ വരികയും ചെയ്തതോടെ വി.എസ് അച്യുതാനന്ദനും കൂടെ നിൽക്കുന്നവർക്കും എതിരായ നീക്കങ്ങൾ ശക്തിപ്പെട്ടു. സംഘടനാ സംവിധാനം പൂർണമായി പിണറായിയുടെ കൈയിൽ ഒതുങ്ങിയതോടെ കൂടെ നിന്നവരാകെ മറുകണ്ടം ചാടിപ്പോകുന്ന കാഴ്ച വി.എസ് നിസ്സംഗനായി നോക്കിനിന്നു. കൂടെ നിന്നവർ കൂട്ടത്തോടെ പിരിഞ്ഞുപോകുകയും സംഘടനാപരമായ വലിയ ഒറ്റപ്പെടലിനെ നേരിടുകയും ചെയ്തപ്പോഴും തന്റെ ജനകീയ അംഗീകാരം ഉപയോഗിച്ച് പാർട്ടിക്കു മുന്പിൽ പ്രതിരോധ ദുർഗ്ഗങ്ങൾ ഉയർത്താനാണ് വി.എസ് പരിശ്രമിച്ചത്. സംഘടനാ അച്ചടക്കം ലംഘിക്കുന്നതിന്റെ പേരിൽ നടപടികളുടെ ഘോഷയാത്ര തന്നെ ഇക്കാലയളവിലുണ്ടായി. പൊളിറ്റ് ബ്യൂറോവിൽ നിന്ന് ഒഴിവാക്കപ്പെട്ടു. സി.പി.ഐ (എം) ന്റെ കേന്ദ്രകമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ചേരുന്നത് പോലും വി.എസ് അച്യുതാനന്ദനെതിരായ നടപടികൾ ചർച്ച ചെയ്യാനും താഴോട്ട് റിപ്പോർട്ടുകളായി നൽകാനുമാണെന്ന നിലയായി. അച്ചടക്കമാണോ ജനതാൽപര്യങ്ങളാണോ വലുത് എന്ന മറുചോദ്യവുമായി അദ്ദേഹം അതിനെ നേരിട്ടു. പാർട്ടിയിൽ നടന്നു കൊണ്ടിരിക്കുന്ന മുതലാളിത്തവൽക്കരണവും വലതുപക്ഷ നിലപാടുകളും എടുത്തുയർത്തി ജനകീയ പ്രതിരോധത്തിന്റെ മുഖം തുറക്കാൻ വി.എസ് അച്യുതാനന്ദന് നിഷ്പ്രയാസം സാധിച്ചു. ഏതാണ്ടൊരു ഒറ്റയാൾ പട്ടാളമായി നിന്നു പൊരുതി. ഇതിനിടയിൽ തന്നോടൊപ്പം ഊന്നുവടിയായ് നിന്ന പേഴ്സണൽ സ്റ്റാഫംഗങ്ങളെ പല തരത്തിലുള്ള കാരണം പറഞ്ഞ് അച്ചടക്ക നടപടികൾക്ക് വിധേയമാക്കി ഔദ്യോഗിക നേതൃത്വം ഒഴിവാക്കിയിരുന്നു. സി.പി.ഐ (എം)ന്റെ സംഘടനാ രീതിയനുസരിച്ച് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ആരൊക്കെ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് നിശ്ചയിക്കുക കേന്ദ്ര കമ്മിറ്റിയാണ്. എന്നാൽ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും അങ്ങിനെ തീരുമാനം കൈക്കൊള്ളാതെ ആരൊക്കെ മത്സരിക്കണം എന്ന് നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന കമ്മിറ്റിക്ക് വിടുകയായിരുന്നു. സംസ്ഥാന നേതൃത്വമാകട്ടെ വി.