സൈക്കിളിൽ നിന്ന് വീണ ചിരി...
19ാം നൂറ്റാണ്ടിൽ മനുഷ്യൻ തന്റെ ഗതാഗത ആവശ്യങ്ങൾക്കായി കണ്ടുപിടിച്ച വാഹനമാണ് സൈക്കിൾ. ഇന്ന് ലോകമെന്പാടുമായി നൂറുകോടിയിൽ അധികം സൈക്കിളുകളാണുള്ളത്. സാധാരണക്കാരന്റെ വാഹനമായിരുന്നു അൽപ്പം വർഷങ്ങൾക്ക് മുന്പ് വരെ ഇത്. മുന്പോട്ട് മാത്രം സഞ്ചരിക്കുന്ന സൈക്കിൾ നമ്മുടെ ഓർമ്മകളെ റിവേഴ്സ് ഗിയറിൽ കൊണ്ടു പോകുന്ന വാഹനമാണ്. ഞരന്പുകൾ പോലെ വളഞ്ഞും പുളഞ്ഞുമുള്ള നാട്ടിൻപുറത്തെ ചെമ്മൺ പാതകളിലൂടെ സൈക്കിൾ ഓടിച്ച് പോകുന്പോൾ ചെയിൻ പൊട്ടുന്നതും അത് നന്നാക്കുന്പോൾ കൈകളിൽ കരിനിറം പടർന്നതുമൊക്കെ ഓർമ്മകളുടെ സൈക്കിൾമണി മുഴക്കി ഇന്നും നമ്മുടെ ഓരോരുത്തരുടേയും മനസ്സുകളിൽ പച്ച പിടിച്ചു നിൽപ്പുണ്ടാകും. നമ്മളിൽ പലരും പരീക്ഷയിൽ മികച്ച വിജയം നേടിയത് തന്നെ ഒരു സൈക്കിൾ മോഹിച്ചിട്ടാണ്. അത് കിട്ടാത്തത് കൊണ്ട് നിരാഹാരം കിടന്നതും, ഒടുവിൽ കയ്യിൽ കിട്ടിയാൽ വലിയ ഗമയോടെ ആനപ്പുറത്ത് ഇരുന്ന് പോകുന്നത് പോലെ അങ്ങാടിതെരുവിൽ നാല് കറക്കം കറങ്ങിയതുമൊക്കെ ഇന്നും ചുണ്ടിൽ പുഞ്ചിരി വിടർത്തുന്ന ഓർമ്മകളാണ്.
ബസോ മറ്റ് വാഹനങ്ങളോ എത്തിപ്പെടാത്ത നാട്ടിൻപുറങ്ങളിൽ പല ആവശ്യങ്ങൾക്കുമായി സൈക്കിളുകൾ തലങ്ങും വിലങ്ങും ഓടിയിരുന്നു. ഓരോ സൈക്കിൾ മുതലാളിയും ഏറേ കരുതലോടെയായിരുന്നു അത് ഓടിച്ചിരുന്നത്. സ്വന്തം കുട്ടിയെ താലോലിക്കുന്ന മനസ്സായിരുന്നു അവർക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടായിരിക്കണം രാത്രിയിൽ പോലും മഴയും, മഞ്ഞും കൊള്ളാത്ത വീട്ടകങ്ങളിലായിരുന്നു ഈ സൈക്കിളുകളെ നമ്മൾ സൂക്ഷിച്ചിരുന്നത്. സൈക്കിൾ ചവിട്ടാൻ അറിയാത്തവർ നമ്മളെ സംബന്ധിച്ചിടത്തോളം അധമനായി നിലകൊണ്ടു. വട്ടത്തിൽ ചവിട്ടിയാൽ നീളത്തിൽ ഓടുന്ന വാഹനത്തെ വളയ്ക്കാനും തിരിക്കാനും പഠിക്കുന്നതിനിടെ എത്രയോ തവണ നമ്മളൊക്കെ വീണു പോയിട്ടുണ്ട്. ആ വീഴ്ച്ചയിൽ കാൽമുട്ട് പൊട്ടിയതും, കൈകളിലെ തോലുരിഞ്ഞ് ചോര പൊടിഞ്ഞതുമൊക്കെ നമ്മുടെ ഉള്ള് കരയിച്ചിട്ടുണ്ടാകുമെങ്കിലും പുറത്ത് നമ്മൾ ഒരു ചിരി ചിരിക്കും, അതിന്റെ പേരായിരുന്നു സൈക്കിളിൽ നിന്ന് വീണ ചിരി. ഇതൊക്കെ കൊണ്ട് തന്നെയാണ് ആദ്യം ഓടിച്ച സൈക്കിളിനോട് തോന്നുന്ന പ്രണയം പിന്നീട് ഒരിക്കലും ഏത്ര വില കൂടിയ വാഹനം വാങ്ങിയാലും മനസ്സിൽ തോന്നാത്തത്.
