കൂടുതൽ ഒന്നും പറയാനില്ല
1910 ഓഗസ്റ്റ് 26 ന് യൂഗോസ്ലോവിയയിലെ സ്കോപ്യെയിൽ ജനിച്ച ആഗ്നസ് ഗോൺഹാബോയക്സ നമ്മുടെ ആരുമല്ല. എന്നാൽ പതിനെട്ടാം വയസ്സിൽ ഇന്ത്യയിലെ കൊൽക്കത്തയിലെ അനാഥ ബാല്യങ്ങളാൽ വീർപ്പുമുട്ടിയ തെരുവുവീഥികളിൽ അവർക്ക് അമ്മയായി മാറിയ മദർ തേരേസ എന്നെ സംബന്ധിച്ചടുത്തോളം ലോകം കണ്ട ഏറ്റവും മഹത്വപൂർണമായ ഒരു മനുഷ്യജന്മമാണ്. സേവനം എന്ന വാക്കിനെ അനശ്വരമാക്കിയവരാണവർ. എന്തിനും പ്രത്യുപകാരം ആഗ്രഹിക്കുന്ന ഒരു കാലഘട്ടത്തിലാണ് മദർ തേരസയുൾപ്പെടെയുള്ളവർ ജീവിച്ചത് എന്നത് സത്യം തന്നെ. എന്നാൽ ആ ഉപകാരം മതങ്ങളിലേയ്ക്കുള്ള മാറ്റം മാത്രമായിരുന്നുവെന്ന ചിന്ത ഏറെ അപകടകരമാണ്. തീർച്ചയായും മിഷനറി പ്രവർത്തനങ്ങൾക്കായി തന്നെയാണ് അവർ ഇന്ത്യയിലെത്തിയത്. അങ്ങിനെയല്ലെന്ന് അവർ ഒരിക്കൽ പോലും പറഞ്ഞിട്ടുമില്ല. പക്ഷെ താൻ ചെയ്ത ഇത്തരം പ്രവർത്തനങ്ങൾക്ക് പുറമേ അവർ പല നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട് എന്ന കാര്യം മറക്കാൻ പാടില്ലാത്തതാണ്. ഒരു പരാമർശം നടത്തുന്പോൾ ഭാരതം അതിന്റെ ഏറ്റവും വലിയ ബഹുമതി കൊടുത്ത് ആദരിച്ച മദർ തെരേസയെ പോലെയൊരാൾ തെരുവീഥികളിൽ നിന്ന് കണ്ടെത്തിയ ദരിദ്രനാരായണൻമാരെയൊക്കെ മതം മാറ്റിയിട്ടുണ്ടോ എന്നെങ്കിലും അന്വേഷിക്കാമായിരുന്നു. ഈ നേരത്ത് മദർ തെരേസ 1986ൽ ഇന്ത്യാ ടുഡെയ്ക്ക് നൽകിയ ഒരു അഭിമുഖം ഒരിക്കൽ കൂടി വായിക്കുന്നത് നല്ലതായിരിക്കും. താഴെ അതിന്റെ വിവരണം നൽകുന്നു.
ചോദ്യം: മതം മാറ്റത്തെ നിങ്ങൾ എങ്ങിനെ കാണുന്നു?
മദർ തേരേസ: സ്നേഹം കൊണ്ട് ഒരു ഹൃദയത്തെ മാറ്റി മറിക്കുന്പോഴാണ് ഒരാളെ പരിവർത്തനം ചെയ്തു എന്നു പറയാൻ സാധിക്കുക. ശക്തി ഉപയോഗിച്ചോ, കൈക്കൂലി കൊടുത്തോ ഒരാളെ പരിവർത്തനം ചെയ്യുന്നത് സത്യത്തിൽ ഏറ്റവും നാണം കെട്ട സംഗതിയാണ്. ഒരു പാത്രം ചോറിന് വേണ്ടി തങ്ങളുടെ വിശ്വാസമോ മതമോ ബലി കഴിക്കേണ്ടി വരുന്നത് ഏറ്റവും വലിയ ഗതികേടാണ്.
ചോദ്യം: ദൈവത്തിന്റെ സാന്നിദ്ധ്യത്തെ കുറിച്ച് എന്താണ് അഭിപ്രായം?
മദർ തേരേസ: ഹൃദയം നിശബ്ദമായിരിക്കുന്പോഴാണ് ദൈവം നമ്മോട് സംസാരിക്കുന്നത്. ശാന്തമായ മനസുമായി ദൈവത്തെ സമീപിച്ചാൽ നമ്മുടെ മനസ്സിലെ എല്ലാ സംശയങ്ങൾക്കും തീർച്ചയായും ഉത്തരം ലഭിക്കും. പ്രാർത്ഥിക്കുന്പോൾ ഏറ്റവും നന്മ നിറഞ്ഞ ഹൃദയമാണ് നമുക്കുണ്ടാകുന്നത്. നന്മയുള്ള ഹൃദയത്തിന് മാത്രമേ ദൈവത്തെ കാണാനും സാധിക്കൂ. നമ്മുടെ ചുറ്റുമുള്ള ഓരോ വ്യക്തിയിലും ദൈവത്തെ കാണാൻ സാധിക്കുന്പോൾ അവരെ നമ്മൾ സ്നേഹിക്കാനും തുടങ്ങുന്നു.
