മേക്ക് ഇറ്റ് ഹാപ്പൺ...
മറ്റ് പല ദിനങ്ങളെയും പോലെ കലണ്ടറിൽ ചുകപ്പ് പടരാത്ത ദിനമാണ് മാർച്ച് എട്ട്. എന്നാൽ ഈ ദിനം വലിയൊരു ഓർമ്മപ്പെടുത്തലാണ് നമുക്ക് നൽകുന്നത്. മനുഷ്യവർഗത്തിന്റെ നേർപാതിയുടെ ദിനമാണ് ഇന്ന്. വനിതാദിനം. പുരുഷന്റെ കാൽചുവട്ടിൽ അടിച്ചമർത്തപ്പെട്ട സ്ത്രീകൾക്ക് വേണ്ടി ശബ്ദമുയർത്തിയതിന്റെ സ്മരണകളാണ് ഈ ദിനം പങ്ക് വെക്കുന്നത്. അതിൽ ഒരു പാട് കണ്ണുനീരിന്റെയും, സഹനത്തിന്റെയും അനുഭവസാക്ഷ്യങ്ങളുണ്ട്. 1857 മാർച്ച് എട്ടിന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കം കുറിച്ചത്. ഇവിടെ തുണി മില്ലുകളിൽ തൊഴിലെടുത്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ കുറഞ്ഞ ശന്പളത്തിനും ദീർഘസമയ തൊഴിലിനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടി ആദ്യമായി ഉയർത്തിയ ശബ്ദമായിരുന്നു പിന്നീട് ചരിത്രത്തിന്റെ ഭാഗമായത്. ആ പ്രക്ഷോഭം കഴിഞ്ഞിട്ട് നൂറ്റി അന്പത്തിയെട്ട് വർഷങ്ങളായിരിക്കുന്നു. ഇന്നും നമ്മുടെ നാട്ടിൽ തിളങ്ങിനിൽക്കുന്ന സിൽക്കിന്റെ മഞ്ഞളിപ്പ് വാരിതൂകുന്ന തുണിശാലകളിൽ ചുണ്ടത്തൊരു പ്ലാസ്റ്റിക്ക് പുഞ്ചിരിയുമായി കോട്ടൺ സാരിയിൽ പൊതിഞ്ഞ് നമ്മെ കാത്ത് നിൽക്കുന്ന സെയിൽസ് ഗേൾസ് എന്ന ഓമനപേരിൽ ജോലി ചെയ്യുന്ന യുവതികൾ മണിക്കൂറുകളോളം ഒന്നിരിക്കാൻ പോലും സാധിക്കാതെ നിൽക്കുകയാണെന്ന്് ഓർമ്മിപ്പിച്ചുകൊണ്ടാവട്ടെ ഇന്നത്തെ തോന്ന്യാക്ഷരം ആരംഭിക്കുന്നത്.
ഓരോ വനിതാദിനം വരുന്പോഴും നമ്മൾ ഓർക്കാറുള്ളത് ഝാൻസി റാണി മുതൽ സാനിയ മിർസ വരെയുള്ള ലോക പ്രശസ്ത വനിതകളെയാണ്. അവരെ പറ്റിയുള്ള ഓർമ്മകുറിപ്പുകളാണ് ഓരോ ലേഖനവും, ചിന്തകളും പങ്ക് വെക്കുക. ഇവരെ ഓർക്കുന്നതിനോടൊപ്പം തന്നെ നമ്മെ വളർത്തിയ, കൈ പിടിച്ചുയർത്തിയ, സ്നേഹം പങ്ക് വെക്കുന്ന, ഹൃദയത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന വനിതകളെ കൂടി നമ്മൾ ഓർത്തെടുക്കേണ്ടതുണ്ട്. ചിലപ്പോൾ കരിപിടിച്ച അടുക്കളയിൽ ജീവിതം ഹോമിച്ച, കൂലി വേല ചെയ്തും, അന്യന്റെ വീട്ടിലെ അടുക്കളയിൽ പാത്രം കഴുകിയും മക്കളെയും കുടുംബത്തെയും പോറ്റിയ അമ്മരൂപങ്ങളാകാം അത്. തറ മുതൽ പറ വരെയുള്ള അക്ഷരങ്ങൾ നാവിൻ തുന്പിൽ അകമഴിഞ്ഞ സ്നേഹത്തോടെ പകർന്ന് നൽകിയ അധ്യാപികമാരാകാം അത്. കളികൂട്ടുക്കാരിയായ കുഞ്ഞുപെങ്ങളാകാം അത്. മണപ്പം ചുട്ടും ഒരേ ബെഞ്ചിലിരുന്നും പഠിച്ച സഹപാഠിയാകാം അത്. പ്രണയത്തിന്റെ രസം പകർന്നുതന്ന കാമുകിയാകാം അത്. വിവാഹം കഴിച്ചുപോയെന്ന ഒറ്റ കാരണത്താൽ തന്റെ വീടും വീട്ടുക്കാരെയും മനസില്ലാമനസോടെ വിട്ടകന്ന് തന്റെ സ്വതത്തെ പോലും മറന്നു പോകുന്ന പാവം ഭാര്യയാകാം അത്. ഇവരെയൊക്കെ ഓർക്കേണ്ട ദിനമാണ് ഇന്ന്. അവരൊന്നും ഇല്ലെങ്കിൽ തങ്ങളില്ലെന്ന് തിരിച്ചറിയേണ്ട ഒരു ദിനം.
