നിർഭയത്വമല്ല, നിറഞ്ഞ ഭയം മാത്രം...
കഴിഞ്ഞ ദിവസം തോന്ന്യാക്ഷരത്തിൽ ഒരു ആഹാര നിരോധനത്തെ പറ്റിയായിരുന്നു എഴുതിയിരുന്നത്. ഇന്ന് വീണ്ടും മറ്റൊരു നിരോധനത്തെ പറ്റിയാണ് എഴുതേണ്ടി വരുന്നത്. ഇതൊക്കെ കാണുന്പോൾ നിരോധനങ്ങളെ പ്രണയിക്കുന്ന ഒരു സമൂഹമായി പതുക്കെ നമ്മൾ ഇന്ത്യക്കാർ മാറുകയാണ് എന്ന് തോന്നുന്നു. ഇത്തവണ ഒരു ഡോക്യുമെന്ററിക്കാണ് നിരോധനം നേരിടേണ്ടി വന്നിരിക്കുന്നത്. ഇന്ത്യാ ഗവൺമെന്റിന്റെ അനുവാദത്തോടു കൂടി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കോർപ്പറേഷൻ പ്രതിനിധികൾ തിഹാർ ജയിലിൽ തടവിലാക്കപ്പെട്ട അതിക്രൂരനായ ഒരു കുറ്റവാളിയുടെ അഭിമുഖം ‘‘ഇന്ത്യയുടെ മകൾ’’ എന്ന് പേരിട്ട് നിർമ്മിച്ച ഡോക്യുമെന്ററിയിലൂടെ പുറത്ത് വിടാൻ ശ്രമിച്ചപ്പോഴാണ് നമ്മുടെ ഗവൺമെന്റ് നിരോധനത്തിന്റെ വാളെടുത്തിരിക്കുന്നത്.
ഒരു ടെലിവിഷൻ ചാനലിന്റെ വക്താക്കൾ ജയിലിൽ വന്ന് ഒരു കുറ്റവാളിയുടെ അഭിമുഖമെടുക്കുന്പോൾ അത് പ്രക്ഷേപണം ചെയ്യാൻ വേണ്ടിയുള്ളതാണെന്ന് അറിയാതെയാണോ നമ്മുടെ ഗവൺമെന്റ് അതിന് അനുമതി കൊടുത്തത് എന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്. തങ്ങളുടെ വീട്ടിൽ കയറി മോഷണം നടത്താനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തതിന് ശേഷം അയ്യോ എന്റെ വീട്ടിൽ കള്ളൻ കയറിയേ എന്ന് അലമുറയിടുന്ന ഒരു സ്ഥിതിവിശേഷമാണിത്. മറ്റൊന്ന് ഇന്നത്തെ കാലത്ത് ഒരു വീഡിയോ ക്ലിപ്പ് എത്രത്തോളമാണ് നിരോധിക്കാൻ സാധിക്കുക എന്ന ചോദ്യമാണ്. നിരോധനം വരുന്നതിന് മുന്പ് തന്നെ ലക്ഷകണക്കിന് പേർ അതു കാണുകയോ കോപ്പി ചെയ്തു വെക്കുകയോ ചെയ്തിരിക്കാം. മാത്രമല്ല നിരോധിച്ച എല്ലാ ആവിഷ്കാരങ്ങളും ലോക വിപണിയിൽ ഏറ്റവുമധികം വിറ്റു പോയ കാര്യങ്ങളായി പിന്നീട് മാറിയിട്ടുണ്ട് എന്നതും യാഥാർത്ഥ്യമാണ്. ഈ ഡോക്യുമെന്ററിയും അത്തരത്തിൽ ഒന്നായി, ഹോട്ട് സെല്ലറായി ഉടനെ മാറും എന്നത് ഉറപ്പ്.
