വേണ്ടത് നവാബ് രാജേന്ദ്രന്മാർ..
വചനം സത്യമാകുന്ന കാലത്ത് ധനമന്ത്രി നരകത്തിൽ പോകുമെന്ന് വന്ദ്യവയോധികനായ പ്രതിപക്ഷ നേതാവ് പറയുന്പോൾ അദ്ദേഹം അന്തിക്രിസ്തുവാണെന്ന് ധനമന്ത്രി തിരിച്ച് ആരോപിക്കുന്നു. ഒരു ജനതയുടെ നിയതി നിശ്ചയിക്കേണ്ട, നിയമനിർമ്മാണം നടക്കേണ്ട ഒരു പൊതുസഭയിൽ ഇതൊക്കെ നടക്കുന്നത് കണ്ടും കേട്ടും നമ്മൾ പൊതുജനം ആദ്യം പൊട്ടിച്ചിരിക്കുന്നു, പിന്നെ സ്വയം വരുത്തിവെയ്ക്കുന്ന ഇത്തരം ഗതികേടുകൾ ഓർത്ത് പൊട്ടികരയുന്നു. പരസ്പരം പോര് നടത്തിയതിന് ശേഷം പ്രതിപക്ഷം അവരുടെ കസേരകളിൽ നിന്ന് ഇറങ്ങി പോയും, ഭരണ പക്ഷം അവിടെ തന്നെ ഉറച്ചിരുന്ന് മറ്റ് ശല്യങ്ങൾ ഒന്നുമില്ലാതെ അവരുടെ ഇംഗിതങ്ങൾ നടപ്പിൽ വരുത്തിയും വിലയേറിയ വോട്ടുക്കൾ നൽകി ജയിപ്പിച്ചു വിട്ട മാന്യമഹാജനത്തിനെ വീണ്ടും ഒരിക്കൽ കൂടി പറ്റിക്കുന്നു.
ഇവിടെ പൊതുജനം മറക്കുന്ന പല കാര്യങ്ങളുമുണ്ട്. ഒരു എംഎൽഎയുടെ ഇപ്പോഴത്തെ ശന്പളം യാത്രചെലവ് അടക്കം 65000 രൂപയോളം വരും. ഇത് കൂടാതെ പ്രതിദിനം ആയിരം രൂപയോളം അലവൻസും ലഭിക്കും. ഇത് കൂടാതെ മറ്റ് പല സൗകര്യങ്ങളും ഇവർക്ക് ലഭിക്കുന്നുമുണ്ട്. ഒരു വർഷം ഭരണ പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ ഒത്തു കൂടുന്നത് കൂടി പോയാൽ അറുപത് ദിവസത്തേക്കാണ്. അപ്പോഴും മിക്ക ദിവസങ്ങളിലും സഭയുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാതെ പ്രതിക്ഷേധിച്ച് ഇറങ്ങി പോകുന്ന പ്രതിപക്ഷവും, കുടുംബയോഗങ്ങളിൽ പങ്കെടുക്കാൻ മുങ്ങുന്ന ഭരണകക്ഷി എംഎൽഎമാരുമാണ് ഇപ്പോൾ നമുക്കുള്ളത്. ഇനി അഥവാ നിയമസഭയിൽ ഉണ്ടെങ്കിൽ തന്നെ ഉറക്കം തൂക്കുന്ന കണ്ണുകളുമായി ആർക്കോ വേണ്ടി ഓക്കാനിക്കുന്ന വെറുതെ ഇരുന്ന് പിത്തം പിടിച്ച കുറേ ജനപ്രതിനിധികളും. സത്യത്തിൽ വർഷം തോറും പ്രത്യേകിച്ച് ഒരു പണിയുമെടുക്കാതെ പത്ത് ലക്ഷത്തോളം രൂപ വരുമാനം ലഭിക്കുന്ന മറ്റേത് തൊഴിലാണ് ഇന്ന് നമ്മുടെ നാട്ടിൽ ഉള്ളത് എന്ന ചോദ്യം ഈ നേരത്ത് ചിന്തനീയമാണ്.
