വെ­റു­മൊ­രു­ മോ­ഷ്ടാ­വാ­യോ­രെ­ന്നെ­...


ഇന്ത്യയെ വ്യാപകമായി കൊള്ളയടിച്ച ബ്രിട്ടീഷുകാർ പ്രശസ്തമായ കോഹിനൂർ രത്നം പക്ഷെ കൊള്ളയടിച്ചതല്ലെന്ന് ഒടുവിൽ രാജ്യം ഭരിക്കുന്ന കേന്ദ്രസർക്കാരും വ്യക്തമാക്കിയിരിക്കുന്നു. കൈവിട്ടു പോയ നന്മകളെല്ലാം തിരികെപ്പിടിക്കുകയെന്ന രീതി കേന്ദ്രസർക്കാർ തൽക്കാലത്തേക്കെങ്കിലും മാറ്റി വെച്ചിരിക്കുന്നു എന്നാണ് ഈ പുതിയ നിലപാടു വ്യക്തമാക്കുന്നത്. കോഹിനൂർ ബ്രിട്ടീഷുകാർ മോഷ്ടിച്ചതല്ല അവസാനത്തെ സിഖു രാജാവായ മഹാരാജാ ദുലീപ് സിംഗ്ജി അന്നത്തെ ബ്രിട്ടീഷ് മഹാറാണിയായ വിക്ടോറിയയ്ക്കു സമ്മാനിച്ചതാണ് എന്നതാണ് ഇതു സംബന്ധിച്ച കേസിൽ കേന്ദ്രസർക്കാർ സുപ്രീം കോടതിയി‌ൽ നൽകിയിരിക്കുന്ന സത്യവാങ്മൂലം. ദുലീപ് സിംഗ്ജി ബ്രിട്ടണിൽ പോയതും രത്നം കൈമാറിയതും സത്യമാണ്. എന്നാൽ അതിനുമപ്പുറമുള്ള കാര്യങ്ങൾ പരിശോധിക്കുന്പോൾ ഈ വാദം എത്രത്തോളം യുക്തിസഹമാണെന്ന സംശയം ശക്തമാകുന്നു. 

അതുകൊണ്ടു തന്നെ കോടതി നടപടികൾ പുരോഗമിക്കെ കോഹിനൂറിന്റെ ചരിത്രം സ്വതന്ത്രമായി ഒന്നു പരിശോധിക്കാതെ വയ്യ. ആ ചരിത്രം നമുക്കിങ്ങനെ ചുരുക്കാം. എണ്ണൂറു കൊല്ലം മുന്പ് ഇന്നത്തെ ആന്ധ്രപ്രദേശിന്റെ അതിർത്തിയിലുള്ള ഗുണ്ടൂരിൽ പരിതാലയിലെ ഒരു ഖനിയിൽ നിന്നും കുഴിച്ചെടുത്ത വജ്രമാണ് പിന്നീട് കോഹിനൂർ അഥവാ പ്രകാശത്തിന്റെ മല എന്ന പേരിൽ ലോകപ്രശസ്തമായത്. കാകതീയ രാജാക്കന്മാർ നാടുവാഴുന്ന കാലത്ത് ലഭിച്ച രത്നം സ്വാഭാവികമായും അവരുടെ അധീനതയിലെത്തി. മികച്ചതെല്ലാം കൈയടക്കി സ്വന്തം കിരീടത്തിലണിയുന്ന ചില ഭരണാധികാരികാരികളെപ്പോലെയായിരുന്നില്ല കാകതീയ രാജാക്കന്മാർ. അവരത് തങ്ങളുടെ കുലദൈവമായ വാറങ്കൽ ഭദ്രകാളീ ദേവിക്കു സമർപ്പിച്ചു. ഒരുപക്ഷേ ഉടമയുടെ സ്വമനസ്സാലെയുള്ള ആദ്യത്തെയും അവസാനത്തെയും കോഹിനൂർ കൈമാറ്റമായിരുന്നു അത്. ദേവീവിഗ്രഹത്തിലെ കണ്ണുകളിലൊന്നായി ആ രത്നം ഏറെക്കാലം പ്രഭ ചൊരി‌‌‌‌ഞ്ഞതായി രേഖകൾ സൂചിപ്പിക്കുന്നു. 