എന്നാൽ ഇന്ന് കാലം ഏറെ മാറിയിരിക്കുന്നു. ഇന്ന് നമ്മുടെ നാട്ടിൽ സൈക്കിൾ ഓടിക്കുവാൻ താത്പര്യം കാണിക്കുന്നവരിൽ ഭൂരിഭാഗവും പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾ മാത്രമാണ്. മറ്റ് പലതും എന്ന പോലെ ജനിച്ച് വീഴുന്പോഴേ സൈക്കിളൊക്കെ കിട്ടുന്നത് കൊണ്ട് കുട്ടികൾക്കും ഒരു പ്രായം കഴിയുന്പോൾ അതിനോട് മടുപ്പ് തോന്നുന്നത് സ്വാഭാവികം. പതിനഞ്ച് വയസ്സാകുന്പോഴേക്കും ലൈസൻസ് നേടിയില്ലെങ്കിലും മോട്ടോർ സൈക്കിളുകൾ അവർ ഓടിച്ചു തുടങ്ങുന്നു. ലളിത ജീവിതത്തിന്റെ പ്രതീകമായ സൈക്കിൾ അങ്ങിനെ പതിയെ വീട്ടകങ്ങളിൽ നിന്ന് അപ്രത്യക്ഷവുമാകുന്നു. പ്രത്യേക ഷെഡുകൾ പുതിയ വാഹനങ്ങൾക്കായി ഉയരുന്നു.
മോട്ടോർ ബൈക്കുകൾ ഉപയോഗിക്കാൻ തുടങ്ങുന്പോൾ സൈക്കിൾ ഓടിച്ചത് പോലെയുള്ള അനുഭവമല്ല ഉണ്ടാകുന്നത്്. കീശയിലെ കാശ് പതിയെ തീർന്നു തുടങ്ങുന്നത് നമ്മൾ അറിഞ്ഞ് തുടങ്ങും. കാരണം പെട്രോൾ അല്ലെങ്കിൽ ഡീസൽ തുടങ്ങിയ ഊർജ്ജവാഹിനികൾക്ക് പണം നൽകേണ്ടതുണ്ട്. സൈക്കിൾ നൽകിയ സ്വാതന്ത്ര്യം ഈ കാര്യത്തിൽ നമുക്ക് ലഭിക്കില്ല. നമുക്കൊരിക്കലും മനസ്സിലാകാത്ത വലിയ കാര്യങ്ങൾ മാത്രം സംസാരിക്കുന്ന മഹാൻമാരുടെ കൈവശമാണ് അതിന്റെ വില നിർണ്ണയ അവകാശമുള്ളത്. അവർ ആരായാലും അത് കൂട്ടി കൊണ്ടേ ഇരിക്കും. ഇത് കൂടാതെ മോട്ടോർ വാഹനങ്ങൾ മനുഷ്യന്റെ ജീവനും എടുത്തുകൊണ്ടിരിക്കും. സൈക്കിൾ മുട്ടി ആരും മരിച്ചുവെന്ന വാർത്ത ഇതുവരെ നമ്മൾ കേട്ടിട്ടില്ലല്ലോ. കൂടാതെ പരിസര മലിനീകരണവും കൂടും. ബൈക്കിലും കാറിലുമൊക്കെയിരുന്ന് നടുവേദന വരുത്തുന്നവർക്ക് സൈക്കിൾ ഓടിച്ചപ്പോൾ ലഭിച്ചത് സന്പൂർണ ആരോഗ്യമായിരുന്നു എന്നതും ഓർക്കേണ്ട കാര്യം. ഇങ്ങിനെ കീശയും, ആരോഗ്യവും ക്ഷയിപ്പിക്കുന്ന മോട്ടോർ വാഹനങ്ങളുടെ എണ്ണം കുറച്ച് സൈക്കിളുകളിലേയ്ക്ക് മടങ്ങി പോകാൻ നമുക്ക് സാധിക്കണം. അല്ലെങ്കിലും ഘർവാപസിയാണല്ലോ ഇപ്പോഴത്തെ ട്രെൻഡ്...! റോക്കറ്റുപോലെ കുതിച്ചുയരുന്ന പെട്രോൾ വിലയിൽ അന്തം വിടാതെ, വലിയ ശബ്ദവും വിഷപ്പുകയും പുറപ്പെടുവിച്ച് അന്തരീക്ഷത്തെയും പരിസ്ഥിതിയെയും നശിപ്പിക്കാതെ, നമ്മൾ പാവങ്ങൾക്ക് സൈക്കളിൽ പതിയെ സഞ്ചരിക്കാം... ഇടയ്ക്കൊക്കെ നല്ല പാട്ടും പാടാം..!!!