കത്തിതീരില്ല ഈ സൂര്യൻ...
ജീവിതത്തിൽ പലപ്പോഴും ചെയ്യേണ്ട സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാത്തത് കൊണ്ട് പിന്നീട് നഷ്ടബോധം ഉണ്ടാകുന്ന അവസ്ഥ എന്നെപ്പോലെ തന്നെ നമ്മളിൽ പലർക്കും കാണും. അങ്ങിനെയൊരു നഷ്ടബോധമാണ് ഡോ.പി.സി. ഷാനവാസ് എന്ന 36കാരൻ എനിക്ക് ഇപ്പോൾ തന്നുകൊണ്ടിരിക്കുന്നത്. ഇദ്ദേഹം കഴിഞ്ഞ ദിവസം ഇഹലോകം വിട്ടു പോയിരിക്കുന്നു. മുന്പ് ഫേസ്ബുക്കിലൂടെ ഒരു സുഹൃത്ത് ഷാനവാസിന്റെ ഫോൺ നന്പറും, മറ്റ് വിവരങ്ങളും അയച്ചു തന്നിരുന്നു. അദ്ദേഹത്തെ വിളിക്കാനും പറ്റുമെങ്കിൽ ഫോർ പിഎമ്മിലേയ്ക്ക് ഒരു ലേഖനം നൽകുവാനും. ആദ്യം സൂചിപ്പിച്ചത് പോലെ സാധാരണ തിരക്കുകളിൽ പെട്ട് ഷാനവാസിനെ വിളിക്കാനോ ബന്ധപ്പെടാനോ അന്ന് എന്റെ ചെറിയ മനസ് മുതിർന്നില്ല. നമ്മുടെ നാട്ടിൽ സാമൂഹ്യപ്രവർത്തനവും, ജീവകാരുണ്യ പ്രവർത്തനങ്ങളും വലിയ ബിസിനസാണെന്ന് എത്രയോ തവണ ബോധ്യപ്പെട്ട വ്യക്തിയെന്ന നിലയിൽ അങ്ങിനെയെന്തെങ്കിലും പരിപാടിയാണോ ഇദ്ദേഹം നടത്തുന്നത് എന്ന സംശയവും തുടക്കത്തിൽ എന്നെ പിടികൂടിയിരുന്നു. എങ്കിലും ഇടയ്ക്ക് സോഷ്യൽ നെറ്റ് വർക്കുകളിൽ അദ്ദേഹത്തെ പറ്റി വരുന്ന വാർത്തകൾ ഞാൻ കൗതുക പൂർവ്വം വായിക്കുമായിരുന്നു. സന്പത്തിന്റെ ഇടയിൽ നിന്ന് ദാരിദ്ര്യത്തിന്റെ ഇടയിലേയ്ക്ക് കയറി വന്ന ഒരു സാധാരണ സാമൂഹ്യപ്രവർത്തകനായിട്ടാണ് അദ്ദേഹത്തെ നോക്കി കണ്ടത്.
എന്നാൽ കഴിഞ്ഞ ദിവസം ആ ജീവൻ നഷ്ടമായപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്പിൽ ബാഷ്പാഞ്ജലി അർപ്പിക്കാൻ ലോകമെന്പാടുമുള്ള മലയാളികൾ സോഷ്യൽനെറ്റ് വർക്കിംഗ് സൈറ്റുകളിലൂടെ ഒത്തു ചേർന്നപ്പോൾ, നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത് കാരുണ്യത്തിന്റെ വലിയൊരു ആൾരൂപമാണെന്ന് തിരിച്ചറിയുകയാണ് ഞാൻ. അദ്ദേഹം മരണപ്പെട്ടത് അമിത രക്തസമ്മർദ്ദം കാരണമാണെന്ന് വിദഗ്ദ്ധർ പറയുന്പോൾ, അധികാരികളുടെ മാനസിക സമ്മർദ്ദമാണ് അതിന്റെ കാരണമെന്ന് വിളിച്ചുപറയുന്നു അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ.