നമ്മുടെ നാട്ടിൽ വേണ്ടത് നവാബ് രാജേന്ദ്രനെ പോലെയുള്ള കുറച്ച് പേരാണ്. പറ്റുമെങ്കിൽ നിയമം പഠിച്ച് വെറുതെ ഇരിക്കുന്ന നല്ല വക്കീലൻമാർ. അവർക്ക് കൊടുക്കേണ്ട ശന്പളം പ്രവാസലോകത്തെ ഏതെങ്കിലും ഒരു സംഘടനയോ, വ്യക്തിയോ ചേർന്ന് നൽകാൻ ഒരുങ്ങുകയാണെങ്കിൽ അത് ഏറ്റവും നല്ലൊരു കാര്യമായി മാറും. ഈ വക്കീലൻമാർ ചെയ്യേണ്ടത് എല്ലാ ദിവസവും ഒന്നോ രണ്ടോ പൊതുതാല്പര്യഹർജ്ജി കോടതിയിൽ കൊടുക്കുക എന്നതാണ്. ഒപ്പം വിവരാവാകാശ നിയമപ്രകാരം മുക്കുന്ന വാർത്തകളുടെ സത്യാവസ്ഥ മനസ്സിലാക്കുവാനും ഇവർ ശ്രമിക്കണം. എല്ലാ ദിവസവും നിരവധി പ്രശ്നങ്ങളിലൂടെയാണ് നമ്മുടെ സംസ്ഥാനം ഇന്ന് കടന്നുപോകുന്നത്. അതിൽ നിയമപാലകരുടെ അരാജകത്വം മുതൽ രാഷ്ട്രീയക്കാരുടെ താൻപ്രമാണിത്തം വരെയുണ്ടാകും. ഇവർ നടത്തുന്ന പ്രവർത്തികൾക്കെതിരെ വേണം കോടതിയെ സമീപിക്കാൻ. ഉദാഹരണത്തിന് റോഡ് ടാർ ചെയ്ത ഉടനെ അത് കുത്തികീറി കേബിൾ വലിക്കുന്ന ടെലിഫോൺ ഡിപ്പാർട്മെന്റ് മേധാവികൾക്കെതിരെ ഒരു കേസ് കൊടുക്കുക. സമയമെടുത്താലും അവരെ കോടതിയിലേയ്ക്ക് വിളിപ്പിക്കും. ഇങ്ങിനെ ഒരു നാല് പ്രാവശ്യം കോടതി കയറി ഇറങ്ങുന്പോൾ അടുത്ത തവണ കേബിൾ ഇടുന്നതിന് മുന്പെ ഒന്നാലോചിക്കും. ആദ്യം സൂചിപ്പിച്ചത് പോലെ നിയമസഭയിൽ ഹാജരാകാത്ത എം.എൽ.എമാരുടെ ശന്പളം കൊടുക്കാതിരിക്കാനുള്ള ഒരു ഹർജ്ജി കോടതിയിൽ കൊടുത്താൽ തീർച്ചയായും അവർക്കും പൊള്ളും. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി ക്രിയാത്മകമായ ചർച്ചകളെ വഴിതിരിച്ചുവിടുന്ന മാധ്യമങ്ങൾക്കെതിരെയും കേസ് കൊടുക്കണം. നിലവിൽ കോടതികൾക്ക് കേസെടുക്കാൻ തന്നെ സമയമില്ലാത്ത നേരത്ത് ഇത് പ്രായോഗികമാണോ എന്ന സംശയം എല്ലാവർക്കുമുണ്ടാകാം. പക്ഷെ ഓരോ തവണയും നമ്മളെല്ലാവരും വോട്ട് ചെയ്ത് ഓരോ മഹാന്മാരെയും വിജയിപ്പിച്ച് എം.എൽ.എയും എംപിയും, മന്ത്രിയുമൊക്കെ ആക്കുന്നത് ഇവരൊക്കെ നമ്മളെ ഉടലോടെ സ്വർഗത്തിലേയ്ക്ക് എത്തിക്കുമെന്ന പ്രതീക്ഷ
യിൽ ആണോ എന്ന മറുചോദ്യം എനിക്കും ചോദിക്കാവുന്നതാണ്.
വാൽകഷ്ണം: കഴിഞ്ഞ ദിവസം നാട്ടിലെ ഒരു ക്വട്ടേഷൻ ഗുണ്ടയുമായി സംസാരിക്കാൻ അവസരം ലഭിച്ചു. ഈ ജോലി അത്ര നല്ലതാണോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഏറെ രസകരമായിരുന്നു. “പോലീസ് രാഷ്ട്രീയക്കാരുടെ ഗുണ്ടകൾ, ഞങ്ങൾ സാധാരണക്കാരന്റെയും... യൂണിഫോം ഇല്ലെന്ന വ്യത്യാസം മാത്രം.”
