പാവം പാവം രാജകുമാരൻ
ഇന്ന് നമ്മുടെ രാജ്യത്ത് തന്നെ ഏറ്റവുമധികം കളിയാക്കപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവാണ് രാഹുൽഗാന്ധി. ഗൂഗിളിൽ പോയി രാഹുൽ ജോക്സ് എന്ന് ടൈപ്പ് ചെയ്താൽ നിരവധി ഉള്ളതും, ഇല്ലാത്തതുമായ തമാശകൾ അദ്ദേഹത്തെ പറ്റി പ്രചരിക്കുന്നത് മനസ്സിലാകും. പക്ഷേ ഇതൊക്കെ മാറ്റി വെച്ചു കൊണ്ട് അദ്ദേഹത്തെ പറ്റി ഒരു മറുചിന്തയാണ് ഇവിടെ പങ്ക് വെയ്ക്കുന്നത്.
ഇദ്ദേഹത്തെ പറ്റി നിരവധി വിവാദങ്ങൾ മുന്പും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഏറ്റവും പുതുതായിട്ടുള്ള വിവാദം അദ്ദേഹം അവധിയെടുത്തതും പിന്നെ ഉത്തരാഖണ്ഠിൽ വിനോദയാത്രയ്ക്ക് പോയി എന്നുള്ളതുമാണ്. സ്ഥിരം ജോലികളിൽ നിന്ന് അൽപ്പം ചില ദിവസങ്ങളിലേയ്ക്ക് അവധിയെടുക്കുക എന്നത് ഏതൊരു മനുഷ്യന്റെയും അടിസ്ഥാന ആഗ്രഹങ്ങളിൽ ഒന്നാണ്. ഞാനും നിങ്ങളും അത് ചെയ്യാറുണ്ട്. അത് വലിയ തെറ്റായിട്ട് ആരും തന്നെ കണക്കാക്കാറില്ല. ഏത് മനുഷ്യനാണ് അത്തരമൊരു യാത്രയും അവധിയും ആഗ്രഹിക്കാത്തത്. ലോകത്തിന്റെ പല വലിയ രാജ്യങ്ങളിലെയും രാഷ്ട്ര തലവൻമാർ ഇത്തരം അവധിയെടുത്ത് കഴിയാറുണ്ട്. എന്നാൽ രാഹുൽ ഗാന്ധി പാർട്ടി പ്രവർത്തനത്തിൽ നിന്ന് അവധിയെടുത്തത് നമ്മളെ സംബന്ധിച്ചടുത്തോളം മഹാ അപരാധവും കളിയാക്കലിന് വിഷയവുമായിരിക്കുന്നു. ഇവിടെ രാഹുൽ ഗാന്ധി ഒരു പ്രഫഷണൽ ജോലിക്കാരനെ പോലെ അവധിക്കുള്ള അപേക്ഷ കൊടുത്തതാണ് നമ്മെ പ്രകോപിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയനേതാക്കൾക്ക് എന്തിനാണ് ഇത്തരമൊരു അപേക്ഷ എന്നതാണ് നമ്മുടെ ചിന്ത. ഇന്ത്യൻ രാഷ്ടീയത്തിൽ കേട്ടുകേൾവിയില്ലാത്ത ഈ ഒരു നീക്കത്തെ യഥാർത്ഥത്തിൽ അഭിനന്ദിക്കുന്നതിന് പകരം അതിനെ കളിയാക്കാനാണ് പലരും ശ്രമിക്കുന്നത്.
ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ക്ലോക്കായി മാറണം രാഷ്ട്രീയക്കാരൻ. അഥവാ പ്രവർത്തിക്കുന്നില്ലെങ്കിലും അങ്ങിനെ തോന്നുകയെങ്കിലും വേണം. രാഷ്ട്രീയപ്രവർത്തകർ അനുഭവിക്കുന്ന പ്രയാസങ്ങളോ, കുടുംബപ്രശ്നങ്ങളോ, ആരോഗ്യ വിഷയങ്ങളോ സാധരണക്കാർക്ക് വിഷയമല്ല. ഒരു രാഷ്ടീയ നേതാവ് എന്നാൽ നടപ്പിലാക്കാൻ ഒരിക്കലും സാധിക്കാത്ത സ്വപ്നങ്ങൾ തന്റെ വാക്കുകളിലൂടെ വരച്ചിടുന്നവനായിരിക്കണം. അങ്ങിനെയുള്ള സ്വപ്ന വ്യാപാരികളെ വോട്ട് ചെയ്ത് നമ്മൾ അധികാരത്തിലെത്തിക്കും. അതേ സമയം രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന പലർക്കും കാശ് സന്പാദിക്കാനുള്ള ഒരു പ്ലാറ്റ്ഫോം മാത്രമാണ് രാഷ്ട്രീയം. രാഷ്ട്രീയ നേതാക്കൾ ആരോഗ്യം സംരക്ഷിക്കാനാ
യി വിദേശത്തുള്ള ആശുപത്രികളിൽ പോകുന്നത് നമുക്ക് സ്വീകാര്യമായ കാര്യമാണ്. അവർക്ക് സഞ്ചരിക്കാൻ മണിക്കൂറുകളോളം ട്രാഫിക്ക് ലൈനിൽ ക്യൂ നിൽക്കാനും പൊതു ജനം ബാധ്യസ്ഥരാണ്. അതിന്റെയൊക്കെ ചെലവ് വഹിക്കുന്നത് നമ്മൾ കൊടുക്കുന്ന നികുതി പണം ഉപയോഗിച്ചാണ്. എങ്കിലും ഒരു ചായയും കുടിച്ച് പഞ്ചസാര പുരട്ടിയുള്ള പച്ചകള്ളങ്ങൾ അവർ പറയുന്പോൾ നമ്മൾ തൃപ്തരാകുന്നു.
