ബീഫ് നിരോധനം നടപ്പിലാകുന്പോൾ...
അങ്ങിനെ മഹാരാഷ്ട്രയിലെ മിക്ക പ്രശ്നങ്ങളും ഇന്നലെയോടെ നമ്മുടെ ഗവൺമെന്റ് പരിഹരിച്ചിരിക്കുന്നു. ഗോമാതാവ് കോപിക്കുന്നത് കൊണ്ട് ഇനി മുതൽ പശു, കാള, പശുക്കിടാവ്, കാളക്കിടാവ് തുടങ്ങിയവയെയൊന്നും ഇനി ഇവിടെ കൊല്ലാനാവില്ല. വിലക്ക് മറികടന്ന് ബീഫ് വാങ്ങുകയോ വിൽക്കുകയോ കൈവശം വെയ്ക്കുകയോ ചെയ്താൽ അഞ്ചു വർഷം വരെ തടവുശിക്ഷയും 10,000 രൂപ പിഴയും ലഭിക്കും. നിരോധനങ്ങളുടെ നാടായി നമ്മുടെ സ്വതന്ത്ര ഇന്ത്യ മാറി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ ഒടുവിൽ എത്തിയ തീരുമാനമാണിത്.
ഭക്ഷണം എന്നത് ഒരു ശീലമാണ്. ചൊട്ടയിലെ ശീലം ചുടല വരെ എന്ന ചൊല്ലുള്ളത് പോലെ തന്നെ ചെറുപ്പം മുതൽ ഒരാൾ കഴിച്ച് ശീലിക്കുന്ന ഭക്ഷണം തന്നെയാണ് അവന്റെ പിന്നീടുള്ള പ്രിയപ്പെട്ട ഭക്ഷണ ഇനമായി മാറുന്നത്. ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ഈ ശീലങ്ങളിൽ ചെറിയ ഏറ്റകുറച്ചിലുകൾ സംഭവിച്ചേക്കാം. മാംസാഹാരം ഉപയോഗിച്ച് ശീലിച്ച ഒരാൾക്ക് അത് ഒഴിവാക്കാൻ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ചിലപ്പോൾ അയാളുടെ ശരീരം മറ്റ് ഭക്ഷണങ്ങളോട് അത്രത്തോളം പ്രതിപത്തി കാണിച്ചുവെന്നും വരില്ല. പിന്നെ കാലം കഴിയുന്പോൾ പല മാംസാഹാരികളും സസ്യാഹാരത്തിലേയ്ക്ക് ചുവട് മാറ്റുന്നത് പല കാരണങ്ങൾ കൊണ്ടാണ്. എന്നാൽ എല്ലാവരും അതു പോലെ മാറണമെന്ന് ആർക്കും വാശി പിടിക്കാനും സാധിക്കില്ല. വിശ്വാസത്തിന്റെ ഭാഗമായിട്ടുള്ള ഒരു തീരുമാനം മാത്രമല്ല ഭക്ഷണത്തിലെ മാറ്റം. അത് മനസ്സിന്റെ മാറ്റം കൂടിയാണ്.
ഹൈന്ദവ സംസ്കാരമാണ് ഈ തീരുമാനത്തിന് പ്രചോദനമെന്നാണ് ഇപ്പോഴത്തെ പ്രധാന പ്രചരണം. എന്നാൽ തങ്ങളുടെ പൂർവ്വികരെ തൃപ്തിപ്പെടുത്താനായി ഗോക്കളെ ബലി കഴിക്കണം എന്ന് ആവശ്യപ്പെടുന്ന വേദങ്ങൾ ഹിന്ദു മതത്തിലുണ്ട് എന്ന യാഥാർത്ഥ്യം നില നിൽക്കുന്പോൾ അത്തരം പ്രചരണങ്ങൾക്കുപ്പറത്താണ് ഈ നിരോധനം ഉണ്ടാകാനുള്ള കാരണം എന്നു മനസ്സിലാകും. ഹിന്ദുമതം അതിന്റെ ചരിത്രത്തിൽ എവിടെയും തന്നെ ഒരു വ്യക്തിയുടെയും മുകളിൽ ഒന്നും അടിച്ചേൽപ്പിക്കുന്ന മതമല്ല. ഇതിഹാസമായ രാമായണത്തിൽ പോലും ക്ഷത്രിയനായ ശ്രീരാമനും ലക്ഷ്മണനും കാട്ടിൽ പോയി മൃഗങ്ങളെ വേട്ടയാടിയതിനെ പറ്റി വിവരിക്കുന്നുണ്ട്. ആ മൃഗങ്ങളെ ഭക്ഷിക്കാൻ അല്ലാതെ പിന്നെന്തിനായിരിക്കാം വേട്ടയാടിയതെന്ന ചോദ്യവും ഈ നേരത്ത് പ്രസക്തമാണ്. പുരോഹിത വർഗ്ഗമായ ബ്രാഹ്മണകുല ജാതർ മാത്രമായിരുന്നു സസ്യാഹാരം കഴിച്ചിരുന്നവർ എന്ന് ഇത്തരം കാര്യങ്ങളിലൂടെ മനസ്സിലാക്കാവുന്നതേയുള്ളൂ.