എസ് മത്സരിക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയും അത് വലിയതോതിലുള്ള ജനകീയ പ്രതിഷേധം ക്ഷണിച്ചു വരുത്തുകയും ചെയ്തു. രണ്ട് തവണയും ജനങ്ങളുടെ ശക്തമായ ഇടപെടലിനെ തുടർന്ന് കേന്ദ്ര സംസ്ഥാന കമ്മിറ്റികൾക്ക് വി.എസിനെ മത്സരിപ്പിക്കാൻ തീരുമാനമെടുക്കേണ്ടി വന്നു. ഈ തിരഞ്ഞെടുപ്പുകളിലൊക്കെ ജനങ്ങളെ ഇളക്കിമറിക്കുന്ന ‘ക്രൗഡ് പുള്ളറാ’യി രംഗത്തുണ്ടായിരുന്നത് വി.എസ് അച്യുതാനന്ദൻ മാത്രമായിരുന്നു. വി.എസിനെ ഒഴിവാക്കി ഒരു തിരഞ്ഞെടുപ്പ് പ്രചാരണവും വർത്തമാനകേരളത്തിൽ, ഇടതുപക്ഷത്തിന് സാധ്യമല്ല എന്ന് തെളിയിച്ച തിരഞ്ഞെടുപ്പായിരുന്നു അരുവിക്കരയിലേത്. വി.എസിനെ ബന്ധപ്പെടുത്താതെ ഔദ്യോഗിക പക്ഷം പിണറായിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് പ്രചാരവേലകൾ നടത്താനെടുത്ത തീരുമാനം പൊട്ടിപ്പൊളിഞ്ഞ് ആറ്റിൽ ഒഴുകിപ്പോകുന്നത് രാഷ്ട്രീയ കേരളം കൗതുകത്തോടെ നോക്കി നിന്നു. ഇതിനിടയിലും സംഘടനാ നടപടികളിലൂടെ വി.എസിനെ പൂർണമായി ഒഴിവാക്കാനുള്ള നീക്കങ്ങളും ശക്തപ്പെട്ടിരുന്നു. പാർട്ടി കേന്ദ്രകമ്മിറ്റി അംഗമായ ഒരാൾക്കെതിരെ സംസ്ഥാന സമ്മേളന റിപ്പോർട്ടിൽ സുദീർഘമായ പരാമർശങ്ങൾ നടത്തിയതും സമ്മേളനത്തിനു തലേന്നാൾ പത്രസമ്മേളനം വിളിച്ച്, കേന്ദ്രകമ്മിറ്റി അംഗത്തെ പാർട്ടി വിരുദ്ധ മനോഭാവമുള്ളയാൾ എന്ന് വിശേഷിപ്പിച്ചതും സമ്മേളന വേദിയിൽ നിന്ന് ഇറങ്ങിപ്പോകാൻ നിർബന്ധിതനാക്കിയതും പൊതുസമ്മേളന വേദിയിൽ അദ്ദേഹത്തിനെതിരെ അതിരൂക്ഷമായ പരാമർശങ്ങൾ പരസ്യമായി നടത്തിയതുമൊക്കെ, പാ‍‍ർട്ടിയിൽ വി.എസിന്റെ അവസാന നാളുകൾ അടുത്തു എന്ന് എല്ലാവരേയും ബോധ്യപ്പെടുത്തുന്നതായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റു പാർട്ടിയുടെ കേന്ദ്രസമിതിയിൽ നിന്ന് ഇറങ്ങിവന്ന് സി.പി.ഐ (എം) രൂപീകരിക്കാൻ നേതൃത്വം നൽകിയ 32 പേരിൽ ജീവിച്ചിരിക്കുന്ന ഏകനേതാവാണ് വി.എസ് അച്യുതാനന്ദൻ. താൻ ജീവിതം കൊണ്ട് കെട്ടിപ്പടുത്ത പാർട്ടിയുടെ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോരേണ്ട അവസ്ഥ സംജാതമായിട്ടും ആലപ്പുഴയിലെ സ്വന്തം വീട്ടിലും തിരുവനന്തപുരത്തെ കണ്ടോൺമെന്റ് ഹൗസിലും അക്ഷോഭ്യനായി തന്റെ പതിവുദിനചര്യകൾ മുടക്കാതെ, കർമ്മനിരതനായ  വി.എസ് എല്ലാവരിലും അത്ഭുതാദരങ്ങളാണ് ഉളവാക്കിയത്.