മുകേഷ് സിംഗ് എന്ന ക്രിമിനലുമായി അഭിമുഖം നടത്താൻ സമ്മതിച്ച സ്ഥിതിക്ക് അത് പുറത്ത് വന്നാൽ കുഴപ്പമില്ല എന്ന നിലപാട് ഇന്ത്യ സ്വീകരിച്ചിരുന്നെങ്കിൽ കാര്യങ്ങൾ മറ്റൊരു വഴിക്ക് പോകുമായിരുന്നു. പകരം ഇത് നിരോധിച്ചതിലൂടെ രണ്ട് കാര്യങ്ങളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ഒന്ന് ഇത്തരമൊരു ഡോക്യുമെന്ററിയെ ഇന്ത്യ എന്ന വലിയ രാഷ്ട്രം ഭയക്കുന്നു എന്ന കുറ്റസമ്മതം. മറ്റൊന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷ ഏർപ്പാട് ചെയ്യാൻ പറ്റാത്തതിലുള്ള ഗവൺമെന്റിന്റെ കുറ്റബോധം. ബലാത്സഗം എന്നത് ഇന്ത്യയിൽ മാത്രം നടക്കുന്ന ക്രൂര വിനോദമല്ല. ചായ കുടിക്കുന്നത് പോലെയാണ് അമേരിക്കയിൽ പീഢനങ്ങൾ നടക്കുന്നതെന്ന് നമ്മുടെ സ്വന്തം സഖാവ് മുന്പ് പറഞ്ഞത് ഓർക്കട്ടെ. ബി.ബി.സിയുടെ ആസ്ഥാനമായ ഗ്രേറ്റ് ബ്രിട്ടനിലും ഇത്തരം കുറ്റകൃത്യങ്ങൾ ധാരാളമായി നടക്കുന്നുണ്ട്. അതേസമയം ഇന്ത്യയെ ലോകസമൂഹത്തിന് മുന്പിൽ വക്രീകരിച്ച് കാണിക്കാനുള്ള ഒരു മാധ്യമ ശ്രമമായിരുന്നു ഇന്ത്യയുടെ മകൾ എന്ന ഡോക്യുമെന്ററി എന്ന് മനസിലാക്കി, അതിനെ നിരോധനം എന്ന ഏറ്റവും ചെറിയ കാര്യത്തിലൂടെ മറികടക്കാൻ ശ്രമിക്കാതെ പ്രായോഗികമായി പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളായിരുന്നു നമ്മുടെ ഗവൺമെന്റ് തേടേണ്ടിയിരുന്നത്. കാരണം എന്തിനും നിരോധനം ഏർപ്പെടുത്തുന്പോൾ അത് സ്വന്തം ശക്തി കാണിക്കുന്ന ഏർപ്പാട് മാത്രമല്ല, മറിച്ച് നിശബ്ദമായി തങ്ങളുടെ ദുർബ്ബലത വിളിച്ചോതുന്ന കാര്യം കൂടിയാണ് എന്ന കാര്യം നമ്മൾ ഓർക്കേണ്ടതുണ്ട്.
മുകേഷ് എന്ന മാനസിക നില തെറ്റിയ ക്രിമിനലിന്റെ വാക്കുക്കൾക്കപ്പുറത്ത് മൂന്ന് പെൺകുട്ടികളുടെ പിതാവ് എന്ന നിലയിൽ
എന്നെ ഈ അഭിമുഖത്തിൽ വേദനപ്പിച്ചത് രാത്രി സഞ്ചരിക്കാൻ ഒരിക്കലും ഒരു പെൺകുട്ടി തയ്യാറാകരുതെന്നായിരുന്നു എന്ന പഠിപ്പും വിവരവുമുള്ള അഭിഭാഷകന്റെ പ്രസ്താവനയാണ്. സ്ത്രീയെ ഉപഭോഗവസ്തുവായി കാണുന്ന വൃത്തിക്കെട്ട മനസിന്റെ ഉടമയായ അദ്ദേഹത്തിൽ നിന്ന് ഒരു വ്യത്യാസവും നമ്മുടെ രാജ്യത്തെ ഗവൺമെന്റ് സംവിധാനങ്ങൾക്ക് ഇല്ല എന്നു തെളിയിക്കുന്നതാണ് ഡോക്യുമെന്ററിയുടെ നിരോധനം. സാനിറ്ററി നാപ്കിൻ വാങ്ങിക്കാൻ 120 കോടി ജനതയിൽ കേവലം 15 ശതമാനം സ്ത്രീകൾക്ക് മാത്രം കഴിയുന്ന ഒരു രാജ്യത്ത് ഇപ്പോഴും വാക്കുകളിൽ സ്ത്രീ അമ്മയും, ദേവിയും, അമ്മൂമ്മയുമൊക്കെയാണ്. അങ്ങിനെയുളള രാജ്യത്ത് രണ്ട് വർഷം നല്ല ഭക്ഷണവും കൊടുത്ത് തീറ്റിപോറ്റുന്ന ഒരു മഹാന്റെ അഭിമുഖം വരുന്പോഴേക്കും നാണം കെട്ടുപോകുന്നതാണോ നമ്മുടെ സംസ്കാരം.
ശരിയാണ്, സത്യത്തിൽ ഡൽഹി പെൺകുട്ടിയെ നിർഭയ എന്നല്ലായിരുന്നു വിളിക്കേണ്ടത്, കാരണം ആ പെൺകുട്ടിയെ പറ്റിയുള്ള ചിന്തകൾ പോലും ഇന്ന് സാധാരണ ജനത്തിന്റെ ഉണ്ടാക്കുന്നത് നിർഭയത്വം അല്ല, മറിച്ച് ഭീകരമായ ഭയം മാത്രമാണ്!!
പ്രദീപ് പുറവങ്കര