പാവങ്ങളുടെ ഇടയിൽ ഏറ്റവും പാവപ്പെട്ടവളായി ജീവിക്കാൻ എടുത്ത തീരുമാനത്തെ പറ്റി എന്താണ് പറയാനുള്ളത് ?
ഒരു പാവപ്പെട്ടന് അല്ലെങ്കിൽ നിർദ്ധനന് അവന് വേണ്ടി സ്വയം പൊരുതാൻ സാധിക്കും. പക്ഷെ പാവപ്പെട്ടവന്റെയും താഴെ കിടക്കുന്ന ഏറ്റവും ദരിദ്രന് അത് സാധിച്ചെന്ന് വരില്ല. അവന് ഒന്നും തന്നെ നഷ്ടപ്പെടാനില്ല എന്നു മാത്രമല്ല, അവന്റെ കൂടെആരും തന്നെയുണ്ടാകുന്നുമില്ല. വീണുകിടക്കുന്നത് കൊണ്ട് തന്നെ ഇനിയും ഒരു വീഴ്ച്ചയെ പറ്റി അവന് ഭയമുണ്ടാകില്ല. ഇവർക്കാണ് ഏറ്റവുമധികം സ്നേഹം വേണ്ടത്. അതാണ് ഞാൻ നേടുന്നത്.
ചോദ്യം: കാത്തലിക്ക് ചർച്ചിന്റെ നിയമങ്ങളെ പറ്റി എന്താണ് അഭിപ്രായം ?
മദർ തേരേസ: അത്തരമൊരു തോന്നൽ എനിക്കുണ്ടായിട്ടില്ല. ആ തീരുമാനങ്ങളൊക്കെ മാറ്റേണ്ട ആവശ്യമുണ്ടെന്നും തോന്നുന്നില്ല. മാത്രമല്ല എന്റെ ജോലിയിൽ യഥാർത്ഥത്തിൽ ഇതിനൊന്നും തന്നെ വലിയ പ്രസക്തിയുമില്ല. മരണമെത്തുന്ന നേരത്ത് നമ്മൾ പാവപ്പെട്ടവരോട് എന്ത് ചെയ്തു എന്നത് മാത്രമേ വിഷയമാകുന്നുള്ളൂ. ഇതു വരെയുള്ള ജീവിതം അവർക്ക് വേണ്ടിയാണ് ഞാൻ ഉപയോഗിച്ചത്. ഭാവിയിലും അത് അങ്ങിനെ തന്നെയാകണമെന്നാണ് എന്റെ ആഗ്രഹം.
ചോദ്യം: താങ്കളുടെ പ്രവർത്തനങ്ങളെ പറ്റി ?
മദർ തേരേസ: അത് നിങ്ങളല്ലെ പറയേണ്ടത്. കടലിലെ ഒരു തുള്ളി മാത്രമാണ് ഞാൻ. അത്രയും കുറച്ചു മാത്രമേ ഞാൻ ചെയ്യുന്നുള്ളൂ. പക്ഷെ ആ ഒരു തുള്ളി കടലിൽ ഇല്ലെങ്കിൽ കടലിനെ സംബന്ധിച്ച് അത് ഒരു നഷ്ടമായിരിക്കും. റോഡരികിൽ പട്ടിണി കാരണം മരിക്കാൻ തയ്യാറെടുത്തിരുന്ന ഒരു വ്യക്തിയെ ഒരിക്കൽ എനിക്ക് ശുശ്രൂഷിക്കാൻ തോന്നിയത് കൊണ്ട് ഇതു വരെയായി 43,000രത്തോളം പേരെ അത്തരത്തിൽ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടുവരാൻ എനിക്ക് സാധിച്ചു. എന്നെ സംബന്ധിച്ചടുത്തോളം ദാരിദ്ര്യത്തിന്റെ കാരണങ്ങൾ ചികയാനോ, അതിനെ വിലയിരുത്തി റിസേർച്ച് നടത്താനോ ഉള്ള സമയം ഇല്ല. ഇത് തന്നെയാണ് പാവങ്ങളിൽ പാവങ്ങളുടെയും പ്രശ്നം. അവർക്ക് മറ്റൊന്നിനും സമയമില്ല. ഇവിടെ നമുക്ക് വേണ്ടത് പ്രവർത്തനമാണ്, അല്ലാതെ വെറും ചിന്തകൾ മാത്രമല്ല !!