മനുഷ്യൻ ചൊവ്വയിലെത്തി കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്തും നമ്മുടെ ഇടയിൽ ചിലർക്കെങ്കിലും സ്ത്രീയെന്നാൽ എ.ടി.എം മെഷിൻ പോലുള്ള ഒരു ഉപകരണം മാത്രമാണ്. കുട്ടികളെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന മെഷീൻ. തങ്ങൾ ആഗ്രഹിക്കുന്ന ഭക്ഷണം ഉണ്ടാക്കുന്ന അടുകള മെഷീൻ. തങ്ങളുടെ വസ്ത്രങ്ങൾ കഴുകി, ഉണക്കി, ഇസ്തിരിയിട്ട് വെക്കുന്ന യന്ത്രം. താൻ സൃഷ്ടിച്ച് വിടുന്ന മക്കളെ പഠിപ്പിച്ചെടുക്കാൻ ഉപയോഗിക്കുന്ന പഠന സഹായി. തന്റെ കാമം തീർക്കാൻ അടുത്ത് കിടത്തുന്ന ഒരു ശരീരം. ആധുനിക കാലത്തും സ്ത്രീയെ ഇങ്ങിനെ കാണുന്ന ഒരു സമൂഹത്തിൽ ജീവിച്ചുപോകുന്പോൾ സത്യത്തിൽ സങ്കടമുണ്ട്. കഴിഞ്ഞ ദിവസം ഒരു സിനിമ കണ്ടു. ഒരു മോതിരം മാറിയപ്പോൾ പുരുഷൻ സ്ത്രീയും, സ്ത്രീ പുരുഷനുമാകുന്ന സിനിമ. ഇതു പോലെ ഒരു മാറ്റം എല്ലാ സ്ത്രീകൾക്കും, പുരുഷൻമാർക്കുമുണ്ടാകണം എന്നാണ് എന്റെ ആഗ്രഹം. അപ്പോൾ മാത്രമേ ഒരു സ്ത്രീ അനുഭവിക്കുന്ന പ്രയാസങ്ങൾ പുരുഷകേസരികൾ മനസിലാക്കൂ.സൂര്യവെളിച്ചത്തിൽ പോലും തന്റെ ശരീരത്തെകൊത്തിവലിക്കുന്ന കഴുകകണ്ണുകളും, തന്റെ നേർക്ക് നീണ്ടു വരുന്ന കൈകളും ഒക്കെ പ്രായഭേദമന്യേ ഓരോ സ്ത്രീയെയും ഭയപ്പെടുത്തുന്നുണ്ട്. ആ ഭയപ്പാട് എപ്പോഴെങ്കിലും ഓരോ പുരുഷനും മനസിലാക്കണം.
ഇത് പറയുന്പോൾ തന്നെ പലപ്പോഴും സ്ത്രീകളുടെ ശത്രു സ്ത്രീകൾ തന്നെയാണെന്ന കാര്യവും പറയാതിരിക്കാൻ വയ്യ. ശീലിച്ചുവന്ന അടിമത്വം തന്റെ അടുത്ത തലമുറയിലേയ്ക്ക് പകർന്നു കൊടുക്കുന്നതിൽ സ്ത്രീകൾക്ക് വലിയ പങ്കുണ്ട്. അതാണ് നമ്മുടെ വനിതകൾ നിർത്തേണ്ടത്. നിങ്ങൾ വനിത മാത്രമല്ല, മറിച്ച് നിങ്ങൾ ഒരു മനുഷ്യൻ കൂടിയാണെന്ന് തിരിച്ചറിയുക. ഒരു മനുഷ്യന് ലഭിക്കേണ്ട എല്ലാ പരിഗണനകളും അർഹതകളും നിങ്ങൾക്കും ലഭിക്കേണ്ടതുണ്ട്. അത് ആർജ്ജവത്തോടെ ചോദിച്ച്് തന്നെ വാങ്ങുക. അടുത്ത തലമുറയെയും അത്തരത്തിൽ വാർത്തെടുക്കുക. ഇത്തവണത്തെ വനിതാദിനത്തിന്റെ മുദ്രാവാക്യമായ മേക്ക് ഇറ്റ് ഹാപ്പൺ നമുക്കും ഏറ്റ് ചൊല്ലാം, ഒപ്പം എല്ലാവർക്കും സ്നേഹം നിറഞ്ഞ വനിതാദിനാശംസകൾ...