മഹാരാഷ്ട്ര എന്ന സംസ്ഥാനത്തിൽ ബീഫ് നിരോധനത്തിന് രാഷ്ട്രപതി അംഗീകരം നൽകുന്പോൾ, ആ സംസ്ഥാനത്തിന്റെ തലസ്ഥാനവും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മഹാനഗരങ്ങളിലൊന്നുമായ മുംബൈയിലെ റെഡ് സ്ട്രീറ്റിന്റെ (ചുവന്ന തെരുവിന്റെ) കാര്യത്തിൽ ഒരു തീരുമാനമെടുത്തിട്ട് പോരായിരുന്നോ റെഡ് മീറ്റിന്റെ നിരോധനം എന്ന ചോദ്യം ആരെങ്കിലും ചോദിച്ചു പോയാൽ കുറ്റം പറയാൻ സാധിക്കില്ല. മുംബൈ നഗരം ഇന്ത്യൻ സമൂഹത്തിന്റെ ഒരു പരിച്ഛേദമാണ്. അവിടെ മാംസം മാത്രം കഴിച്ച് ശീലിച്ച എത്രയോ മറ്റ് സംസ്ഥാനക്കാർ ഉണ്ടാകും. വിദേശത്ത് നിന്ന് വരുന്ന വിദേശ സഞ്ചാരികൾ ഉണ്ടാകും. മാത്രമല്ല, ഈ ഒരു മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഇരുപത് ലക്ഷത്തിലധികം പേരുണ്ട്. ഇവരെ കൂടി കണക്കിലെടുത്ത് വേണമായിരുന്നു ഇന്ത്യ പോലുള്ള സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ പ്രധാനപ്പെട്ട സംസ്ഥാനമായ മഹാരാഷ്ട്രയിൽ ബീഫ് നിരോധനം എന്ന തീരുമാനമെടുക്കാൻ. കൂടാതെ ആളുകളെ സസ്യാഹാരത്തിലേയ്ക്ക് നയിക്കാനാണ് ഉദ്ദേശമെങ്കിൽ അതിന് വേണ്ടിയുള്ള പ്രചരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതായിരുന്നു നല്ലത്. അല്ലെങ്കിൽ മറ്റേതൊരു നിരോധനവും പോലെ ഇതും പരാജയപ്പെടുമെന്നത് ഉറപ്പാണ്.
വാൽകഷ്ണം: ബീഫ് നിരോധനം വന്നതിന് പിന്നാലെ ഇനി മുംബൈ പോലുള്ള നഗരങ്ങൾ ഉൾപ്പെടുന്ന മഹാരാഷ്ട്രയിൽ പശുവായി ജനിക്കുന്നതാണ് നല്ലതെന്ന് അവിടെ ജീവിക്കുന്ന ഒരു സ്ത്രീ ഫേസ്ബുക്കിൽ എഴുതിയത് വായിച്ചു. ബലാത്സംഗത്തിന് ഇരയാകുന്പോൾ പ്രതികരിക്കാതിരുന്നാൽ സ്ത്രീകളെ ആരും ഉപദ്രവിക്കില്ലെന്ന് പറയുന്ന അഭിനവ മഹായോഗികളുടെ നാടായി ഇന്ത്യ മാറുന്പോൾ ഗോമാതാവായി ജനിക്കുന്നത് തന്നെയാണ് സ്ത്രീകൾക്ക് നല്ലതെന്ന് തോന്നിപോകുന്നു ! അങ്ങിനെയെങ്കിലും അവരെ നമുക്ക് അമ്മയായി വണങ്ങാമല്ലോ!!