മലപ്പുറം ജില്ലയിലെ ആദിവാസി മേഖലയിലായിരുന്നു ഷാനവാസ് പ്രവർത്തിച്ചിരുന്നത്. നമ്മുടെ നാട്ടിൽ ആദിവാസികളുടെ പുനരുദ്ധാരണത്തിന് വേണ്ടി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ടെങ്കിലും അതിന്റെ വളരെ ചെറിയൊരംശമാണ് ഈ പാവങ്ങൾക്ക് ലഭിക്കുന്നതെന്ന് പരസ്യമായ രഹസ്യമാണ്. ആരോഗ്യരംഗത്താണ് ഇത് സംബന്ധിച്ച് ഏറ്റവും വലിയ അഴിമതികൾ നടക്കുന്നത്. മരുന്ന് വിൽപ്പനക്കാരാണ് ഇവിടെ തടിച്ചുകൊഴുക്കുന്നത്. സൗജന്യമായി നൽകേണ്ട മരുന്നുകൾക്ക് പോലും കൊള്ളവിലയിട്ട് നൽകുന്ന ഇത്തരം സ്ഥലങ്ങളിൽ സ്വയം ആദിത്യനെന്നും, രഘുരാമനെന്നും വിളിക്കാറുള്ള ഷാനവാസ് എത്തിയപ്പോൾ അദ്ദേഹത്തിന്റെ ഉള്ളിലുള്ള നന്മ പ്രതിഷേധിച്ചു. ആ പ്രതിഷേധം അധികാര വർഗ്ഗത്തിന്റെ കോട്ടകൊത്തളങ്ങളെ വിറപ്പിച്ചപ്പോൾ അവർ പന്ത് തട്ടുന്നത് പോലെ സർക്കാർ ജോലിക്കാരനായ ഷാനവാസിനെ സ്ഥലം മാറ്റി കളിപ്പിച്ചു. സ്ഥലം മാറുന്നതിൽ അല്ല, മറിച്ച് തന്റെ മരുന്നും പ്രതീക്ഷിച്ച് കാത്തുനിൽക്കുന്ന ആദിവാസികളെ ഓർത്താണ് അപ്പോഴും ഷാനവാസിന്റെ ഹൃദയം വേദനിച്ചത്. ജില്ലയിലെ നിർധനരായ 27 കുടുംബങ്ങൾക്കും 15 ആദിവാസി കോളനികളിലേക്കും മുടങ്ങാതെ എല്ലാമാസവും ഷാനവാസ് അവശ്യസാധനങ്ങൾ എത്തിക്കുന്നുണ്ടായിരുന്നു.
അധികൃതരുടെ നിരന്തര പീഡനം മൂലം തനിക്കെന്തെങ്കിലും സംഭവിച്ചാൽ പൂർണ്ണ ഉത്തരവാദിത്തം അധികൃതർക്കുതന്നെയാണ് എന്ന മുന്നറിയിപ്പ് അദ്ദേഹത്തിന്റെ അവസാന സന്ദേശങ്ങളിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ ഉപ്പ് തിന്നവർ വെള്ളം കുടിക്കേണ്ടതുണ്ട്. ഈ മനുഷ്യസ്നേഹി വിടവാങ്ങുന്പോൾ ജീവിതത്തെ പറ്റിയുള്ള ഒരു പഴമൊഴി മാത്രം ഓർമ്മവരുന്നു. എത്ര കാലം ജീവിച്ചുവെന്നല്ല, മറിച്ച് ജീവിച്ച കാലം എന്ത് ചെയ്തു എന്നതാണ് ഒരു മനുഷ്യനെ മഹാനാക്കുന്നത്. ഇവിടെ ഷാനവാസ്, അഥവാ, ഷാനു അല്ലെങ്കിൽ ആദിത്യൻ, അതുമല്ലെങ്കിൽ രഘുരാമൻ, നീ ജീവിക്കും... ഇനിയും ഏറെ കാലം.. ഉറപ്പ്. സ്നേഹം നിറഞ്ഞ വിട, കൂട്ടുക്കാരാ !
വാൽകഷ്ണം: മരണത്തിന് ശേഷം ഷാനവാസ് എന്ന മനുഷ്യനെ വിഭജിച്ചെടുക്കാൻ ചിലരെങ്കിലും ശ്രമിക്കുന്നത് കാണുന്പോൾ ഹാ, കഷ്ടം എന്നല്ലാതെ എന്ത് പറയാൻ !!