ഇത്തരം ശീലങ്ങളെയാണ് രാഹുൽ ഗാന്ധി തിരുത്താൻ ശ്രമിച്ചിട്ടുള്ളത്. എന്നാൽ അത് മനസ്സിലാക്കാൻ ജനത്തിനോ, മനസ്സിലാക്കി തരാൻ രാഹുൽ ഗാന്ധിക്കോ കഴിവില്ല എന്നതാണ് യാഥാർത്ഥ്യം. ഒരു പ്രൊഫഷണൽ സ്വഭാവത്തിലേയ്ക്ക് നമ്മുടെ രാഷ്്ട്രീയം എത്തരുത് എന്നാണ് ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നത്. രാഹുൽ ഗാന്ധി രാഷ്ട്രീയത്തിലേയ്ക്ക് കടന്നുവന്നതിന്റെ കാരണം അദ്ദേഹത്തിന്റെ കുടുംബപശ്ചാത്തലം ഒന്നു കൊണ്ട് മാത്രമാണ്. അതു കൊണ്ട് തന്നെ അദ്ദേഹത്തെ പറ്റി വ്യത്യസ്ത അഭിപ്രായം നമുക്കൊക്കെ ഉണ്ടാകാം. മാധ്യമങ്ങളെ കയ്യിലെടുക്കാനുള്ള കുരുട്ടുബുദ്ധിയൊന്നും അദ്ദേഹത്തിന് ഇല്ല. ചില പി.ആർ ഏജൻസികൾ അതിന് ശ്രമിച്ചെങ്കിലും അതും ദയനീയമായി പരാജയപ്പെടുകയായിരുന്നു. ലോകസഭ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയപ്പോൾ നടത്തിയ പത്രസമ്മേളനത്തിൽ സോണിയാഗാന്ധിയുടെ തൊട്ടടുത്ത് ചിരിച്ചു കൊണ്ടായിരുന്നു രാഹുൽഗാന്ധി നിന്നിരുന്നത്. പരാജയത്തെ ചിരിച്ചു കൊണ്ട് നേരിട്ട ആ രാഹുലിനെയും മാധ്യമങ്ങൾ കണക്കിന് കളിയാക്കി.
അർണാബ് ഗോസാമിയുമായി നടത്തിയ അഭിമുഖത്തിൽ 1984ലെ സംഘർഷങ്ങളിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ പങ്കാളിത്തം ഉണ്ടായിട്ടുണ്ട് എന്ന് തുറന്നു പറയാനുള്ള ആർജ്ജവം കാണിച്ചതിന് പകരം 2002ലെ ഗുജറാത്ത് കലാപത്തെ പറ്റി ബി.ജെ.പി നേതാക്കൾ പാലിക്കുന്ന മൗനം അദ്ദേഹം പാലിച്ചിരുന്നെങ്കിൽ രാഹുൽ ഗാന്ധിയും ഒരു നല്ല രാഷ്ട്രീയക്കാരനാകുമായിരുന്നു.
ഈ ഒരു സത്യസന്ധമായ പെരുമാറ്റമാണ് രാഹുൽ ഗാന്ധിയെന്ന പാവത്തിനെ ഇന്ത്യൻ രാഷ്ട്രീയം ഏറ്റെടുക്കാത്തതിന്റെ പ്രധാന കാരണം. അത് മനസ്സിലാക്കി സ്ഥിരമായുള്ള അവധിയിലേയ്ക്ക് പ്രവേശിക്കുന്നതാണ് ഇനിയെങ്കിലും രാഹുലിന് നല്ലത്. താങ്കളെ മനസ്സിലാക്കാൻ ഇന്ത്യക്കാരായ ഞങ്ങൾക്ക് പറ്റില്ല സാർ...