അവസാനം സി.പി.ഐ (എം) ന്റെ നേതൃപദവിയിൽ സീതാറാം യെച്ചൂരിയെപ്പോലൊരാൾ അവരോധിക്കപ്പെട്ടതോടെയാണ് വി.എസിന്റെ ദശ തെളിഞ്‍ഞത് എന്ന് വേണമെങ്കിൽ പറയാം. അതോടെ വി.എസിനെതിരായ മിക്കവാറും സംഘടനാ നീക്കങ്ങളെ തടയിടാനായി എന്നതാണ് വാസ്തവം. പ്രതിപക്ഷ നേതൃപദവിയിൽ നിന്ന് നീക്കാനുള്ള പരിശ്രമങ്ങളും പൊളിറ്റ് ബ്യൂറോ കമ്മീഷന്റെ ശിക്ഷാവിധികളുമൊക്കെ അതോടെ അന്തരീക്ഷത്തിൽ വിലയം പ്രാപിച്ചു. ദേശാഭിമാനി, കൈരളി എന്നീ കൊട്ടയിലുള്ള മാധ്യമങ്ങളെ ഉപയോഗിച്ച്, പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനുള്ള നീക്കം ശക്തമായി. ഇ.പി ജയരാജൻ ഉൾപ്പെടെയുള്ള അനുയായി വൃന്ദം എല്ലാ സംഘടനാ മര്യാദകളും ലംഘിച്ച് പിണറായി വിജയന് മുഖ്യമന്ത്രി പരിവേഷം നൽകി കൊണ്ടിരുന്നു. നവകേരള മ‍ാർച്ചു പോലുള്ള പാർട്ടി പരിപാടികളുടെ പ്രാഥമികമായ ലക്ഷ്യവും ഇതായിരുന്നു.  മറ്റു മാധ്യമങ്ങളിലൂടെയും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളെ ഉപയോഗിച്ചും സ്വന്തം പ്രതിച്ഛായ വളർത്തിയെടുക്കാനുള്ള നീക്കങ്ങൾ ശക്തമായി നടന്നെങ്കിലും തിരഞ്ഞെടുപ്പിൽ വി.എസിനെ ഒഴിവാക്കാനുള്ള എല്ലാ പരിശ്രമങ്ങളും തകർന്നടിയുകയായിരുന്നു. വി.എസ് ജീവിച്ചിരിക്കുന്നിടത്തോളം കാലം അദ്ദേഹത്തെ ഒഴിവാക്കി ഒരു തിരഞ്ഞെടുപ്പ് പ്രചാരണവും കേരളത്തിൽ സാധ്യമല്ല എന്ന് എല്ലാവർക്കും ഇന്ന് ബോധ്യം വന്നിരിക്കുന്നു. കേന്ദ്രനേതൃത്വത്തിന്റെ സംരക്ഷണ കവചം ലഭിച്ചതോടെ പാ‍‍ർട്ടിയുടെ ഔദ്യോഗിക നേതാവായി ഉയരുന്ന വി.എസിനെയാണ് കേരളം പിന്നീട് കണ്ടത്. തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയപ്പോഴാകട്ടെ ജനങ്ങളെ ഇറക്കിമറിക്കാൻ ശേഷിയുള്ള ഏകനേതാവ് ഇന്നും വി.എസ് തന്നെ എന്ന് ദിവസങ്ങൾക്കകം വ്യക്തമായിരിക്കുന്നു. തിരുവനന്തപുരം പത്രസമ്മേളനത്തിലെ നിശ്ചയിച്ചതനുസരിച്ചുള്ള പത്രലേഖകന്റെ ചോദ്യവും പിണറായിയുടെ മറുപടിയും തുടർന്നുള്ള വിവാദങ്ങളും കാര്യങ്ങളെ എവിടെയാണ് കൊണ്ടുചെന്നെത്തിച്ചത്? ഇപ്പോൾ പാർട്ടിയുടെ കേരളത്തിലെ ഔദ്യോഗിക നേതാവ് വി.എസ് അച്യുതാനന്ദനും വിമതനേതാവ് പിണറായി വിജയനും എന്ന നിലയിലേയ്ക്ക് കാര്യങ്ങൾ തല കീഴായ് മറിയുന്നു. അപ്പോഴും ജനങ്ങളെ ഇളക്കിമറിച്ച് ഈ മനുഷ്യൻ മുന്നോട്ടുതന്നെ സഞ്ചരിക്കുന്നു. ഇയാൻ മക്‌ഡൊണാൾഡ്‌ അത്ഭുത പ്രതിഭാസം എന്ന് വിശേഷിപ്പിച്ചതിൽ അതിശയോക്തി ഒട്ടുമില്ലാതെ.

 

You might also like

Most Viewed