1320ൽ ഗിയാസുദ്ദിൻ തുഗ്ലഖ് കാകതീയരെ കീഴടക്കിയപ്പോൾ ദേവിയുടെ കണ്ണ് ചൂഴ്ന്നെടുത്ത് രത്നവും അവർക്കൊപ്പം കൊണ്ടുപോയത്രേ. തുഗ്ലക്കുകളുടെ കൈകളിൽ നിന്നും ലോദികളുടെ അധീശത്വത്തിലും തുടർന്ന് മുഗൾ ചക്രവർത്തി ബാബറുടെ സിംഹാസനത്തിലെ അലങ്കാരവുമായി ആ പ്രകാശമല. മുഗളന്മാർ അതിന് ബാബറുടെ രത്നമെന്ന പേരു നൽകി. എത്തിയ കൈകളോരോന്നിൽ നിന്നും കോഹിനൂർ കാലത്തിനൊത്തു മാറിക്കൊണ്ടിരുന്നു. അങ്ങനെ അഫ്ഗാൻ, പേർഷ്യൻ ചക്രവർത്തിമാരിലൂടെ സിഖു രാജാക്കന്മാരുടെ പക്കലെത്തി. അഫ്ഗാനിലെ ദുറാനികളുടെ പക്കൽ നിന്നാണ് സിഖുരാജാവായ മഹാരാജാ രഞ്ജിത് സിംഗ്ജിയുടെ കൈയിൽ രത്നമെത്തിയത്. എന്നാൽ അദ്ദേഹത്തിന്റെ പുത്രൻ ദുലീപ് സിംഗ്ജിയുടെ കൈകളിലൂടെ ആ രത്നം എന്നന്നേയ്ക്കുമായി ഭാരതത്തിന്റെ മണ്ണിൽ നിന്നും ബ്രിട്ടണിലേക്ക് എത്തപ്പെടുകയായിരുന്നു. 

ഈ കൈമാറ്റം നടന്ന സാഹചര്യങ്ങൾ കൗതുകകരമാണ്. സ്വന്തം ജ്യേഷ്ഠന്മാരടക്കം നാലു മുൻഗാമികളെ കൊന്ന് ഇല്ലായ്മ ചെയ്തശേഷമാണ് അഞ്ചു വയസുകാരനായ ബാലകൻ ദുലീപ് സിംഗിനെ ബ്രിട്ടീഷുകാർ സിഖു രാജ്യത്തിന്റെ രാജാവായി വാഴിച്ചത്.

എട്ടും പൊട്ടും തിരിയാത്ത രാജാവിനെ ഏറെത്താമസിയാതെ സ്വന്തം മാതാവിൽ നിന്നുമകറ്റി. തുടർന്ന അമ്മയെയും മകനെയും നാടുകടത്തി. മകനും അമ്മയുമായി പിന്നീട് കാണുന്നത് പതിറ്റാണ്ടിനും ശേഷമാണ്. ഇംഗ്ലണ്ടിലെത്തിയ കൊച്ചു രാജാവ് അന്നത്തെ മഹാറാണിയുടെ വളർത്തു പുത്രനെപ്പോലെയായി എന്നു രേഖകൾ പറയുന്നു. അമ്മയിൽ നിന്നു പോലും അടർത്തി മാറ്റി പയ്യനെ അടിമുടി ഇംഗ്ലീഷുകാരനാക്കാനായിരുന്നു സായിപ്പന്മാരുടെ ശ്രമം. അങ്ങനെ സിഖു രാജാവ് മതം പോലും മാറി. പിൽക്കാലത്ത് ബ്രിട്ടീഷ് ദുസ്വാധീനത്തിൽ നിന്നും മുക്തനായ ദുലീപ് സിംഗ്ജി വീണ്ടും സിഖു മതത്തിൽ തിരിച്ചത്തിയത് തുടർ ചരിത്രം. 

പയ്യനെത്തന്നെ ബ്രിട്ടീഷ് രാജസ്ഥാനം തട്ടിയെടുത്ത അക്കാലത്താണ് കോഹിനൂർ കൈമാറ്റവും നടന്നത്. സാമ്രാജ്യത്വത്തിന്റെയും അധീശത്വത്തിൻ്റെയും കരാളത പത്തിവിരിച്ചാടി നിൽക്കുന്പോൾ ആ സമ്മാനിക്കലിനു കൊള്ളയുടെ നിറം തന്നെയാണുള്ളതെന്നു തിരിച്ചറിയാൻ പാഴൂർ പടിപ്പുരയ്ക്കൽ വരെയൊന്നും പോകേണ്ടതില്ല. അതെന്താണു നമ്മുടെ ഭരണകൂടങ്ങൾ മനസിലാക്കാത്തതും അക്കാര്യങ്ങളിലൂന്നി കാര്യങ്ങൾ വാദിക്കാത്തതെന്നും എത്രയാലോചിച്ചിട്ടും മനസിലാകുന്നില്ല. ഇതെല്ലാം ചരിത്രസത്യങ്ങളായിരിക്കെ വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിക്കരുതേയെന്നു ബ്രിട്ടീഷുകാർ പോലും പറയുമെന്നും തോന്നുന്നില്ല. 

You might also like

Most Viewed